ഭക്ഷ്യവസ്തുക്കളില്‍ പോഷകങ്ങളുടെ അളവ് രേഖപ്പെടുത്തണം; നിർദേശവുമായി ക്വാളിറ്റി കണ്ട്രോള് ആന്‍ഡ് ഹെല്‍ത്ത് അതോറിറ്റി
text_fieldsഅബൂദബി: അഞ്ചുതരം ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവ് പരസ്യപ്പെടുത്തണമെന്ന നിയമം അടുത്ത വർഷം ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് ക്വാളിറ്റി കണ്ട്രോള് ആന്‍ഡ് ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അബൂദബി നിവാസികളില്‍ അമിതവണ്ണ നിരക്ക് അപകടകരമാം വിധം ഉയരുന്നതിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
ബേക്കറി ഉൽപന്നങ്ങള്, എണ്ണ, പാല് ഉൽപന്നങ്ങള് , കുട്ടികളുടെ ഭക്ഷ്യ ഉൽപന്നങ്ങള്, പാനീയങ്ങള്‍ എന്നിവയിലാണ് ഭക്ഷ്യഗ്രേഡ് പ്രദര്‍ശിപ്പിക്കേണ്ടത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്പനക്ക് വെച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പോഷകങ്ങളുടെ നിലവാരം രേഖപ്പെടുത്തിയിട്ടില്ലെന്നു കണ്ടെത്തിയാല്‍ ഇവ നീക്കം ചെയ്യുകയും ബന്ധപ്പെട്ടവര്‍ക്കെതിരെ പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഭക്ഷ്യവസ്തുവില്‍ ഉള്ളതില്‍ കൂടുതല്‍ അളവ് രേഖപ്പെടുത്തിയാലും നടപടി നേരിടേണ്ടിവരും.
എ മുതല്‍ ഇ വരെയുള്ള ഗ്രേഡുകളാണ് ഉല്പന്നങ്ങളില് ഉണ്ടാവേണ്ടത്. എ ഏറ്റവും ആരോഗ്യകരമായ ഗ്രേഡാണ്. ഭക്ഷ്യ ഉല്പന്നങ്ങളുടെ നിര്‍മാതാക്കളും പ്രാദേശിക ഏജന്റുമാരും തങ്ങളുടെ ഉല്പന്നങ്ങള് ശാസ്ത്രീയ പിന്തുണയോടെ പോഷകാഹാര നിലവാര പരിശോധനക്ക് വിധേയമാക്കുകയും ഇതു വ്യക്തമാക്കുന്ന ലേബല്‍ പാക്കേജിന്റെ മുൻഭാഗത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരിക്കണം.
ജൂണ്‍ ഒന്നിന് ശേഷം ഉദ്യോഗസ്ഥര്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തുകയും ഭക്ഷ്യവസ്തുക്കളുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും. പരിശോധനയില്‍ കൃത്യതയില്ലാത്ത ഗ്രേഡാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമായാല്‍ ഇവ വിപണിയില്‍ നിന്ന് പിന്‍വലിപ്പിക്കും. നിര്‍മാതാവിന് പിഴയും ചുമത്തും. എന്നാല്‍, പിഴത്തുക അധികൃതര്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
അബൂദബി നിവാസികളില്‍ ശരീരഭാരം അധികമായവരുടെ എണ്ണം 61 ആണ്. ഇതില്‍ 22 ശതമാനവും അമിതവണ്ണക്കാരാണ്. ശരീരഭാരം അധികമായ കുട്ടികളുടെ എണ്ണം 37 ശതമാനമാണ്. ഇതില്‍ 18 ശതമാനം അമിത വണ്ണക്കാരാണെന്നും കണക്കുകള്‍ പറയുന്നു. ഇപ്പോള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാവുമെന്നും അബൂദബി പൊതു ആരോഗ്യകേന്ദ്രം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. അഹമ്മദ് അല്‍ ഖസ്റാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.