ഇന്ത്യ-യു.എ.ഇ വിമാന സർവിസ് വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് മന്ത്രി
text_fieldsദുബൈ: ഇന്ത്യ-യു.എ.ഇ വിമാന സർവിസ് വർധിപ്പിക്കണമെന്ന യു.എ.ഇയിലെ വിമാനക്കമ്പനികളുടെ ആവശ്യം പരിഗണിക്കാൻ പദ്ധതിയില്ലെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആഴ്ചയിൽ 65,000 സീറ്റുകളാണ് ഇന്ത്യ-യു.എ.ഇ വിമാന സർവിസിലുള്ളത്. 50,000 സീറ്റുകൾകൂടി വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതുസംബന്ധിച്ച് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് എ അഹ്ലി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തെഴുതിയിരുന്നു. കണ്ണൂർ, ഗോവ, അമൃത്സർ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, ഭുവനേശ്വർ, ഗുവാഹതി, പുണെ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവിസ് നടത്താനുള്ള സന്നദ്ധതയാണ് യു.എ.ഇ അറിയിച്ചത്. എന്നാൽ, ഈ നീക്കത്തിനെതിരെ ഇന്ത്യൻ വിമാനക്കമ്പനികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
യാത്രാമേഖലക്കു പുറമെ വ്യാപാര മേഖലക്കും ഗുണംചെയ്യുമെന്ന് കത്തിൽ സൂചിപ്പിച്ചിരുന്നെങ്കിലും ഇന്ത്യൻ വിമാനക്കമ്പനികളുടെ സമ്മർദത്തിനു വഴങ്ങി കേന്ദ്ര സർക്കാർ ഇത് നിഷേധിക്കുകയായിരുന്നു. എമിറേറ്റ്സ്, ൈഫ്ല ദുബൈ ഉൾപ്പെടെയുള്ളവ കൂടുതൽ സർവിസ് നടത്താൻ ഇപ്പോഴും സന്നദ്ധമാണ്. ഇരുരാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ മേധാവികളുടെ യോഗം വിളിച്ച് ഇക്കാര്യത്തിൽ ചർച്ച നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേന്ദ്ര സർക്കാറിന്റെ നിലപാട് ഇന്ത്യൻ വ്യോമയാന മേഖലയെ പിന്നോട്ടടിക്കുമെന്ന് ട്രാവൽ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിച്ചു. കൂടുതൽ വിമാന സർവിസുകൾ അനുവദിക്കുക വഴി ഇന്ത്യൻ വിമാനങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കാൻ കഴിയും. 35 ലക്ഷത്തോളം ഇന്ത്യക്കാർ താമസിക്കുന്ന യു.എ.ഇയിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമാകും.
‘സെപ’ പോലുള്ള പങ്കാളിത്ത കരാർ ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ച സാഹചര്യത്തിൽ യാത്ര, ചരക്ക് എന്നിവയിൽ വൻ കുതിപ്പാണ് ഉണ്ടാകുന്നത്. ഈ സമയത്ത് വിമാന സർവിസ് വർധിപ്പിക്കുന്നത് എല്ലാ മേഖലക്കും ഗുണംചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു. സീസൺ സമയങ്ങളിലെങ്കിലും വിമാന സർവിസ് വർധിപ്പിക്കണമെന്നത് പ്രവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. യു.എ.ഇ വിമാനക്കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടും ഇന്ത്യ മുഖം തിരിച്ചുനിൽക്കുന്നതാണ് ഇപ്പോൾ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.