ആണവോർജം മൂന്നിരട്ടിയാക്കും; പ്രഖ്യാപനവുമായി വൻ രാജ്യങ്ങൾ
text_fieldsദുബൈ: ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ (കോപ്28) മൂന്നാംദിനത്തിൽ ആഗോളതാപനം കുറക്കുന്നതിന് നടപടികൾ പ്രഖ്യാപിച്ച് രാജ്യങ്ങളും എണ്ണക്കമ്പനികളും. ലോകത്തെ നാല് ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങൾ സംയുക്തമായി നിലവിലെ ആണവോർജം 2050ഓടെ മൂന്നിരട്ടിയാക്കുമെന്ന് വ്യക്തമാക്കി. കോപ് 28ലെ ലോക കാലാവസ്ഥ പ്രവർത്തന ഉച്ചകോടി സെഷനിലാണ് വൻ രാജ്യങ്ങളുടെ പ്രഖ്യാപനമുണ്ടായത്. ഹരിതഗൃഹ വാതകം പുറന്തള്ളുന്നത് കുറച്ചുകൊണ്ടുവരുന്നതിനും കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുന്നതിനും ആണവോർജം പ്രധാന പങ്കുവഹിക്കമെന്ന് രാജ്യങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
യു.എസ്, ഫ്രാൻസ്, ജപ്പാൻ, യു.കെ, യു.എ.ഇ തുടങ്ങിയ വൻ സമ്പദ്വ്യവസ്ഥകളും ബൾഗേറിയ, കാനഡ, ചെക് റിപ്പബ്ലിക്, ഫിൻലാൻഡ്, ഘാന, ഹംഗറി, ദക്ഷിണ കൊറിയ, മാൾഡോവ, മംഗോളിയ, മൊറോകോ, നെതർലൻഡ്‌സ്, പോളണ്ട്, റൊമാനിയ, സ്ലൊവാക്യ, സ്ലൊവേനിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളുമാണ് തീരുമാനം അറിയിച്ചത്. ആഗോള തലത്തിൽ ആണവോർജത്തിന്‍റെ സാന്നിധ്യം വർധിപ്പിക്കുന്നതിനും രാജ്യങ്ങളുടെ ഊർജ നയത്തിൽ ആണവോർജത്തിന് പ്രധാന്യം ലഭിക്കുന്നത് പ്രോത്സാഹിപ്പിക്കാനും കരാർ പ്രകാരം രാജ്യങ്ങൾ ഒരുമിച്ചുപ്രവർത്തിക്കും.
കാർബൺ പുറന്തള്ളൽ കുറക്കുമെന്ന 50 എണ്ണക്കമ്പനികളുടെ പ്രഖ്യാപനവും ശനിയാഴ്ച ഉച്ചകോടിയിൽ കരഘോഷത്തോടെ സ്വീകരിക്കപ്പെട്ടു. എണ്ണയുൽപാദന രാജ്യങ്ങളായ യു.എ.ഇയും സൗദി അറേബ്യയും ചേർന്നാണ് സുപ്രധാനമായ ഓയിൽ, ഗ്യാസ് ഡീകാർബണൈസേഷൻ ചാർട്ടർ പുറത്തിറക്കിയത്. ചാർട്ടർ കാലാവസ്ഥ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും എണ്ണ, വാതക മേഖലയിൽ വലിയതോതിൽ പ്രതിഫലനം സൃഷ്ടിക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. ലോകത്തെ 40 ശതമാനം എണ്ണയുൽപാദനത്തെ പ്രതിനിധാനംചെയ്യുന്ന കമ്പനികളാണ് ചാർട്ടറിൽ നിലവിൽ ഒപ്പുവെച്ചിട്ടുള്ളത്.
ഒപ്പുവെച്ച കമ്പനികളിൽ 60 ശതമാനവും വിവിധ രാജ്യങ്ങളുടെ ദേശീയ എണ്ണക്കമ്പനികളാണ്.ആദ്യമായാണ് ഇത്രയധികം കമ്പനികൾ ഒരുമിച്ച് കാലാവസ്ഥ നടപടികൾ പ്രഖ്യാപിക്കുന്നതെന്ന സവിശേഷതയുണ്ട്.യു.എ.ഇയുടെ അഡ്നോക്, ബഹ്റൈനിലെ ബാപ്കോ എനർജീസ്, കൊളംബിയയിലെ എകോപെട്രോൾ, പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ, നാഷനൽ ഓയിൽ കമ്പനി ഓഫ് ലിബിയ, ഷെൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനി, പാകിസ്താൻ പെട്രോളിയം ലിമിറ്റഡ് എന്നിവ ഒപ്പുവെച്ചവയിൽ ഉൾപ്പെടും. ഓയിൽ, ഗ്യാസ് ഡീകാർബണൈസേഷൻ ചാർട്ടർ മഹത്തായ മുന്നേറ്റത്തിലേക്കുള്ള ആദ്യ പടിയാണെന്നും മേഖലയിലെ മുഴുവൻ വ്യവസായങ്ങളും ഈ ലക്ഷ്യത്തിലേക്ക് ഉൾപ്പെടേണ്ടതുണ്ടെന്നും കോപ്28 അധ്യക്ഷനായ യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.