അമുസ്ലിം വ്യക്തി നിയമം: എന്തൊക്കെയാണ് മാറ്റങ്ങൾ?
text_fieldsഫെബ്രുവരി ഒന്നുമുതൽ യു.എ.ഇയിൽ മുസ്ലിം ഇതര സമുദായ വിഭാഗത്തിൽപെട്ടവർക്കായി പുതിയ വ്യക്തി നിയമം നടപ്പാക്കിയിരിക്കുകയാണ്. ഓരോ എമിറേറ്റിലും ഈ നിയമം പ്രാബല്യത്തിലായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ പുതിയ നിയമത്തെക്കുറിച്ച് നിയമവിദഗ്ധനായ അഡ്വ. പി.എ. ഹക്കീം ഒറ്റപ്പാലം വിശദീകരിക്കുന്നു
ഫെഡറൽ നിയമം 41.2022; യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് ഒരുപാട് ഗുണപ്രദമായ നിയമനിർമാണമാണ് നിലവിൽ വന്നിരിക്കുന്നത്. നാളിതുവരെ പാലിച്ചു പോന്ന നിയമങ്ങൾ രാജ്യത്തെമ്പാടുമുള്ള പ്രവാസികളായ താമസക്കാരുടെ സൗകര്യാർഥം വലിയൊരു അഴിച്ചുപണിയിലൂടെ വിശാലമനസ്കതയോടെയും ദീർഘവീക്ഷണത്തോടെയുമാണ് പുതിയ നിയമമായി അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ ദൈനംദിന ജീവിതത്തിൽ അത്യന്താപേക്ഷിതമായ വിവാഹം അടക്കമുള്ള വ്യക്തിഗത നിയമ ആശങ്കകൾക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. ഈ നിയമം ഭാഗികമായി 2021 മുതൽ അബൂദബിയിൽ നടപ്പാക്കിയിരുന്നു. എല്ലാ എമിറേറ്റുകളിലും ഇനിമുതൽ നിയമം ബാധകമാകും.
വ്യക്തിഗത നിയമവുമായി ബന്ധപ്പെട്ട വിവാഹം, അനന്തരാവകാശ നടപടികൾ, കുട്ടികളുടെ സംരക്ഷണം, വിവാഹമോചന നടപടിക്രമങ്ങൾ, വിൽപത്രം തുടങ്ങി സുപ്രധാന കാര്യങ്ങളിൽ മാറ്റംവരുത്തിയതോടൊപ്പം സ്ത്രീ-പുരുഷ സമത്വം നിലനിർത്താൻ ഊന്നൽ നൽകിയതും ശ്രദ്ധേയമാണ്. അനന്തരാവകാശ നിയമത്തിലെ മാറ്റത്തോടെ വിദേശത്ത് മരണപ്പെടുന്ന വ്യക്തികളുടെ അവകാശികളുടെ കാര്യത്തിലും ഇത് ബാധകമായിരിക്കും.
ഒറ്റനോട്ടത്തിൽ സാധാരണക്കാരന് ഇതിന്റെ വിശാലത മനസ്സിലാക്കാൻ പാടുപെടുമെങ്കിലും നാട്ടിൽ പോകാതെതന്നെ ഏതു മതസ്ഥർക്കും ലളിതമായ നടപടിക്രമങ്ങളിലൂടെ വിവാഹം എന്ന കർമം നിർവഹിക്കാൻ കഴിയും എന്നതും ഇതിന്റെ പ്രത്യേകതയാണ്.
വിവാഹ മോചനം
നാം എല്ലാം ഇതുവരെ മനസ്സിലാക്കിവെച്ചിരിക്കുന്നതിനേക്കാൾ വ്യാപ്തിയുണ്ട് ഈ നിയമത്തിന്. ശരീഅത്ത് നിയമമല്ലാതെ സ്വന്തം രാജ്യത്തെ നിലവിലുള്ള നിയമം നമുക്ക് ആവശ്യപ്പെടാനും തെരഞ്ഞെടുക്കാനും കഴിയും എന്നത് മാത്രമാണ് പലരും ഈ നിയമത്തെക്കുറിച്ച് നിലവിൽ മനസ്സിലാക്കിയിരിക്കുന്നത്. എന്നാൽ, അതിലേറെ ഉപകാരപ്രദമായ പല നടപടികളും ഈ നിയമത്തിലുണ്ട്.
