അജ്മാനില്‍ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് തുടക്കം
text_fieldsഅജ്മാൻ: പരിസ്ഥിതി സൗഹൃദ കാമ്പസുകൾക്ക് പേരുകേട്ട ഹാബിറ്റാറ്റ് സ്കൂളുകളുടെ മാതൃസ്ഥാപനമായ എസ് ആൻഡ് ഇസെഡ് ഗ്രൂപ് അജ്മാനിൽ പുതിയ സ്കൂൾ ആരംഭിച്ചു. നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ എന്ന പേരിലാണ് അജ്മാനിലെ ഹമീദിയയിൽ പുതിയ സ്കൂൾ തുറന്നത്. ബ്രിട്ടീഷ് പാഠ്യപദ്ധതി വാഗ്ദാനം ചെയ്യുന്ന സ്കൂളിലേക്ക് 2024 -25 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സെപ്റ്റംബറിൽ ക്ലാസുകൾ ആരംഭിക്കും. 10 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ അജ്മാനിലെ ഏറ്റവും വലിയ കാമ്പസുകളിലൊന്നാണ്.
11എ-സൈഡ് ഫുട്ബാൾ പിച്ച്, ഒളിമ്പിക് വലുപ്പത്തിലുള്ള നീന്തൽക്കുളം, അത്യാധുനിക സൗകര്യമുള്ള സ്പെഷലിസ്റ്റ് മുറികള്‍ എന്നിവ ഉൾപ്പെടുന്നതാണ് കാമ്പസ്. പരമ്പരാഗത ബ്രിട്ടീഷ് വിദ്യാഭ്യാസ മൂല്യങ്ങളോടൊപ്പം നൂതന അധ്യാപന രീതികളും അത്യാധുനിക സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് എസ് ആൻഡ് ഇസെഡ് ഗ്രൂപ് ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു. വിദ്യാർഥികളുടെ ഭാവനയെ വളര്‍ത്തുന്ന സമഗ്രമായ പാഠ്യേതര പരിപാടി വാഗ്ദാനം ചെയ്ത് സാമൂഹികവും വൈകാരികവുമായ വികസനത്തിൽ സ്കൂൾ ശ്രദ്ധ കേന്ദ്രീകരിക്കും.
കോർണർസ്റ്റോൺസ് എജുക്കേഷൻ-കരിക്കുലം മാസ്ട്രോ, ലേണിങ് ലാഡേഴ്സ്-സ്റ്റുഡന്റ് പ്രോഗ്രസ് ട്രാക്കിങ്, നാഷനൽ കോളജ്-പ്രഫഷനൽ ഡെവലപ്മെന്റ് ഫോർ ടീച്ചേഴ്സ്, യുനീക് വേൾഡ് റോബോട്ടിക്സ് ഫോർ അഡ്വാൻസ്ഡ് റോബോട്ടിക്സ് എജുക്കേഷൻ, ആപ്പിൾ ഡിസ്റ്റിംഗ്വിഷ്ഡ് സ്കൂൾ -സെന്റർ ഓഫ് ലീഡർഷിപ് ആൻഡ് എക്സലൻസ് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു.
ആഗോള വിദ്യാഭ്യാസ സാധ്യതകൾ, പാരിസ്ഥിതിക അവബോധം, പരസ്പര ബന്ധിത സാംസ്കാരിക വളർച്ച, യു.എ.ഇയുടെ ധാർമികതയെയും ചരിത്രത്തെയും കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ വളർത്തുന്ന രീതിയിലാണ് പാഠ്യപദ്ധതി രൂപകൽപന ചെയ്തിരിക്കുന്നതെന്ന് നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ സ്ഥാപക പ്രിൻസിപ്പൽ ഗ്യാരി വില്യംസ് പറഞ്ഞു. കാമ്പസിൽ നടന്ന പ്രൗഢമായ ഉദ്ഘാടനച്ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപകർ, മറ്റു അഭ്യുദയകാംക്ഷികൾ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.