ദുബൈ വിമാനത്താവളത്തിൽ ഇനി വിശാലമായി കിടന്നുറങ്ങാം
text_fieldsദുബൈ: ദുബൈ വിമാനത്താവളത്തിൽ വിശാലമായി കിടന്നുറങ്ങാനും വിശ്രമിക്കാനും പുതിയ ലോഞ്ച്. വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്ലീപ് ലോഞ്ചാണ് ഒരുക്കിയിരിക്കുന്നത്. 600 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലോഞ്ചിൽ 46 പേർക്ക് കിടന്നുറങ്ങാൻ കഴിയും. മൂന്നാം നമ്പർ ടെർമിനലിൽ സ്ഥാപിച്ചിരിക്കുന്ന ലോഞ്ച് പണം നൽകി ഉപയോഗിക്കാൻ കഴിയും. ഉറങ്ങിപ്പോകുമെന്ന് പേടിക്കണ്ട, വിമാനത്തിന്‍റെ സമയമാകുമ്പോൾ ജീവനക്കാർ നിങ്ങളെ വിളിച്ചുണർത്തും.
'സ്ലീപ് എൻ ഫ്ലൈ' എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിലൂടെ വിശ്രമിക്കാൻ മാത്രമല്ല, യോഗങ്ങൾ ചേരാനും ജോലിചെയ്യാനുമെല്ലാം കഴിയും. ഡബിൾ ബെഡ്, ബങ്ക് ബെഡ്, ഫാമിലി കാബിൻ, ഫ്ലെക്സി സ്യൂട്ട് പോഡ് എന്നിവ ഇവിടെയുണ്ട്. വിമാനത്തിലെ ഫസ്റ്റ്ക്ലാസ് സൗകര്യങ്ങൾക്ക് സമാനമാണ് ഫ്ലെക്സി സ്യൂട്ട് പോഡ്. ഫാമിലി കാബിനിൽ കുട്ടികൾ അടക്കം ആറ് പേർക്ക് വിശ്രമിക്കാം. രണ്ട് മണിക്കൂർ വിശ്രമത്തിന് 180 ദിർഹം മുതലാണ് നിരക്ക്. കുളിക്കുന്നതിന് 20 ദിർഹം അധികം നൽകണം. ദുബൈയിൽനിന്ന് പുറപ്പെടുന്നതിന്‍റെ ബോർഡിങ് പാസ് കൈയിലുണ്ടായിരിക്കണം. www.sleep-n-fly.com വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തും ലോഞ്ച് ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.