അബൂദബിയിൽ 2021ൽ നടപ്പാക്കിയ 14-2021 എന്ന നിയമത്തിന്റെ ചുവടുപറ്റിയാണ് പുതിയ ഫെഡറൽ നിയമം. ആദ്യ നിയമത്തിൽ ഏകപക്ഷീയ വിവാഹമോചനം എന്ന ഭാഗത്ത് പറയുന്നത് ഏതൊരു പങ്കാളിക്കും സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ പ്രത്യേകിച്ച് കാരണങ്ങളോ കുറ്റാരോപണങ്ങളോ ഇല്ലാതെ വിവാഹമോചനം ആവശ്യപ്പെടാനും അനുവദിക്കാനും കഴിയുമെന്നതാണ്. അതിനാൽതന്നെ, നമ്മുടെ നാട്ടിലെ നിയമത്തിന് തുല്യമാണിത് എന്ന് പറയാൻ കഴിയില്ല. നമ്മുടെ നാട്ടിൽ ഇപ്പോഴും ഇത്ര വിശാലമായ നിയമം ഇല്ല എന്നതാണ് സത്യം.
വിവാഹ മോചനത്തിന് പരസ്പരം കുറ്റപ്പെടുത്തേണ്ടതില്ല എന്ന് നിയമം പറയുന്നതിനാൽ കോടതികളിലെ നടപടിക്രമങ്ങൾ എളുപ്പത്തിലാകും. എന്നാൽ, ജീവനാംശം ആവശ്യമുള്ളവർക്ക് മറ്റ് കേസുകളുമായി മുേമ്പാട്ട് പോകേണ്ടിവരും. ജീവനാംശം നൽകുന്നതിന്റെ നടപടിക്രമങ്ങളും നിയമത്തിൽ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. .
പിന്തുടർച്ചാവകാശം
വിൽപത്രത്തെക്കുറിച്ച് വളരെ വ്യക്തമായി പറയുന്നുണ്ട്. നിലവിൽ രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ആസ്തികളും സ്വത്തുക്കളും ഉള്ള ഏതൊരു താമസക്കാരനും വിൽപത്രം എഴുതി രജിസ്റ്റർ ചെയ്യാം. വിൽപത്രം എഴുതാതെ മരണപ്പെടുന്നവരുടെ കുടുംബത്തിന്റെ അനന്തരാവകാശത്തിന്റെ കാര്യം വരുമ്പോൾ ഭാര്യക്ക് പകുതി സ്വത്തും ബാക്കി പകുതി കുട്ടികൾക്കും തുല്യമായി വീതിക്കുന്നതായിരിക്കും. എന്നാൽ, കുട്ടികൾ ഇല്ലാത്തവരാണ് മരണപ്പെട്ടതെങ്കിൽ ആ വ്യക്തിയുടെ രക്ഷിതാക്കൾക്ക് തുല്യമായി അത് വീതിക്കും. രക്ഷിതാക്കളും ഇല്ലാത്തവരാണ് മരണപ്പെട്ടതെങ്കിൽ അവരുടെ സഹോദരങ്ങൾക്ക് തുല്യമായി ലഭിക്കുന്നതായിരിക്കും. എന്നാൽ, വിൽപത്രം രജിസ്റ്റർ ചെയ്ത വ്യക്തിയുടെ കാര്യത്തിൽ അനന്തരാവകാശികൾക്ക് വിൽപത്രം അനുസരിച്ച് സ്വത്ത് വിഭജനം നടപ്പാക്കാൻ അപേക്ഷ സമർപ്പിക്കാം..
സ്ത്രീപുരുഷ സമത്വം
സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യാവകാശം നൽകുന്നതാണ് നിയമം. കോടതി നടപടികളിൽ പലരും കേൾക്കുന്ന കാര്യമാണ് സ്ത്രീ-പുരുഷ സാക്ഷികൾ എന്നത്. ഒരു പുരുഷന് രണ്ട് സ്ത്രീ സാക്ഷികൾ എന്നതായിരുന്നു കേട്ടിരുന്നത്. ഇനിമുതൽ സാക്ഷികളുടെ കാര്യത്തിൽ ഒരു പുരുഷൻ-രണ്ട് സ്ത്രീ എന്നത് മാറി ഒരു പുരുഷന് തുല്യമായി മറ്റൊരു സ്ത്രീ എന്നാകും. അല്ലെങ്കിൽ രണ്ടുപുരുഷന് തുല്യമായി രണ്ട് സ്ത്രീകൾ എന്ന നിലയിലും സാക്ഷികളെ നിർണയിക്കാം.
