മരുക്കാടുകളിലെ മരുപ്പച്ചകൾ
text_fieldsപാരാവാരം പോലെ പരന്നുകിടക്കുന്ന മരുക്കാടില്‍ പച്ചപ്പിന്റെ തുരുത്തുകള്‍ ഒരുക്കി സംരക്ഷിക്കുക എന്നത് എത്രമാത്രം ദുഷ്കരമാണെന്ന് പറയേണ്ടതില്ല. ചുട്ടുപൊള്ളുന്ന മണലാരണ്യത്തെ ചെടികൾ നട്ട് നനച്ചു പരിപാലിച്ച് നയന മനോഹരമാക്കുകയെന്നതും കഠിന തപസ്യയാണ്. ആത്മാര്‍പ്പണം വേണം, ആസൂത്രണ- സമര്‍പ്പിത സംവിധാനമുണ്ടാവണം. പ്രകൃതിയെ സ്നേഹിക്കുകയും അതിന്റെ സുസ്ഥിരമായ നിലനില്‍പ്പിനെ ആഗ്രഹിക്കുകയും ചെയ്യുന്ന ഭരണാധിപരുണ്ടാവണം. സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ പോന്ന ആര്ജവവുമുണ്ടാവണം. ഇവിടെയാണ് ഇമാറാത്തിന്റെ പരിസ്ഥിതി ദിനാചരണങ്ങള്‍ക്കു പത്തരമാറ്റ് തിളക്കമേറുന്നത്. ജൂണ്‍ അഞ്ച് ലോക പരസ്ഥിതി ദിനമാണെങ്കില്‍, സ്വന്തമായി പരിസ്ഥിതിക്കായി ഒരു ദിനം മാറ്റി വച്ച രാജ്യം കൂടിയാണ് യു.എ.ഇ.
1998 മുതല്‍ എല്ലാ ഫെബ്രുവരിയിലെയും നാലാം തിയ്യതി യു.എ.ഇ ദേശീയ പരിസ്ഥിതി ദിനമാണ്.ലോകത്തെയാകെ അമ്പരിപ്പിക്കുന്ന വികസനപ്രവൃത്തികള്‍ മരുഭൂമികളില്‍ നടത്തുന്ന അബൂദബി, പരിസ്ഥിതി സംരക്ഷണം രാജ്യത്തിന്റെ പ്രധാന അജണ്ടയായി തന്നെയാണ് പരിഗണിച്ചിരിക്കുന്നത്. പാരമ്പര്യത്തെയും സംസ്കാരത്തെയും കൈവിടാതെയാണ് ആധുനികതയെ ഉപയോഗപ്പെടുത്തുന്നത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് അനേകം പദ്ധതികള്‍ രാജ്യം നടപ്പാക്കി വരുന്നുണ്ട്. അമ്പത് പരിസ്ഥിതി സംരക്ഷിത കേന്ദ്രങ്ങളാണ് യു.എ.ഇയിലുള്ളത്. അബൂദബിയിലെ അല്‍ വത്ബ ഡെസേര്‍ട്ട് ഡ്യൂണ്‍ സംരക്ഷിത കേന്ദ്രമാണ് ഈ പട്ടികയിലേക്ക് ഏറ്റവും ഒടുവിലായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
വിത്തുകൾ വിതറാൻ ഡ്രോണുകൾ
പരമ്പരാഗത രീതിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് ദുഷ്കരമായ ഇടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു കണ്ടല്‍കാടുകളുടെ വിത്തുകള്‍ നട്ടും അബൂദബി വാര്‍ത്തകളിലിടം നേടുകയുണ്ടായി. മിര്‍ഫ ലഗൂണില്‍ 35000ത്തിലേറെ കണ്ടല്വിത്തുകളാണ് അബൂദബി വിതറിയത്. ഡ്രോണുകള്‍ ഉപയോഗിച്ച് തീരമേഖലയില്‍ കണ്ടല്‍ ചെടികള്‍ നടുകയും ഇതിന്റെ വളര്‍ച്ച ഒരു വര്‍ഷത്തോളം നിരീക്ഷിക്കുകയും ചെയ്യുന്ന മാതൃകാ പദ്ധതിക്ക് 2020ല്‍ ആണ് അബൂദബി