ശബ്ദവീചികളല്ല, സുന്ദര കലാസൃഷ്ടികൾ
text_fieldsമനുഷ്യമനസ്സുകൾക്ക് സാന്ത്വനം പകരാൻ കഴിവുള്ള വിശുദ്ധ ഗ്രന്ഥമാണ് ഖുർആൻ. അടുക്കുന്നവരെ ചേർത്തുപിടിച്ച് ആകർഷിക്കാനുള്ള കഴിവുണ്ട് കടലോളം അർഥതലങ്ങളുള്ള ഖുർആൻ സൂക്തങ്ങൾക്ക്. ശ്രുതിമധുര പാരായണമാണെങ്കിലോ ഏതു കഠിന ഹൃദവും ആർദ്രമാക്കാൻ അതുമതിയാവും, മനുഷ്യമനസ്സുകൾക്ക് ശാന്തിയും സമാധാനവും പകരുന്ന പരിശുദ്ധ ഖുർആനിെല ശബ്ദവീചികൾ കൊണ്ടു മനസ്സുകളിൽ സമാധാനവും നിറക്കുകയാണ് ആർക്കിടെക്ട് കൂടിയായ സിറിയക്കാരി സാറാ അൽഹർബലി. ഖുർആൻ ശബ്ദവീചികളെ സ്പെക്ട്രോഗ്രാം ആശയം ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങളാക്കി മാറ്റിയാണ് സാറ കാഴ്ചക്കാരുടെ കണ്ണും ഖൽബും സന്തോഷം െകാണ്ടു നിറക്കുന്നത്. ഖുർആൻ ആയത്തുകളുടെ ശബ്ദവീചികൾ ചിത്രങ്ങളാക്കി മാറ്റിയ ആദ്യ കലാകാരി എന്ന ഖ്യാതികൂടി സ്വന്തമാക്കിയിരിക്കുകയാണിവർ.
ആയിരക്കണക്കിന് അർഥവിന്യാസങ്ങളെ ഉൾക്കൊള്ളുന്ന ഖുർആൻ ആയത്തുകൾ പാരായണം ചെയ്യുമ്പോൾ ലഭിക്കുന്ന ശബ്ദതരംഗങ്ങളുടെ കമ്പ്യൂട്ടർ ചിത്രങ്ങളാണ് സാറയുടെ കലാവിഷ്കാരത്തിെൻറ സ്രോതസ്സ്. ശബ്ദതരംഗങ്ങളുടെ ഇൗ മോഡലിനെ സ്റ്റീലിലോ മാർബിളിലോ അതേപടി ചിത്രങ്ങളാക്കി മാറ്റി, വലിയ കാൻവസിലേക്ക് പ്രതിഷ്ഠിച്ചാണ് സ്പെക്ട്രോഗ്രാം രചനകൾ നിർവഹിക്കുന്നത്. മരത്തിലും ഇരുമ്പിലും കല്ലിലുമെല്ലാം ശബ്ദവീചികളെ ചിത്രങ്ങളാക്കി മാറ്റാമെങ്കിലും മാർബിളിൽ ചെയ്യുന്നതിലാണ് താല്പര്യമേറെ. വളരെ സൂക്ഷ്മത ആവശ്യമായതിനാൽ തന്നെ ചെറിയ ചിത്രങ്ങളൊരുക്കാൻ പോലും ദിവസങ്ങളെടുക്കും. ഫാത്വിഹ, അൽബഖറ സൂറത്തിലെ ആയത്തുൽകുർസി, യാസീൻ സൂറത്തിലെ ഏതാനും ആയത്തുകൾ, സൂറത്തുൽ റഹ്മാനിലെ ചില ആയത്തുകൾ എന്നിവ ഉൾപെടെ 60ൽപ്പരം ഖുർആനിക് സ്പെക്ട്രോഗ്രാം ആർടുകളാണ് ഇതിനകം ചെയ്തിരിക്കുന്നത്.
