ഒരു ചെറു പുഞ്ചിരിയായി... പുതുജീവിതത്തിൽ ഇമാൻ VIDEO
text_fieldsഅബൂദബി: ചികിത്സയുടെ പുരോഗതിയെക്കുറിച്ച് ഡോക്ടർ യാസീൻ അൽ ഷാഹത്ത് മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു കൊണ്ടിരിക്കെയാണ് ഹാളിെൻറ വാതിൽ തുറക്കപ്പെട്ടത്. അതിലൂടെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും അകമ്പടിയോടെ ഒരു ചെറു കട്ടിലിെൻറ വലിപ്പമുള്ള ചക്രക്കസേരയിൽ ചുവന്ന കുപ്പായവും ശേലയും ചുറ്റി പുഞ്ചിരി തൂകി നായികയെത്തി. ലോകത്തെ ഏറ്റവൂം ഭാരമേറിയ വനിത എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇമാൻ അഹ്മദ് അബ്ദുൽ ആത്തി.
ശ്വാസം വിടാനോ കൈകൾ ചലിപ്പിക്കാനോ പോലുമാവാതെ കട്ടിലിൽ അനങ്ങാതെ ദയനീയമായി കിടന്നിരുന്ന ഇമാനല്ല ഇപ്പോൾ. 500 കിലോയിലേറെയുണ്ടായിരുന്ന ഭാരം നന്നേ കുറഞ്ഞിരിക്കുന്നു. കൈകൾ അനക്കാനും സംസാരിക്കാനും സ്വയം ഭക്ഷണം കഴിക്കാനും തുടങ്ങിയിരിക്കുന്നു. മുംബൈയിലെ ആശുപത്രിയിൽ നൽകിയ ചികിത്സ ഫലപ്രദമല്ലെന്നു കണ്ട് കഴിഞ്ഞ മെയ് നാലിന് അബുദബിയിലെ ബുർജീൽ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം 20 വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘം നൽകിയ പരിചരണം അവരിൽ അത്ഭുതകരമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.
നിങ്ങളെക്കാണാൻ ഇന്ത്യയിൽ നിന്നും ഇൗജിപ്തിൽ നിന്നുമെല്ലാം സുഹൃത്തുക്കൾ വന്നിരിക്കുന്നു എന്ന് വി.പി.എസ്. ഹെൽത് കെയർ എം.ഡി ഡോ. ഷംസീർ വയലിൽ പറഞ്ഞപ്പോൾ ഏവരെയും നോക്കി കൈവീശി, ആഹ്ലാദപൂർവം ചെറു വാക്കുകൾ പറയാൻ തുടങ്ങി. പിന്നെ എല്ലാവർക്കുമായി ഒരു സ്നേഹ ചുംബനം കാറ്റിൽ പറത്തി.
ദീർഘകാലം ഒരേ കിടപ്പു കിടന്നതു മൂലം ശരീരമാസകലം പടർന്നിരുന്ന ശയ്യാവൃണങ്ങളും മൂത്രനാളിയിലെ അണുബാധയുമെല്ലാം ഭേദപ്പെട്ടതായി ഡോ. യാസീൻ പറഞ്ഞു. മുംബൈയിൽ നിന്ന് എത്തിച്ച കാലത്ത് ഉണ്ടായിരുന്നതിെൻറ പകുതിയായി ഭാരം കുറഞ്ഞു. ചികിത്സയുടെ രണ്ടു ഘട്ടങ്ങൾ വിജയകരമായെന്നും രക്തധമനി ശസ്ത്രക്രിയ, അധികമായ തൊലി നീക്കം ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള മൂന്നാം ഘട്ടം വരും ദിവസങ്ങളിൽ ആരംഭിക്കുമെന്നും അദ്ദേഹം വിശദമാക്കി.
ഏതൊരു വ്യക്തിയെയും പോലെ സാധാരണവും സന്തുഷ്ടവുമായ ജീവിതം ഇമാൻ ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്നുവെന്നും അതു സാധ്യമാക്കാൻ ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തുമെന്നും ഡോ. ഷംസീർ വയലിൽ പറഞ്ഞു. ഇമാെൻറ ഭാരവും ചികിത്സയുടെ ചെലവും വെളിപ്പെടുത്താൻ കൂട്ടാക്കാഞ്ഞ അദ്ദേഹം ഭാരം 100 കിലോയിൽ താഴെ കൊണ്ടുവരുവാൻ ഉദ്ദേശിച്ചുള്ള ചികിത്സാ പദ്ധതിയാണ് നടത്തി വരുന്നതെന്നും എയർ കാർഗോയും എയർ ആംബുലൻസും ഉപയോഗിച്ച് അബൂദബിയിൽ എത്തിച്ച ഇമാൻ ഒരുനാൾ അബൂദബിയിലൂടെ കാറിൽ യാത്ര ചെയ്യുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ജീവിതത്തിൽ ഒേട്ടറെ പ്രതിസന്ധികൾ നേരിട്ട ഇവരുടെ തിരിച്ചുവരവ് വൈദ്യശാസ്ത്ര മേഖലക്ക് ഉൗർജം പകരൂം. പൊണ്ണത്തടിക്കെതിരായ പ്രചാരണങ്ങളിലും ഇമാെൻറ അനുഭവം മാതൃകയാകുമെന്നും ഡോ. ഷംസീർ പറഞ്ഞു. യു.എ.ഇയിലെ ഇൗജിപ്ത് അംബാസഡർ വഇൗൽ മുഹമ്മദ് ഗാദും ഇമാെൻറ സഹോദരി ഷൈമാ സലീമും ഇൗ തിരിച്ചുവരവിന് കൂടെ നിന്നവരോട് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.