മലയാളികളുടെ മനസ്സിലും ഗൃഹാതുരത്വം നിറക്കും, ഈ നൊസ്റ്റാൾജിക് വില്ലേജ്
text_fieldsഅബൂദബിയിലെത്തുന്നവരെ ഏറ്റവുമധികം ആകർഷിക്കുന്ന ബ്രേക്ക് വാട്ടറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഹെറിറ്റേജ് വില്ലേജ്. മലയാളത്തനിമ നിറഞ്ഞ യു.എ.ഇയുടെ പൈതൃക ഗ്രാമത്തിലെ ഓരോ കാഴ്ചകളും മലയാളികളുടെ മനസിലും ഗൃഹാതുരത്വം നിറക്കും. വികസിത നഗരത്തിെൻറ തിക്കിലും തിരക്കിലും ആഡംബരതയിലും ജീവിക്കുന്നവർക്ക് ഈ പൈതൃക ഗ്രാമത്തിൽ കുറച്ചുനേരം ചുറ്റിക്കറങ്ങിയാൽ ഒട്ടേറെ സ്മരണകൾ അയവിറക്കാം. ഇമാറാത്തികളുടെ പരമ്പരാഗത ജീവിത രീതി നേരിൽ കാണുന്നതിനും അനുഭവിക്കുന്നതിനുമുള്ള പ്രധാന ഇടമാണ് ഈ പൈതൃക ഗ്രാമം.
കരകൗശല തൊഴിലാളികൾ, മെറ്റൽ വർക്ക്, തുണി നെയ്ത്തു രീതി, മൺപാത്രങ്ങളുടെ നിർമ്മിതി, സോപ്പ് നിർമാണം, പരമ്പരാഗത കാർഷിക രീതി, ജലസേചനം എന്നിവ ഈ ഗ്രാമത്തിലെത്തുന്നവർക്ക് വിസ്മയം പകരുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം നമ്മുടെ പരമ്പരാഗതമായ ഒട്ടേറെ ജീവിത കാഴ്ചകളും ജീവിതാനുഭവങ്ങളും ഈ ഹെറിറ്റേജ് വില്ലേജിൽ തനിമയോടെ ആസ്വദിക്കാനാവും. അബൂദബിയിൽ എണ്ണ ഘനനം ആരംഭിക്കുന്നതിനുമുമ്പുള്ള ഇമാറാത്തി ജനതയുടെ ജീവിതത്തിെൻറ നേർക്കാഴ്ചകൾ നൽകുന്ന പൈതൃക ഗ്രാമത്തിലെ മിക്ക കാഴ്ചകളും മൂന്നു പതിറ്റാണ്ടു മുമ്പുള്ള കേരളത്തിലെ തനിപ്പകർപ്പാണെന്നത് മലയാളികൾക്ക് ഈ ഗ്രാമം കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. പഴയ കുടിലുകൾ, മാടങ്ങൾ, ഈന്തപ്പന വീടുകൾ, മരക്കൊമ്പിലെ ഊഞ്ഞാൽ എന്നിവ ഗ്രാമത്തിലെ പാരമ്പര്യ ജീവിതത്തിെൻറ വഴിയടയാളങ്ങളാണ്.
അബൂദബിയിലെ ഒട്ടേറെ മനോഹര കാഴ്ചകളെയും പാർക്കുകളെയും കുറിച്ച് ഇവിടെ അധിവസിക്കുന്ന എല്ലാവർക്കും നന്നായി അറിയാമെങ്കിലും മരുഭൂമിയിലെ ജീവിതരീതിയുടെ പരമ്പരാഗത വശങ്ങൾ അനുഭവിക്കാനുള്ള സൗകര്യമാണ് ഹെറിറ്റേജ് വില്ലേജ് നൽകുന്നത്. എമിറേറ്റുകളുടെയും ജനതയുടെയും സാംസ്‌കാരിക പ്രാധാന്യം അറിയാൻ രാജ്യ തലസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട പൈതൃക സ്ഥലങ്ങളിൽ ഒന്നാണ് ഈ വില്ലേജ്.