വീടുകളിലും ഓഫീസുകളിലും അലങ്കാരമായി തൂക്കിയിടാൻ ഇവ സ്വന്തമാക്കാനെത്തുന്നവരും ഏറെയാണ്. ദുബൈയിൽ സമാപിച്ച വേൾഡ് ആർട് ദുബൈ എക്സിബിഷനിലെ താരമായിരുന്നു ഈ കലാകാരി. കേട്ടുപരിചയം പോലുമില്ലാത്തൊരു കലാരൂപം നേരിൽ കാണുന്നതിനും സാറായുമായി സംസാരിക്കുന്നതിനും ആർട് നഗരയിലെത്തിയ കാലാകാരന്മാരെല്ലാം തന്നെ തയ്യാറായെന്നതും തെല്ലൊന്നുമല്ല ഇവരെ സന്തോഷിപ്പിക്കുന്നത്.
വാസ്തുവിദ്യയിലും നഗര രൂപകൽപ്പനയിലും വൈവിധ്യമാർന്ന പ്രവർത്തന പരിചയമുള്ള സാറാ, തജ്റിദ് എന്ന ആർട് കമ്പനിയുടെ സ്ഥാപകയാണ്. ഇൻഡസ്ട്രിയൽ ആർട്, മെറ്റേരിയൽ ഫാബ്രിക്കേഷൻ എന്നിവയോട് പ്രത്യേകം താല്പര്യം പുലർത്തുന്നതാണ് താജ്റിദ് ബ്രാൻഡ് എങ്കിൽ അമൂർത്ത കലാശൈലി, ആത്മീയത എന്നിവക്കൊപ്പം സംഭവങ്ങൾ, ആളുകൾ, സമൂഹങ്ങൾ എന്നിവയിലെ അദൃശ്യമായ ദാർശനിക മാനങ്ങളോട് അഭിനിവേശം പുലർത്തുന്ന കലാകാരി. ഖുർആൻ വാക്യങ്ങളുടെ പരമ്പരാഗത അറബിക് കാലിഗ്രാഫി അമൂർത്ത ചിത്രീകരണത്തിെൻറ വലിയൊരു ശേഖരം തന്നെ ഇതിനകം തീർത്ത സാറാ, അറബി-ഇസ്ലാമിക സ്വഭാവം, സംസ്കാരം, നാഗരികത എന്നിവ പ്രതിഫലിപ്പിക്കുന്നതോടൊപ്പം, ഇത്തരത്തിലുള്ള ആത്മീയ കലയെ പുനരുജ്ജീവിപ്പിക്കാനും പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്. ഇവരുടെ ഓരോ കലാസൃഷ്ടികളും ആഴത്തിലുള്ള കഥ പറയുകയും പ്രചോദനാത്മകമായ സന്ദേശം നൽകുകയും ചെയ്യുന്നവയാണ്.
ഒരു കലാരൂപം ആസ്വാദകരെ എങ്ങനെ വ്യത്യസ്തമായി ചിന്തിപ്പിക്കാൻ കാരണമാക്കി മാറ്റാം എന്നതാണ് ഡിസൈനിലെ സാറായുടെ പ്രചോദനം. ദുബൈയിൽ നടന്ന ഒന്നിലധികം എക്സിബിഷനുകളിൽ പങ്കെടുത്ത ഇവരുടെ നിരവധി കലാസൃഷ്ടികൾ വ്യത്യസ്ത മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, മിഡിൽ ഈസ്റ്റിലെ വളർന്നുവരുന്ന കലാകാരന്മാർക്കുള്ള എല്ലിംഗ്ടൺ ആർട്ട് ഫൗണ്ടേഷൻ അവാർഡ്, ആർട്സ് ഓഫ് സിൽക്ക് റോഡ് കോമ്പറ്റീഷൻ എന്നിവയിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.