ഇനി ഷാർജ പൊലീസ് കളഞ്ഞുകിട്ടിയത് വീട്ടിലെത്തിക്കും
text_fieldsഷാർജ: നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തി നിങ്ങളുടെ വീട്ടുപടിക്കലെത്തിക്കാൻ ഒരാളുണ്ടായെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ടോ? നിങ്ങൾ ഷാർജയിലാണ് താമസമെങ്കിൽ ആഗ്രഹിച്ചോളൂ. നിങ്ങളുടെ നഷ്ടപ്പെട്ട സാധനങ്ങളുമായി ഇനി ഷാർജ പൊലീസുണ്ടാവും നിങ്ങളുടെ വീട്ടുപടിക്കൽ. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഷാർജ പൊലീസ് ആവിഷ്‌കരിച്ച പുതിയ പദ്ധതിപ്രകാരമാണ് ഇങ്ങനെയൊരപൂർവ സൗകര്യം നിങ്ങൾക്ക് ലഭിക്കുക.
എമിറേറ്റിലുള്ളവർക്ക് നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തി വീട്ടുവാതിൽക്കലെത്തിക്കാനാണ് പൊലീസ് പദ്ധതിയൊരുക്കിയിരിക്കുന്നത്. സേവനത്തിന്‍റെ ആദ്യഘട്ടം ഇപ്പോൾതന്നെ ആരംഭിച്ചതായി ഡയറക്ടർ കേണൽ യൂസഫ് ബിൻ ഹർമൂൽ അറിയിച്ചു. ഇതുവരെയുള്ള കേസുകളിൽ 97 ശതമാനവും വിജയകരമായി പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
ഒസൂൽ സ്മാർട്ട് ആപ്ലിക്കേഷനായ 'ബുറാഖു'മായി സഹകരിച്ചാണ് ഇത് നടപ്പിൽ വരുത്തുന്നത്. അൽ വാസിത് പൊലീസ് സ്റ്റേഷനിൽ ആദ്യഘട്ടം വിജയകരമായി പരീക്ഷിച്ച ഈ പദ്ധതി ഷാർജയിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കും ഉടൻ വ്യാപിപ്പിക്കും. ബുറാഖ് എന്ന ആപ്ലിക്കേഷൻ വഴി ഉപയോഗപ്രദമായ പല സേവനങ്ങളും പൊതുജനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഇതിനോടകം ലഭ്യമാണ്. ലിമോസിൻ കാർ ബുക്കിങ്ങും സർക്കാറിന്‍റെ വിവിധ വകുപ്പുകൾ തമ്മിലുള്ള രേഖകളുടെ വിനിമയവും ഇതിലൂടെ ചെയ്യാം.
ഷാർജ ഗവൺമെന്‍റുമായി 2020 മുതൽ സഹകരിച്ചു പ്രവർത്തിക്കുന്ന ഏജൻസിയാണ് ഒസൂൽ. ഉപഭോക്താക്കളുടെ സന്തോഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.