ഗസ്സയിലെത്തിയ യു.എ.ഇ വാഹന വ്യൂഹത്തിന്റെ എണ്ണം 100 ആയി
text_fieldsദുബൈ: യുദ്ധത്തിൽ പ്രയാസപ്പെടുന്ന ഗസ്സ നിവാസികൾക്ക് സഹായവുമായി യു.എ.ഇ അയച്ച വാഹന വ്യൂഹത്തിന്റെ എണ്ണം 100ആയി. കഴിഞ്ഞ നവംബറിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ദ ഗാലന്റ് നൈറ്റ് 03 ഓപറേഷന്റെ ഭാഗമായാണ് ദുരിതാശ്വാസ വസ്തുക്കളുമായി വാഹനവ്യൂഹങ്ങൾ ഗസ്സയിലെത്തിയത്.
നവംബർ 24നായിരുന്നു ആദ്യത്തെ സഹായ വസ്തുക്കൾ ദുരന്ത ബാധിതർക്ക് നൽകാനായി ഗസ്സ അതിർത്തി കടന്നത്. യുദ്ധത്തിന്റെ കെടുതിയിൽ ദുരിതത്തിലായ ആയിരക്കണക്കിനാളുകൾക്കാണ് സഹായം പ്രയോജനം ചെയ്തിട്ടുള്ളത്.
മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷണപ്പൊതികൾ, ഈത്തപ്പഴങ്ങൾ, ഷെൽട്ടർ ടെൻറുകൾ, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, വെള്ളം, ബേബി ഫോർമുല, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള പാഴ്സലുകൾ, പുതപ്പുകൾ, റിലീഫ് ബാഗുകൾ, ആംബുലൻസുകൾ, വാട്ടർ ടാങ്കുകൾ, മലിനജല സംവിധാനങ്ങൾ എന്നിവ യു.എ.ഇയുടെ ദുരിതാശ്വാസ സഹായത്തിൽ ഉൾപ്പെടുത്തിയിരുന്നു. ആകെ എത്തിച്ച സഹായ വസ്തുക്കൾ 20,000 ടണ്ണിലധികം വരും.
ഏകദേശം 1,000 ട്രക്കുകളാണ് ഇതിനായി റഫ അതിർത്തി കടന്നിട്ടുള്ളത്. റഫ അധിനിവേശത്തിനുശേഷം 320 ടൺ വസ്തുക്കളുമായി നാല് വാഹനവ്യൂഹങ്ങളാണ് അയച്ചിട്ടുള്ളത്. അതിൽ അഭയാർഥികൾക്ക് താമസിക്കാനുള്ള കൂടാരങ്ങളും ഭക്ഷണപ്പൊതികളും ഉൾപ്പെടും.
ഗസ്സയിലെ തകർന്ന ജലവിതരണ ശൃംഖലയുടെ അടിയന്തര അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ഖാൻ യൂനുസ് നഗരസഭയുമായി യു.എ.ഇ അധികൃതർ ധാരണപത്രത്തിൽ ദിവസങ്ങൾക്കുമുമ്പ് ഒപ്പുവെച്ചിരുന്നു. യുദ്ധത്തിന്റെ തുടക്കകാലം മുതൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫലസ്തീൻ ജനതക്കുവേണ്ടി യു.എ.ഇ ചെയ്തുവരുന്നുണ്ട്. അതാടൊപ്പം രണ്ട് ഫീൽഡ് ഹോസ്പിറ്റലുകൾ സ്ഥാപിച്ചിട്ടുമുണ്ട്.
കൂടാതെ പ്രതിദിനം 1.2 ദശലക്ഷം ഗാലൻ വെള്ളം ഉൽപാദിപ്പിക്കുന്ന ആറ് ഡീസലൈനേഷൻ പ്ലാൻറുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവഴി 600,000ത്തിലധികം ഗസ്സ നിവാസികൾക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. അതോടൊപ്പം അഞ്ച് ഓട്ടോമാറ്റിക് ബേക്കറികളും സ്ഥാപിച്ചിട്ടുണ്ട്. ഗസ്സയിൽ നിലവിലുള്ള എട്ട് ബേക്കറികൾക്ക് മാവ് എത്തിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. ഗസ്സയിൽ നിന്ന് പരിക്കേറ്റവരും കാൻസർ ബാധിതരുമായ ചികിത്സ ആവശ്യമുള്ളവരെ യു.എ.ഇയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.