പരമ്പരാഗതമായ സൂക്ക് (മാർക്കറ്റ്) വില്ലേജിലെ വേറിട്ട അനുഭവമാണ്. ആടുകൾ, ഒട്ടകങ്ങൾ, അറേബ്യൻ കുതിരകൾ, അതിശയകരമായ ഫാൽക്കൺറി പ്രകടനം, ആദ്യ കാലത്തെ കിണറുകൾ, കൃഷിരീതികൾ, കന്നുകാലി വളർത്തൽ എന്നിവയുടെ പ്രദർശനവും ഇവിടെയെത്തുന്നവർക്ക് പഴമയുടെ കാഴ്ചയാണ്. വനിതാ സന്ദർശകരെ ആകർഷിക്കുന്ന, മൈലാഞ്ചി (മെഹന്തി) ഉപയോഗിച്ച് കൈകൾ അലങ്കരിക്കുന്ന സ്റ്റാളുകളും പൈതൃക ഗ്രാമത്തിലുണ്ട്. ഹെറിറ്റേജ് വില്ലേജിലെ മ്യൂസിയത്തിൽ ഇമാറാത്തി പാരമ്പര്യ ആഭരണങ്ങൾ, ആദ്യകാല ആയുധങ്ങൾ, ചരിത്രപരമായ കൂടാരങ്ങൾ എന്നിവയുമുണ്ട്. ഈന്തപ്പന തോട്ടങ്ങളിൽ പണ്ടു ജലസേചനം നടത്താൻ ഉപയോഗിച്ചിരുന്ന സംവിധാനത്തിെൻറ തനിപ്പകർപ്പ് ഇവിടെയെത്തുന്നവർക്ക് കൗതുകം പകരുന്നു. കേരള ഗ്രാമങ്ങളിൽ കുളത്തിൽ നിന്ന് വെള്ളം കൃഷിയിടങ്ങളിലും തെങ്ങിൻ തോപ്പുകളിലും നനക്കാൻ ഉപയോഗിച്ചിരുന്ന കയ്യാണിയിലൂടെയുള്ള (കൈത്തോട്) ജലസേചനവും പ്രാചീന കാലത്ത് തേക്കൊട്ട വെച്ച് വെള്ളം തേവി വറ്റിച്ചിരുന്നതും ഇവിടെ കാണാം.
ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് പഴയ ഇമാറാത്തി വീടുകൾ തണുപ്പു നൽകിയിരുന്നതിനെ ഓർമിപ്പിക്കുന്ന കാറ്റ് ടവറുകളും പാരമ്പര്യ അടയാളമായി വില്ലേജിലെത്തുന്നവരെ ആകർഷിക്കുന്നു. മരുഭൂമിയിലെ വാസസ്ഥലങ്ങളിൽ കൊടും ചൂടുകാലത്തും ഉന്മേഷദായകമായ വായു സഞ്ചാരത്തിന് പുരാതന വാസസ്ഥലങ്ങളിൽ ഉപയോഗിച്ചിരുന്ന വിൻഡ് ടവർ (ബാർജീൽ) സന്ദർശകർക്ക് കുളിർമയോടെ ആസ്വദിക്കാം. പകൽ ചൂടിലും കാറ്റിെൻറ ദിശ കണക്കിലെടുക്കാതെ കൂളിങ് ടവർ ശുദ്ധവും തണുത്തതുമായ വായുവിനെ പരമ്പരാഗത അറബി വീടുകളിലേക്ക് ആനയിക്കുന്നു.
കൈകൊണ്ട് നിർമ്മിച്ച വാസന സോപ്പുകളും ഉണങ്ങിയ ഔഷധസസ്യങ്ങളും ഹെറിറ്റേജ് വില്ലേജിലെ ചെറിയ സുഗന്ധവ്യഞ്ജന ഷോപ്പിൽ വിൽക്കുന്നു. വെള്ളി ആഭരണങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, ഹാൻഡ്ബാഗുകൾ, മൈലാഞ്ചി എന്നിവയ്ക്കുള്ള സ്റ്റാളുകളും പരമ്പരാഗത സൂക്കുകളിലെത്തുന്നവർക്ക് വിലപേശി വാങ്ങാം. വിനോദ സഞ്ചാരികൾക്ക് യു.എ.ഇ കീചെയിനുകളും ടിഷർട്ടുകളും മറ്റു പ്രാദേശിക ഉൽപന്നങ്ങളും ഇവിടെ കണ്ടെത്താനാവുന്നു. അബൂദബി ഹെറിറ്റേജ് വില്ലേജിനുള്ളിലെ മനോഹരമായ ബീച്ചും അറബിക് ഭക്ഷണത്തിെൻറ രുചിവൈവിധ്യം ആസ്വദിക്കാവുന്ന റെസ്റ്റാറൻറും സന്ദർശകർക്കും സഞ്ചാരികൾക്കും വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.
പ്രവേശനം സൗജന്യം:
അബൂദബി ബ്രേക്ക് വാട്ടറിലെ ഹെറിറ്റേജ് വില്ലേജിൽ സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു മണി വരെയാണ് സന്ദർശന സമയം. വെള്ളിയാഴ്ച വൈകീട്ട് 3.30 മുതൽ രാത്രി ഒമ്പതു വരെയാണ് സന്ദർശനം അനുവദിക്കുക. ഈദ് ആഘോഷ വേളയിലും ദേശീയ ദിനാഘോഷ വേളയിലും മറ്റും ഹെറിറ്റേജ് വില്ലേജിൽ നടക്കുന്ന പ്രത്യേക സാംസ്‌കാരിക പരിപാടികൾക്ക് വ്യത്യസ്ത സമയമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.