നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ് മാസാചരണം ആരംഭിച്ചു
text_fieldsദുബൈ: കേരള പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡ് സേവനങ്ങളെ സംബന്ധിക്കുന്ന പ്രചാരണത്തിനായി പ്രത്യേക മാസാചരണം സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെയാണ് പരിപാടി. പ്രവാസികൾക്കായി നടപ്പാക്കിവരുന്ന പ്രവാസി ഐ.ഡി, സ്റ്റുഡന്റ്സ് ഐ.ഡി, എന്‍.ആര്.കെ ഇന്‍ഷുറന്‍സ്, നോര്‍ക്ക പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഐ.ഡി കാർഡ് എടുത്തവര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് നോർക്ക സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. ലോകത്തെമ്പാടുമുള്ള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും ഐ.ഡി കാർഡ് സേവനങ്ങൾ സഹായകരമാണ്.
വിദേശത്ത് ആറു മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18നും 70നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം.
വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർഥികൾക്ക് സ്റ്റുഡന്റ്സ് ഐ.ഡി കാർഡ് ലഭിക്കും. ആറു മാസമോ അതിൽ കൂടുതലോ വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന സാധുതയുള്ള വിസ, പാസ്പോർട്ട് എന്നിവയുള്ള പ്രവാസികൾക്ക് നോര്‍ക്ക പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസിക്ക് അപേക്ഷിക്കാം. മേൽ സേവനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.
നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴി പ്രസ്തുത സേവനങ്ങള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കാള്‍ സര്‍വിസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് ഹെഡ് ഓഫിസ് ഐ.ഡി കാർഡ് വിഭാഗം 0471 2770543, 0471 2770528 (പ്രവൃത്തിദിവസങ്ങളില്‍, ഓഫിസ് സമയത്ത്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.