ലോക്ക്ഡൗണിലായില്ല, കാരുണ്യവും മനുഷ്യത്വവും
text_fieldsദുബൈ: നാട്ടിൻപുറത്തെ ഉത്സവകാലത്തിനായി നാടൊരുങ്ങുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? നാടും വീടുമെല്ലാം നല്ല നിറങ്ങൾ പൂശി അണിയിച്ചൊരുക്കുന്ന തയാറെടുപ്പിലായിരിക്കും എല്ലാവരും. അക്കാലത്ത് വഴിയിലും പറമ്പിലും റോഡിലുമെല്ലാം വല്ലാത്തൊരു ഉത്സവപ്രതീതി പരക്കും. ഗൾഫ് രാജ്യങ്ങളിൽ റമദാനെത്തുമ്പോഴും ഇതേ അവസ്ഥയാണ്. പ്രതീക്ഷയുടെ നറുദീപങ്ങൾ കൺതുറക്കുന്ന, എല്ലായിടവും ദീപാലംകൃതമായി, എല്ലാ മനസ്സുകളിലും സന്തോഷം നിറയുന്ന കാലം.
എന്നാൽ പതിവ് ഉത്സവപ്രതീതികളെ അപ്പാടെ മായ്ച്ചുകളഞ്ഞാണ് കഴിഞ്ഞതവണ റമദാനെത്തിയത്. കോവിഡ് തീർത്ത വെല്ലുവിളിയിൽ ലോകം കൊട്ടിയടക്കപ്പെട്ടപ്പോൾ, വിലക്കുകളെ തുടർന്ന് വീട്ടിൽ കഴിയാനായിരുന്നു എല്ലാവരുടെയും വിധി. തിരക്ക് നിറഞ്ഞ ദുബൈയിലെ റോഡുകളും മറ്റൊരു മരുഭൂ കാഴ്ച സമ്മാനിച്ച നോമ്പുനാളുകൾ. കടലിരമ്പം പോലെ വാഹനങ്ങൾ ഇരമ്പിയാർത്ത ശൈഖ് സായിദ് റോഡ് പോലും ശ്മശാന മൂകതയിലേക്ക് വഴുതിമാറിയ വല്ലാത്തൊരു കാലം. ഓർക്കുമ്പോൾ തന്നെ സങ്കടം തോന്നുന്ന ആ നാളുകളെ അതിജീവിച്ച്, വീണ്ടും പ്രതീക്ഷയുടെ റമദാനിലെ പുതുവസന്തത്തെ വരവേൽക്കാൻ നമുക്ക് കഴിഞ്ഞിരിക്കുന്നു; പ്രപഞ്ചനാഥന് സ്തുതി. നോമ്പുകാലം തിരക്കിലമരുന്ന എനിക്ക് അധികം ദിവസമൊന്നും വീട്ടിൽ അടച്ചിരിക്കാൻ കഴിഞ്ഞിരുന്നില്ല. അല്ലെങ്കിൽ തുടരെത്തുടരെയെത്തുന്ന ഫോൺകാളുകൾ ഇരിപ്പുറപ്പിച്ചില്ലെന്ന് വേണം പറയാൻ. പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ചകൾ അതിലേറെ ഹൃദയഭേദകമായിരുന്നു. സമൃദ്ധിയോടെ ജീവിച്ചവർ സാമൂഹ്യപ്രവർത്തകരെത്തുന്നതും കാത്തുകിടക്കുന്ന നോവുന്ന കാഴ്ചകൾ. ജോലിയും കൂലിയുമില്ലാതെ മുറികളിൽ നിന്നും പുറത്തായിപ്പോയ യുവാക്കൾ, കോവിഡ് രോഗിയുമായി മുറിയിൽതന്നെ കഴിയേണ്ടിവന്നവർ സഹായത്തിനായി യാചിക്കുന്ന രംഗങ്ങൾ.
തിരിച്ചടികൾക്കൊപ്പം വലിയ തിരിച്ചറിവുകൾ കൂടി നൽകിയതായിരുന്നു ലോക്ക്ഡൗൺ കാലത്ത് കഴിച്ചുകൂട്ടിയ ആ റമദാൻകാലം. സേവനമനസ്കരായ സംഘങ്ങളോടൊപ്പം ചേർന്ന് ഇവരിൽ പലരുടെയും കണ്ണീരൊപ്പാൻ കഴിഞ്ഞുവെന്നതാണ് സന്തോഷം പകരുന്നൊരു കാര്യം.
