നഴ്സ് മരിയ വിക്ടോറിയ ജുവാൻ -ധീരതയുടെയും സേവനത്തിന്റെയും നക്ഷത്രത്തിളക്കമുള്ള രാജകുമാരി
text_fieldsആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ്സ് 2024 കിരീടം ചൂടിയ ഫിലിപ്പീൻസ് സ്വദേശിയായ നഴ്സ് മരിയ വിക്ടോറിയ ജുവാനായിരുന്നു അന്നത്തെ സായാഹ്നത്തിലെ ശ്രദ്ധാബിന്ദു. ഈ ആദരത്തിൽ അവരെ അർഹരാക്കിയ സ്വന്തം കർമസപര്യക്ക് നാന്ദി കുറിക്കുന്നത് ഫിലിപ്പീൻ സേന ആരോഗ്യ സേവന വിഭാഗം കൺസൾട്ടന്റും ഫിലിപ്പീൻസ് സായുധ സേനയിലെ റിസർവ് സേന കേണലുമായാണ്.
ഫിലിപ്പീൻസ് സേനയിൽ ചീഫ് നഴ്സെന്ന നിലയിൽ ചരിത്രത്തിലാദ്യമായി എ.എഫ്.പിയിൽ ഏറോമെഡിക്കൽ ഒഴിപ്പിക്കൽ സംവിധാനം ആരംഭിക്കുന്ന ഉത്തരവാദിത്തം അവർക്കായിരുന്നു. അത്യാഹിതങ്ങളിൽ വിശിഷ്യാ, സംഘർഷ മേഖലകളിൽ ഏറ്റവുമെളുപ്പത്തിൽ ചികിത്സയെത്തിക്കാനും അതിദ്രുതം ഒഴിപ്പിക്കൽ നടത്താനും സഹായിക്കുന്ന ഈ ജീവൻരക്ഷാ നവദൗത്യം വഴി രോഗികളുടെ അതിജീവന നിരക്ക് ഗണ്യമായി ഉയർത്താൻ അവർക്കായി.
ഏറ്റവും കടുത്ത വെല്ലുവിളികൾക്കിടയിൽ പോലും ആരോഗ്യപരിപാലനത്തിൽ മികവിനായുള്ള നഴ്സ് മരിയയുടെ അശ്രാന്തമായ സമർപണം കുറിക്കുന്നതാണ് അവർ മുൻകൈയെടുത്ത് തുടക്കമായ പദ്ധതികൾ. 54ാം വയസ്സിൽ ചീഫ് നഴ്സായി മുഴുസമയ ഉത്തരവാദിത്തവും ജോലിയും നിലനിർത്തിയായിരുന്നു, കഠിനമായ ഒമ്പതുമാസ ഏറോമെഡിക്കൽ ഒഴിപ്പിക്കൽ പരിശീലന കോഴ്സിന് അവർ ചേരുന്നത്. നയിക്കുന്നത് മുന്നിൽനിന്ന് തന്നെയാകണമെന്ന തന്റെ ഉറച്ച വിശ്വാസം ശരിയെന്ന് തെളിയിച്ച് എമർജൻസി ആംബുലൻസ് കണ്ടക്ഷനിൽ 200 മണിക്കൂറും ക്ലിനിക്കൽ ഉത്തരവാദിത്തങ്ങളിൽ 100 മണിക്കൂറും ഒന്നിച്ച് അവർ വിജയകരമായി പൂർത്തിയാക്കി.
ജലാന്തരങ്ങളിൽനിന്ന് ഹെലികോപ്റ്റർവഴി രക്ഷപ്പെടുത്തലും വിമാനങ്ങളിലെ അടിയന്തര മെഡിക്കൽ സേവനങ്ങളും ഏറ്റെടുക്കുന്നതിന്റെ ഭാഗമായി വിമാനങ്ങളിൽ പറക്കലിനോടും ജലാന്തരങ്ങളിൽ നീന്തലിനോടുമുള്ള തന്റെ പേടിയും അവർ മറികടന്നു. ഒരു മൈൽ ദൂരം കടലിൽ നീന്തൽ, മൂന്നു നാൾ കാട്ടിൽ അതിജീവന കോഴ്സ്, ഹെലികോപ്റ്ററിൽ ജലാന്തര രക്ഷപ്പെടുത്തൽ, വിമാനങ്ങളിലെ അടിയന്തര മെഡിക്കൽ സേവനങ്ങൾ എന്നിവ അടങ്ങുന്നതായിരുന്നു അവർ പൂർത്തിയാക്കിയ പരിശീലനം. പരിസ്ഥിതി ആരോഗ്യ രംഗത്തും അവരുടെ നേതൃത്വത്തിന്റെ കൈയൊപ്പ് പതിഞ്ഞതാണ്. മണ്ണൊലിപ്പും ജലമലിനീകരണവും നേരിടാൻ വെറ്റിവർ പുല്ല് സാങ്കേതികത അവർ സമന്വയിപ്പിച്ചു. അതുവഴി അവശ്യ സമൂഹങ്ങൾക്ക് പ്രയോജനകരമായി. കോവിഡ്-19 മഹാമാരി കാലത്ത് നഴ്സ് മരിയ Endurun Mega Swabbing Centerൽ ചുമതലയേറ്റെടുത്തു.
