രണ്ടാഴ്ചക്കിടെ 25,000 കോവിഡ് നിയമലംഘനങ്ങൾ മാസ്ക് ധരിക്കാത്തതാണ് പട്ടികയിൽ ഒന്നാമത്
text_fieldsഅബൂദബി: യു.എ.ഇയിൽ 15 ദിവസത്തിനുള്ളിൽ 25,000 കോവിഡ്-19 പ്രോട്ടോകോൾ ലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ. മാസ്ക് ധരിക്കാത്ത നിയമലംഘനങ്ങളാണ് പട്ടികയിൽ ഒന്നാമതെന്ന് ദേശീയ അടിയന്തര ദുരന്തനിവാരണ സമിതി ഔദ്യോഗിക വക്താവ് ഡോ. സെയ്ഫ് അൽ ദാഹിരി അറിയിച്ചു. വാഹനത്തിനകത്ത് മൂന്നിൽ കൂടുതൽ പേർ യാത്ര ചെയ്ത നിയമലംഘനമാണ് രണ്ടാമത്.
ദുബൈ എമിറേറ്റിലാണ് ഏറ്റവുമധികം നിയമലംഘനം കണ്ടെത്തിയത്. തൊട്ടുപിന്നിൽ അബൂദബി, ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലാണെന്നും അധികൃതർ വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തി. നിയമലംഘകരിൽ മുന്നിൽ ഏഷ്യൻ സ്വദേശികളാണ്. 81 ശതമാനം. അറബികൾ 19 ശതമാനവും നിയമം ലംഘിച്ചു.
കോവിഡ് പോസിറ്റിവ് കേസുകളിൽ 62 ശതമാനം പുരുഷന്മാരിലാണ് കണ്ടെത്തിയത്. ഒരാഴ്ചക്കിടെ രാജ്യത്ത് 6643 കോവിഡ് കേസുകൾ രേഖപ്പെടുത്തി. 58 ശതമാനവും 25നും 44നും ഇടയിൽ പ്രായമുള്ളവരാണ്. മരണനിരക്ക് 0.1 ശതമാനത്തിൽനിന്ന് 0.3 ശതമാനമായി ഉയർന്നു. രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നവരെ കണ്ടെത്തുന്നത് വളരെ പ്രയാസകരമായ ജോലിയാണ്.കോവിഡ് രോഗികളുമായി അടുത്തിടപഴകിയവർക്ക് രോഗലക്ഷണം ഇല്ലെങ്കിലും രണ്ടാഴ്ച ക്വാറൻറീനിൽ കഴിയണമെന്നും യു.എ.ഇ സർക്കാർ വക്താവ് ഡോ. ഉമർ അൽ ഹമ്മാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.