‘അവ്വൽ’ ആൽഫ്രഡ് സിൽവസ്റ്റർ അന്തരിച്ചു
text_fieldsഅൽെഎൻ: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ആൽ നഹ്യാെൻറ ഒഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനും രാഷ്ട്ര ചരിത്രത്തിെൻറയും രാഷ്ട്രീയത്തിെൻറയും ഭാഗവുമായിരുന്ന കൊല്ലം സ്വദേശി ആൽഫ്രഡ് സിൽവസ്റ്റർ (82) കാനഡയിലെ ടൊറേൻറായിൽ അന്തരിച്ചു. ശൈഖ് സായിദ് കയ്യൊപ്പു ചാർത്തിയ നിയമന ഉത്തരവ് സ്വീകരിച്ച് 1965 ൽ കൊട്ടാരത്തിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം ആദ്യ ലേബർ കാർഡിനും ഉടമയായിരുന്നു. അതു കൊണ്ട് അറബി ഭാഷയിൽ ഒന്നാമൻ എന്നർത്ഥമുള്ള ‘അവ്വൽ’ എന്നാണ് അറിയപ്പെട്ടിരുന്നത്.
സാമ്പത്തിക ശാസ്ര്തത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആൽഫ്രഡ് മുംബൈയിൽ നിന്ന് അമേരിക്കയിലേക്ക് പഠന മോഹവുമായി പുറപ്പെട്ട് 1964 ലാണ് യു.എ.ഇയിൽ എത്തുന്നത്. ഫീസിനാവശ്യമായ വിദേശ നാണ്യം ഇന്ത്യയിൽ ലഭിക്കാത്ത സാഹചര്യമായിരുന്നു അന്ന്. എന്നാൽ ശൈഖ് സായിദിെൻറ ഒഫീസിൽ ജോലി ലഭിച്ചതോടെ പുതു ജീവിതവും പുതു സങ്കൽപ്പവുമെല്ലാം മനസിൽ വന്നു. എലിസബത്ത് രാജ്ഞിക്കും ഇന്ദിരാ ഗാന്ധിക്കും മറ്റുമുള്ള കത്തുകൾ തയ്യാറാക്കുന്നതടക്കമുള്ള ചുമതലകൾ ഇദ്ദേഹത്തിൽ ഏൽപ്പിക്കപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസവും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉന്നത സ്ഥാനത്തെത്തുന്നതിന് സഹായകമായി. അബൂദബിയിൽ നയതന്ത്രകാര്യാലയങ്ങളില്ലാതിരുന്ന കാലത്ത് ആൽഫ്രഡിെൻറ വീടാണ് അനൗദ്യോഗിക ഇന്ത്യൻ എംബസ്സിയായി പ്രവർത്തിച്ചിരുന്നത്. ആയിരക്കണക്കിനാളുകൾക്ക് അദ്ദേഹത്തിെൻറ സേവനങ്ങൾ പ്രയോജനപ്പെട്ടു.
സാമൂഹിക പ്രതിബദ്ധതെയും, സേവനങ്ങളെയും മാനിച്ച് വിവിധ സർക്കാരുകളും, സംഘടനകളും ആദരിച്ചിട്ടുണ്ട്.. 2014 ലെ യു.എ.ഇ സ്വകാര്യ സന്ദർശനവേളയിൽ അന്നത്തെ ഇന്ത്യൻ അംബാസഡർ റ്റി.പി. സീതാറാം പ്രത്യേക വിരുന്നൊരുക്കി ആൽഫ്രഡിനെ ആദരിച്ചിരുന്നു. ഏതാനും വർഷങ്ങൾക്കുമുൻപ് പോപ്പിെൻറ ഉന്നത ബഹുമതിയും തേടിയെത്തി.
യു.എ.ഇ യുടെ പിറവിയും, ത്വരിത വളർച്ചയും, ഉന്നതിയിലേക്കുള്ള കുതിപ്പും മുഖാമുഖം കണ്ട ആൽഫ്രഡ് ഔദ്യോഗിക കൃത്യനിർവ്വഹണത്തിെൻറ ഭാഗമായി രാഷ്ട്രപിതാവുമായി ഊഷ്മള ബന്ധം പുലർത്തിയിരുന്നു. ആ ഒാർമകൾ നിധിപോലെ മനസ്സിൽ സൂക്ഷിക്കുകയും ചെയ്തു. കൊല്ലം ശക്തികുളങ്ങരയിൽ ജനിച്ചുവളർന്ന ആൽഫ്രഡിന് ജോലിയിൽ നിന്നു പിരിഞ്ഞ ശേഷവും ഇഷ്ടമുള്ളിടത്തോളം കാലം യു.എ.ഇയിൽ താമസിക്കാൻ അനുവാദവും ആഗ്രഹവുമുണ്ടായിരുന്നു. എന്നാൽ മകളുടെ കുടുംബത്തോടൊപ്പം നിൽക്കേണ്ട അടിയന്തിര സാഹചര്യം നേരിട്ടതോടെ വിശ്രമ ജീവിതം കാനഡയിലാക്കുകയായിരുന്നു. മറ്റൊരു മകൾ ഇംഗ്ലണ്ടിലാണ്. ആദ്യകാല ഇന്ത്യൻ സമൂഹത്തിന് താങ്ങും തണലുമായി നിന്ന ആൽഫ്രഡ് സിൽവസ്റ്ററുടെ സേവനവും സ്നേഹവും എക്കാലവും ഒാർമിക്കപ്പെടുമെന്ന് ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ഡോ. ശശി സ്റ്റീഫൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.