സ്വത്ത് വിഭജനത്തിൽ സ്ത്രീകൾക്കും പുരുഷനും തുല്യ അവകാശമാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിവാഹമോചനം നടത്താനുള്ള അവകാശം സ്ത്രീക്കും പുരുഷനും ഒരുമിച്ചും ഏകപക്ഷീയമായും ആവശ്യപ്പെടാം. കുട്ടികളുടെ സംരക്ഷണ വിഷയത്തിലും 18 വയസ്സുവരെ സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉണ്ടായിരിക്കും എന്നതാണ്. 18 വയസ്സിനുശേഷം കുട്ടികൾക്ക് രക്ഷിതാക്കളെ തെരഞ്ഞെടുക്കാം. ഈ നിയമം ബാധകമാക്കണമെങ്കിൽ പ്രത്യേകം കോടതിയിൽ ആവശ്യപ്പെടേണ്ടതുണ്ട്. അല്ലാത്തപക്ഷം നിലവിലെ നിയമം പിന്തുടരുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ലക്ഷ്യങ്ങൾ
• വ്യക്തിത്വ തർക്കങ്ങൾ പരിഹരിക്കുന്നതിന് അനുയോജ്യമായ ജുഡീഷ്യൽ സംവിധാനം ഉറപ്പുവരുത്തുക
•അന്താരാഷ്ട്രതലത്തിൽ യു.എ.ഇയുടെ പദവിയും മത്സരശേഷിയും ഉയർത്തുക
• വിദേശികളായ താമസക്കാരുടെ അവകാശങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ സംരക്ഷിക്കുക
• മാതാപിതാക്കൾ വിവാഹമോചനത്തിലൂടെ വേർപിരിയുമ്പോൾ കുട്ടികളുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കപ്പെടുക
• വിവാഹമോചനവുമായി ബന്ധപ്പെട്ടും ശേഷവും ഉണ്ടാവുന്ന തർക്കങ്ങളും വഴക്കുകളും നിയന്ത്രിക്കുക
ഗുണകരമായ മാറ്റങ്ങൾ
ഏതൊരു പുതിയ നിർമാണം ഉണ്ടായാലും അതിന്റെ നടപ്പാക്കലുമായി ബന്ധപ്പെട്ട് കൂടുതൽ ഗുണകരമായ തീരുമാനങ്ങളും ചെറിയ മാറ്റങ്ങളും വരാൻ സാധ്യതയുണ്ട്. ഈ വിപ്ലവകരമായ നിയമം നടപ്പാക്കുന്നതിന് പ്രത്യേക സെക്ഷനുകൾ കോടതികളിൽ വരുത്താനും സാധ്യതയുണ്ട്.
പ്രവാസികളായ നമ്മുടെ താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ വേണ്ടി നടപ്പാക്കുന്ന ഈ നിയമത്തിന്റെ വ്യത്യസ്ത ഗുണഫലങ്ങൾ വരുംനാളുകളിൽ അനുഭവിച്ചറിയാം. ഒരാൾ പ്രത്യേകം ആവശ്യപ്പെട്ടാൽ മാത്രമേ ഈ നിയമം അയാൾക്കുവേണ്ടി കോടതി ഉപയോഗപ്പെടുത്തുകയുള്ളൂ.
യു.എ.ഇയിലെ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും നിലനിർത്തിത്തന്നെ അതിഥികളായ പ്രവാസികളെ അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും നിലനിർത്തി സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ സാഹചര്യമൊരുക്കുന്നതാണ് നിയമഭേദഗതി.
ലോകത്തെമ്പാടുമുള്ള പ്രവാസികൾക്ക് സന്തോഷത്തോടെയും സംതൃപ്തിയോടെയും നിർഭയത്തോടെയും ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച നാടാണ് യു.എ.ഇ എന്ന് ഒരിക്കൽകൂടി ഓർമിപ്പിക്കുകയാണ് ഈ രാജ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.