പ്രാർഥനകളുടെ പകലിരവുകള്‍ക്ക് വിട; ഇനി പെരുന്നാള്‍ തിരക്ക്
text_fieldsറാസല്‍ഖൈമ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി മസ്ജിദില്‍ വ്യാഴാഴ്ച പുലര്‍ച്ച നടന്ന നമസ്കാരം
റാസൽഖൈമ: കാരുണ്യത്തിന്‍റെയും പാപമോചനത്തിന്‍റെയും നരകവിമോചനത്തിന്‍റെയും പകലിരവുകള്‍ക്കു ശേഷം ആഘോഷങ്ങളുടെയും സന്തോഷത്തിന്‍റെയും ആത്മസംതൃപ്തിയുടെയും ഈദുല്‍ഫിത്റിനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസി സമൂഹം. റമദാനിലെ രാത്രി നമസ്കാരത്തിന് പുറമെ അവസാന പത്തില്‍ പുലർകാലയാമങ്ങളില്‍ പള്ളികളില്‍ നടന്ന പ്രത്യേക പ്രാർഥനകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് സംബന്ധിച്ചത്.
പ്രാര്‍ഥനക്കൊപ്പം റമദാനിന്‍റെ തുടക്കത്തിലാരംഭിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈദുല്‍ ഫിത്റിന്‍റെ സുപ്രധാന ഘടകമായ ഫിത്ര്‍ സകാത് അര്‍ഹരായവര്‍ക്ക് എത്തിച്ചുനല്‍കുന്നതോടെ പരിസമാപ്തിയാവും.
വിവിധ ചാരിറ്റി അസോസിയേഷനുകളുടെ സഹകരണത്തോടെ പള്ളികളിലും ടെന്‍റുകളിലും അധികൃതരുടെ മുന്‍കൈയില്‍ നടത്തിവന്ന ഇഫ്താറുകള്‍ക്ക് പുറമെ ചില സ്വകാര്യ ഹോട്ടലുകളും തദ്ദേശീയരും സ്വന്തം നിലയിലും ആയിരങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നുകള്‍ ഒരുക്കിയിരുന്നു. മലയാളി കൂട്ടായ്മകള്‍ ഉള്‍പ്പെടെ വ്യത്യസ്ത അസോസിയേഷനുകളുടെ മുന്‍കൈയില്‍ നടന്ന ഇഫ്താറുകള്‍ സൗഹൃദത്തിന്‍റെ സംഗമവേദിയായപ്പോള്‍ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നടന്ന ഇഫ്താര്‍ വിരുന്നുകള്‍ തൊഴിലാളി സമൂഹത്തിന് സാന്ത്വനമേകി.
സുരക്ഷിതമായ റമദാന്‍ ആചരണത്തിന് ആഭ്യന്തര മന്ത്രാലയം നല്‍കിയ കരുതലും ശ്രദ്ധേയമാണ്. ഈദ് ആഘോഷ ദിനങ്ങളും സുരക്ഷിതമാക്കാനുള്ള തയാറെടുപ്പുകളിലാണ് അധികൃതര്‍.
ഈദ് അവധി ദിനങ്ങളില്‍ ബീച്ചുകള്‍, മലനിരകള്‍, മാളുകള്‍ തുടങ്ങി വിവിധയിടങ്ങളില്‍ പ്രത്യേക പട്രോളിങ് വിഭാഗം പ്രവര്‍ത്തിക്കുമെന്ന് റാക് പൊലീസ് അറിയിച്ചു.
വിനോദസ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ സുരക്ഷ ഉറപ്പാക്കണം. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിർദേശിക്കുന്നു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ നോമ്പുതുറ കഴിഞ്ഞതോടെ പ്രധാന നിരത്തുകളെല്ലാം വാഹന തിരക്കിലമര്‍ന്നു. വിവിധ സ്ഥാപനങ്ങള്‍ റമദാനില്‍ തുടങ്ങിയ ആദായ വില്‍പന ഈദിനോടനുബന്ധിച്ച് കൂടുതല്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

