നഴ്സുമാരുടെ യോഗ്യത ഉയർത്തി; നിരവധി പേരുടെ തൊഴിൽ ആശങ്കയിൽ
text_fieldsദുബൈ: രാജ്യത്ത് നഴ്സുമാരുടെ അക്കാദമിക് യോഗ്യത ഉയർത്തിയതിനെ തുടർന്ന് നിരവധി ഇന്ത്യൻ നഴ്സുമാർ ആശങ്കയിൽ. മന്ത്രാലയത്തിെൻറ അക്രഡിറ്റേഷനുള്ള സർവകലാശാലകളിൽനിന്ന് നേടിയ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് പ്രോഗ്രാം യോഗ്യത വേണമെന്ന പുതിയ ഉത്തരവാണ് മലയാളികളുൾപ്പെടെയുള്ള നിരവധി നഴ്സുമാരുടെ ജോലി ചോദ്യചിഹ്നത്തിലാക്കുന്നത്. യു.എ.ഇയിൽ നിന്നുള്ള അംഗീകൃത നഴ്സിങ് ബിരുദം അടിസ്ഥാന യോഗ്യതയായി ഉയർത്തിയതോടെ 200ൽപരം നഴ്സുമാർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. വടക്കൻ എമിറേറ്റുകളിലാണ് കൂടുതൽ നഴ്സുമാർക്ക് ജോലി നഷ്ടമായത്. എന്നാൽ, നിഷ്കർഷിച്ച യോഗ്യത കരസ്ഥമാക്കുന്നതിനായി വിവിധ യൂനിവേഴ്സിറ്റികളിൽ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയവരും ഇപ്പോൾ ആശങ്കയിലാണ്. തങ്ങളുടെ പക്കലുള്ള സർട്ടിഫിക്കറ്റുകൾക്ക് തുല്യത സർട്ടിഫിക്കറ്റ് നേടുന്നതിനായി സമർപ്പിച്ച അപേക്ഷ നിരസിച്ചതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണമായിട്ടുള്ളത്.
നഴ്സിങ് ഡിപ്ലോമ നേടിയവരുടെ സർട്ടിഫിക്കറ്റുകൾക്ക് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം തുല്യത സർട്ടിഫിക്കറ്റ് അനുവദിക്കുന്നുണ്ട്. ഇന്ത്യൻ നഴ്സിങ് കൗൺസിലിനുകീഴിൽ കേരളത്തിൽനിന്ന് യോഗ്യത നേടിയവർക്ക് മാത്രമാണ് ഇത്തരത്തിൽ തുല്യത സർട്ടിഫിക്കറ്റുകൾ അനുവദിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് യോഗ്യത നേടിയവരുടെ അപക്ഷകൾ നിരുപാധികം നിരസിക്കുകയാണ്. ഇന്ത്യൻ നഴ്സിങ് കൗൺസിലിനു കീഴിൽ കേരളത്തിൽനിന്ന് രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് യു.എ.ഇ അംഗീകാരം നൽകിയിട്ടുള്ളത്.
നഴ്സുമാരിൽ ഭൂരിപക്ഷവും കേരളത്തിൽനിന്നുള്ളവർ തന്നെയാണ്. പക്ഷേ പലരും പഠിച്ചതും യോഗ്യത നേടിയതും കേരളത്തിനു പുറത്തുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ്. അത്തരക്കാരാണ് ഇപ്പോൾ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നതെന്ന് തുല്യത സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നിരസിക്കപ്പെട്ട നഴ്സുമാർ പറയുന്നു. തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കാതെ പഠനം തുടരുന്നതിൽനിന്ന് പല യൂനിവേഴ്സിറ്റികളും നഴ്സുമാരെ വിലക്കിയതോടെ യു.എ.ഇയിൽതന്നെ തുടർന്ന് ജോലിചെയ്യുന്ന കാര്യവും പരുങ്ങലിലായിട്ടുണ്ട്. പലരുടെയും ജോലി നേരേത്ത തന്നെ പോയി. മതിയായ യോഗ്യത നേടി വീണ്ടും ജോലിക്ക് ശ്രമിക്കാമെന്നുവെച്ചാൽ പഠനം തുടരാൻ കഴിയാത്ത അവസ്ഥയും. ശരിക്കും ജീവിക്കണോ മരിക്കണോ എന്ന അവസ്ഥയിലാണ് ഞങ്ങളിപ്പോൾ ^ നഴ്സുമാർ സങ്കടം പങ്കുവെക്കുന്നു.
യു.എ.ഇയിലെ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച പട്ടികയിൽ ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റു സംസ്ഥാനങ്ങളെ കൂടി ഉൾപെടുത്തുകയാണ് ഇതിനുള്ള ഏക പരിഹാരം. ഇതിന് എംബസിയുടേതുൾപ്പെടെയുള്ള ഇടപെടൽ എത്രയും വേഗത്തിലുണ്ടാകണമെന്നാണ് നഴ്സുമാരുടെ ആവശ്യം. ജോലി നഷ്ടമായവരിൽ ഏറെയും പത്തോ അതിലധികമോ വർഷം പ്രവൃത്തിപരിചയമുള്ളവരാണ്. പ്രശ്നം അടുത്ത ആഴ്ച രാജ്യത്ത് സന്ദർശനത്തിനെത്തുന്ന വിദേശകാര്യ സഹമന്ത്രി വി. മുരളീധരെൻറ ശ്രദ്ധയിൽപെടുത്താനാണ് നഴ്സുമാരുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.