എണ്ണയിതര വ്യാപാരം: ജി20 രാജ്യങ്ങളുമായുള്ള ബന്ധം കരുത്താർജിക്കുന്നു- വിദേശകാര്യ മന്ത്രി
text_fieldsദുബൈ: ജി20 രാജ്യങ്ങളും യു.എ.ഇയും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ കരുത്താർജിക്കുകയാണെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി. കഴിഞ്ഞ വർഷം മാത്രം ജി20 രാജ്യങ്ങളുമായി നടന്നത് 34,100 കോടിയുടെ എണ്ണയിതര വ്യാപാരം. ആഗോള തലത്തിൽ യു.എ.ഇ നടത്തുന്ന ആകെ എണ്ണയിതര വ്യാപാരത്തിന്റെ 55 ശതമാനം വരുമിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിൽ എത്തിയതായിരുന്നു വിദേശകാര്യ സഹമന്ത്രി. 2021നെ അപേക്ഷിച്ച് ജി20 രാജ്യങ്ങളുമായുള്ള എണ്ണയിതര വ്യാപാരത്തിൽ രേഖപ്പെടുത്തിയത് 21 ശതമാനത്തിന്റെ വർധനവാണ്. 2020നെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് ജി20 രാജ്യങ്ങളെന്നും കഴിഞ്ഞ വർഷം 43 ശതമാനത്തിന്റെ എണ്ണയിതര വ്യാപാരം നടന്നത് ഈ രാജ്യങ്ങളുമായാണെന്നും മന്ത്രി പറഞ്ഞു.
പുനർ കയറ്റുമതിയുടെ 39 ശതമാനവും ഇറക്കുമതിയുടെ 69 ശതമാനവും ജി20 രാജ്യങ്ങളുമായിട്ടായിരുന്നു. 2023ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ജി20 രാജ്യങ്ങളുമായുള്ള എണ്ണയിതര വ്യാപാരത്തിൽ 10.6 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 23.4 ശതകോടി ഡോളറിന്റെ വ്യാപാരമാണ് ഈ രാജ്യങ്ങളുമായി നടന്നത്. ഈ കാലയളവിൽ പുനർകയറ്റുമതി 14 ശതമാനം വർധിച്ച് 38 ശതകോടി ഡോളറിലെത്തി. ഇറക്കുമതി 15.2 ശതമാനം വർധിച്ച് 120.5 ശതകോടി ഡോളറായി. വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര, നിക്ഷേപങ്ങൾ ആരംഭിക്കുന്നതിൽ യു.എ.ഇയുടെ പ്രതിബദ്ധതയുടെ തെളിവാണ് വ്യാപാര രംഗത്തെ ഈ വളർച്ച സൂചിപ്പിക്കുന്നത്. ആഗോള സമ്പദ്വ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്ന രാജ്യമെന്ന നിലയിൽ ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളുമായും വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ യു.എ.ഇ തുടരുകയാണ്. അതിനുള്ള തെളിവാണ് ജി 20യിലേക്കുള്ള ക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.