ഹോട്ടൽ താമസക്കാരുടെ എണ്ണം; ഒന്നാമതായി ദുബൈ
text_fieldsദുബൈ: ലോകത്തിലെ ഹോട്ടൽ താമസക്കാരുടെ എണ്ണത്തിൽ മുന്നിലെത്തി ദുബൈ നഗരം. കഴിഞ്ഞ വർഷം ലോകത്തിൽ ഏറ്റവും കൂടുതൽ ഹോട്ടൽ ഒക്യുപെൻസി റേറ്റ് ദുബൈയിലാണ്. 73 ശതമാനം. 2021ൽ ഇത് 67 ശതമാനമായിരുന്നു. എക്സ്പോ 2020, ലോകകപ്പ് ഫുട്ബാൾ എന്നിവക്ക് പുറമെ കോവിഡിനുശേഷം ലോകത്തിന്റെ വാതിലുകൾ തുറന്നതാണ് ദുബൈയിലേക്ക് ആളൊഴുകാൻ കാരണം. ദുബൈ സാമ്പത്തിക, വിനോദ സഞ്ചാര വകുപ്പിന്റെ കണക്കനുസരിച്ച് ഓരോ വർഷവും അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ 97 ശതമാനം വർധനവുണ്ടാകുന്നുണ്ട്. കഴിഞ്ഞ വർഷം 14.36 ദശലക്ഷം സന്ദർശകരാണ് ദുബൈയിൽ എത്തിയത്.
ദുബൈ എക്സ്പോ അവസാനിച്ചത് ഈ വർഷമായിരുന്നു. ഈ സമയങ്ങളിൽ ദുബൈയിലെ ഹോട്ടലുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ലോകകപ്പ് ഫുട്ബാൾ നടന്നത് ഖത്തറിലാണെങ്കിലും ദോഹ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ നഗരം ദുബൈയാണ്. ഖത്തറിലേക്ക് ദിവസേന വിമാന ഷട്ടിൽ സർവിസ് ഏർപ്പെടുത്തിയതോടെ സന്ദർശകർ ദിവസവും ഖത്തറിൽ പോയി കളികണ്ട് മടങ്ങുന്ന അവസ്ഥയുണ്ടായി. ഇത് ഹോട്ടൽ മേഖലക്ക് തുണയായി.
ഖത്തറിലേക്കുള്ള റോഡ് മാർഗവും സജീവമായിരുന്നു. ലോകകപ്പിന്റെ പ്രവേശന സംവിധാനമായ ഹയ കാർഡുള്ളവർക്ക് കുറഞ്ഞ നിരക്കിൽ വിസ നൽകിയതോടെ പ്രവാസികൾ അടക്കം ദുബൈയിലേക്ക് ഒഴുകിയെത്തി. ഫാൻ ഫെസ്റ്റും ഫാൻ സോണുകളുമൊരുക്കി കാണികളെ പിടിച്ചുനിർത്താനും ദുബൈക്ക് കഴിഞ്ഞു. കോവിഡിനുശേഷം യാത്രാ നിയന്ത്രണങ്ങളിലുണ്ടായ ഇളവാണ് സന്ദർശകർ ഒഴുകാനുള്ള മറ്റൊരു കാരണം. കോവിഡ് ടെസ്റ്റ് അടക്കമുള്ള നിബന്ധനകളിൽ കഴിഞ്ഞ വർഷം ഇളവ് നൽകിയിരുന്നു. ടൂറിസം കേന്ദ്രങ്ങൾ സജീവമായതും സന്ദർശകരുടെ എണ്ണം വർധിക്കാൻ ഇടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.