ഓഫിസ് മുറി വെള്ളക്കുപ്പികളുടെയും ഭക്ഷണസാമഗ്രികളുടെയും സംഭരണകേന്ദ്രമായി മാറിയ ആ നാളുകളിൽ പലയിടത്തുനിന്നും ലഭിച്ച നന്ദി വാക്കുകളേക്കാൾ മഹത്വരമായ മറ്റൊന്നുമില്ലെന്നുതന്നെ വേണം പറയാൻ. ലോകം പൂർണമായും അടച്ചുപൂട്ടി, വിമാനങ്ങളെല്ലാം സർവിസ് നിർത്തിവെച്ച അതേ നോമ്പുകാലത്ത് അങ്ങ് കേരളക്കരയിലെ മൂന്നു പിഞ്ചോമനകളുടെ ജീവൻ രക്ഷിക്കാൻ ഇവിടെ ദുബൈയിലിരുന്ന് കഴിഞ്ഞുവെന്ന കാര്യം മരിക്കുവോളം മറക്കാനാവാത്ത ഓർമയാണ്.
അത്യപൂർവ രോഗവുമായി കഴിയുന്ന കോട്ടയം ജില്ലയിലെ കൃഷ്ണേന്ദു, കാഞ്ഞിരപ്പള്ളിയിലെ വേദിക, പാലായിലെ ആർദ്ര. ഇൗ മൂന്ന് പിഞ്ചുകുട്ടികൾക്ക് ജീവൻരക്ഷ മരുന്ന് എത്തിക്കാൻ എടുത്ത സാഹസവും പരിശ്രമങ്ങളും പറഞ്ഞറിയിക്കാനാവില്ല. നമ്മുടെ ആരുടെയും മിടുക്കല്ല, പടച്ചവെൻറ അപരമായ അനുഗ്രഹത്താൽ കരയും കടലും താണ്ടി ജീവെൻറ വിലയുള്ള ആ മരുന്ന് അങ്ങ് മലയാളക്കരയിലെത്തിയപ്പോൾ അതിനുപിന്നിൽ പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നത് ഇപ്പോഴും മനസ്സ് നിറയുന്നൊരു ഓർമയാണ്. അതെ, കോവിഡ് താണ്ഡവമാടിയ ലോക്ക്ഡൗണിലെ കരുവാളിച്ച ദിവസങ്ങളെ സന്തോഷം നിറയുന്ന ഇൗ ഓർമകൾ കൊണ്ട് മായ്ച്ചുകളയാനാണ് എനിക്ക് ഇഷ്ടം.
വിലക്കിലെ നോവായിരുന്നു ആ നോമ്പ്
നന്മകൾ പൂത്തുലയുന്ന വിശുദ്ധ മാസം, അരികെയെത്തിയ സന്തോഷത്തിലാണ് നാം. ദുരന്തങ്ങൾക്ക് നടുവിലായിരുന്നു കഴിഞ്ഞ റമദാനിലെ നോമ്പുനാളുകൾ. റമദാൻ തമ്പുകളും ഇഫ്താർ സ്നേഹസംഗമങ്ങളും പുലർകാലം വരെയുള്ള കുടുംബസന്ദർശനങ്ങളുമെല്ലാം ഇല്ലാതാക്കിയ നോമ്പുകാലം. ത്യാഗത്തിെൻറയും സഹനത്തിെൻറയും മാത്രമല്ല, അതിജീവനത്തിെൻറ നോമ്പ് കൂടിയായിരുന്നു അത്. ലോകം കൊട്ടിയടക്കപ്പെട്ടതിനെ തുടർന്ന് വീടുകളിൽ വിലക്കിലായിപ്പോയിട്ടും ആത്മവിശ്വാസത്തോടെ ആത്മസമർപ്പണം നടത്തിയ നാളുകൾ. ആ നാളുകളെ കുറിച്ചുള്ള നോവുന്ന ഓർമകൾ ലോകത്തോട് പറയാൻ അവസരമൊരുക്കുകായണ് ഗൾഫ് മാധ്യമം. നോവുന്ന ഓർമകളും അതിനിടെ അതിഥിയെപോലെ കടന്നുവന്ന നുറുങ്ങു സന്തോഷങ്ങളുമെല്ലാം ലോക്ക്ഡൗണിലായില്ല, കാരുണ്യവും മനുഷ്യത്വവുംപങ്കിടാം. നിങ്ങളുടെ നോമ്പോർമകൾ എഴുതി തയാറാക്കി, ഒരു ഫോട്ടോ സഹിതം 0556139093 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യൂ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.