സൈനികർക്ക് മെഡിക്കൽ സ്വാബ് ശേഖരിക്കുന്നതിൽ പരിശീലനം നൽകുന്നതും ഹെൽത്ത്കെയർ പ്രഫഷനലുകളെ ഏകോപിപ്പിക്കുന്നതുമടക്കം ചുമതലകൾ അവിടെ വഹിച്ചു. അഞ്ചു ലക്ഷം ടെസ്റ്റുകളാണ് സെന്റർ വഴി നടത്തിയത്. ഫിലിപ്പീൻസിൽ മഹാമാരി പ്രതികരണരംഗത്ത് സമാനതകളില്ലാത്ത ചുവടായി ഇത് വേറിട്ടുനിന്നു. പുരസ്കാരം സ്വീകരിച്ചുള്ള പ്രഭാഷണത്തിൽ നഴ്സ് മരിയ വിക്ടോറിയ ജുവാന്റെ വാക്കുകൾ ഇങ്ങനെ: ‘‘ഫിലിപ്പീൻസുകാരിയായ ഒരു സൈനിക നഴ്സ് എന്ന നിലക്ക് സംഘർഷമേഖലകളിലും ദുരന്തബാധിത മേഖലകളിലും അരികുവത്കരിക്കപ്പെട്ടുകിടന്ന സമൂഹങ്ങളിലുമെന്ന വ്യത്യാസമില്ലാതെ ഏവരെയും പരിചരിച്ചും ഗുണപരമായ മാറ്റങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാ വേദികളുടെയും വക്താവായും സേവനത്തോട് വിട്ടുവീഴ്ചയില്ലാത്ത സമർപണം അടയാളപ്പെട്ടതായിരുന്നു എന്റെ യാത്ര.
ഈ അംഗീകാരം എന്റെ ശ്രമങ്ങൾക്ക് മാത്രമുള്ള അംഗീകാരമല്ല. ഞാൻ അഭിമാനപൂർവം സേവനം ചെയ്യുന്ന സൈനികരുടെ ധീരതക്കും ആദരത്തിനും കൂടിയുള്ളതാണ്. എന്നും എപ്പോഴും എനിക്ക് പ്രചോദനമായുള്ള ഫിലിപ്പിനോ ജനതയുടെ ചെറുത്തുനിൽപിനും. ഒപ്പം, ഞാൻ പ്രതിനിധാനം ചെയ്യുന്ന നഴ്സുമാർക്കുള്ള ആദരം കൂടിയാണിത്. വിശ്രമമില്ലാതെ, നിസ്വാർഥമായി, അനുപമമായ സ്ഥൈര്യത്തോടെ സൈനിക, സിവിലിയൻ മേഖലകളിൽ സേവനം ചെയ്യുന്ന അവർ ഇതരരുടെ ജീവൻ രക്ഷിക്കാനും അവരെ സംരക്ഷിക്കാനും സ്വന്തം ജീവൻ ബലി നൽകുന്നവരാണ്. ഏറ്റവും കടുത്ത സാഹര്യങ്ങളിലും കർമനിരതരായി കഴിയുന്ന ഇവരുടെ ത്യാഗങ്ങളെ ഈ ആദരം ഹൃദയത്തിലേറ്റുന്നു. ഒപ്പം, ഞങ്ങളുടെ മഹിതമായ തൊഴിലിന്റെ അതിരുകളില്ലാത്ത ശക്തിവിശേഷവും സമർപണവും ഇത് ലോകത്തെ അറിയിക്കുന്നു’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.