ദുബൈയിലെ എണ്ണയിതര വ്യാപാരം വളർച്ചയിൽ
text_fieldsദുബൈ: എമിറേറ്റിലെ എണ്ണയിതര വ്യാപാരമേഖല ശക്തമായ വളർച്ചയുടെ പാതയിൽ. കഴിഞ്ഞ 10 മാസത്തിലെ ഏറ്റവും മികച്ച മുന്നേറ്റമാണ് ജൂണിൽ രേഖപ്പെടുത്തിയത്. കൂടുതൽ വിൽപനയും പുതിയ ആവശ്യക്കാരും വന്നതോടെ വളർച്ച അതിവേഗത്തിലായെന്ന് സ്വകാര്യ മേഖലയിലെ പ്രതിമാസ നിലവാര സൂചികയിലാണ് വിലയിരുത്തിയത്. എസ് ആൻഡ് പി ഗ്ലോബൽ പർചേസിങ് മാനേജേഴ്സ് സൂചികയിൽ ജൂണിൽ 56.9 ആണ് രേഖപ്പെടുത്തിയത്. മേയിൽ 55.3 ആയിരുന്നതാണ് വർധിച്ചത്.
പ്രധാനമായും നിർമാണം, മൊത്തവ്യാപാരം, ചെറുകിട വ്യാപാരം, യാത്ര, വിനോദസഞ്ചാരം എന്നീ രംഗങ്ങളിലാണ് മികച്ച പ്രകടനം കാണിക്കുന്നത്. ബിസിനസ് രംഗത്ത് ഉണർവുണ്ടായതോടെ കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നതായി സർവേകളിൽ വ്യക്തമാകുന്നു.ദുബൈയുടെ സാമ്പത്തികരംഗം 2022ലെ ആദ്യ ഒമ്പതു മാസങ്ങളിൽ 4.6 ശതമാനം എന്ന നിലയിലാണ് വളർച്ച രേഖപ്പെടുത്തിയത്. ഈ ഘട്ടത്തിൽ മൊത്ത വ്യാപാരവും ചെറുകിട വ്യാപാരവുമാണ് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 24.1 ശതമാനം നേടിയെടുത്തത്.
യാത്രാമേഖലയിലും ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2023ലെ ആദ്യ പാദത്തിൽ യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പത്തെ നിലയിലേക്ക് 95.6 ശതമാനം എത്തിയിട്ടുണ്ട്. ഈ വർഷം ആദ്യ മൂന്ന് മാസത്തിൽ മാത്രം 2.12 കോടി യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. ഇത് 2022നെ അപേക്ഷിച്ച് 55.8 ശതമാനം വളർച്ചയായിരുന്നു രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.