തുടക്കമിട്ടത്. ഓരോ പറക്കലിനും രണ്ടായിരത്തിലേറെ വിത്തുകളാണ് ഡ്രോണുകള്‍ വിതറുക. ഇവ കിളര്ക്കുമെന്ന് ഉറപ്പിക്കുന്നതിനാവശ്യമായ പഠനങ്ങള്‍ നടത്തിയ ശേഷമാണ് ഡ്രോണുകള്‍ ഉപയോഗിച്ച് വിത്തുകള്‍ വിതറുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ പറക്കല്‍ പരീക്ഷിച്ചു ശ്രദ്ധേ നേടിയതും അബൂദബിയുടെ ഇത്തിഹാദ് എയര്‍വേസ് ആണ്. അഞ്ചുദിവസങ്ങള്ക്കിടെ 42 വിമാനങ്ങളാണ് കമ്പനി വിജയകരമായി പരീക്ഷണ പറക്കല്‍ നടത്തിയത്. പരിസ്ഥിതി സൗഹൃദ വിമാനങ്ങളുടെ പരീക്ഷണ പറക്കലിലൂടെ സാധാരണയില്‍ നിന്നും 40 മിനിറ്റ് വരെ സമയലാഭം കണ്ടെത്താനും ആറ് ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും സാധിച്ചു. ഇത്തിഹാദ് തങ്ങളുടെ പുതിയ എ 350 1000 വിമാനം പരിസ്ഥിതി സൗഹൃദ വിമാനമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഗണത്തിലുള്ള ആദ്യ വിമാനം കൂടിയാണ് എ 350.അബൂദബി ജുബൈല്‍ ദ്വീപിലെ കണ്ടല്‍ പാര്‍ക്ക്.
ജുബൈലിലെ കണ്ടൽ വിസ്മയം
ജുബൈല്‍ ദ്വീപില്‍ പത്തുലക്ഷം കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. വരുന്ന പത്തുവര്ഷത്തിനുള്ളിലാവും ഇത്രയധികം കണ്ടല്‍കാടുകള്‍ ദ്വീപില്‍ നട്ടുപിടിപ്പിക്കുക. 19 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ജുബൈല്‍ കണ്ടൽമര പാര്‍ക്കില്‍ പത്തുലക്ഷം ചെടികള്‍ ആകുന്നതോടെ പ്രതിവര്‍ഷം 1150 ടണ്‍ കാര്‍ബണ്‍ഡയോക്സൈഡ് ആഗിരണം ചെയ്യാനാവും. 2030ഓടെ 100 ദശലക്ഷം കണ്ടല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കുകയെന്ന യു.എ.ഇയുടെ പദ്ധതിയുടെ ഭാഗമായാണ് ജുബൈല്‍ ദ്വീപിലെ മരംനടല്‍. കഴിഞ്ഞവര്‍ഷം നവംബറില്‍ യു.എന്നിന്റെ ആഭിമുഖ്യത്തില്‍ നടന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിലാണ് യു.എ.ഇ. ഇത്തരമൊരു പ്രതിജ്ഞയെടുത്തത്. 2800 ഹെക്ടറിലാണ് ജുബൈല്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇതിനു പുറമേ ദ്വീപില്‍ ഭവനപദ്ധതിയും അധികൃതര്‍ നടപ്പാക്കുന്നുണ്ട്. ആദ്യഘട്ടം പൂര്‍ത്തിയാക്കിയ വീടുകള്‍ ഇതിനകം വിറ്റുപോവുകയും ചെയ്തു. 2023ഓടെ 300 വില്ലകള്‍ നിര്‍മിക്കാനാണ് അധികൃതരുടെ പദ്ധതി. നാദ് അല്‍ ദാബി ഗ്രാമത്തില്‍ മാത്രമായി 128 വില്ലകളാണ് ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.