സ്പോൺസറുടെ പിടിവാശിയിൽ വൈകി: മലയാളിയുടെ മൃതദേഹം മൂന്നുമാസത്തിനുശേഷം നാട്ടിലെത്തി
text_fieldsറിയാദ്: പ്രവാസത്തിനിടെ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം മൂന്നുമാസത്തിനുശേഷം നാട്ടിലെത്തിച്ചു. അൽഖർജിലെ സ്വകാര്യ കുടിവെള്ള കമ്പനിയിൽ ജീവനക്കാരനായിരുന്ന തി രുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ഇരുമ്പലത്തുവീട്ടിൽ അനിൽ കുമാറിെൻറ (48) മൃതദേഹമാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിൽ എത്തിക്കാനായത്. മൂന്നുമാസം മുമ്പ് കമ്പനി തൊഴിലാളികളുടെ താമസസ്ഥലത്താണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സ്പോൺസറുടെ നിസ്സഹകരണം മൂലമാണ് മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ കാലതാമസമുണ്ടായത്.
കേളി ജീവകാരുണ്യ വിഭാഗം ആദ്യം മുതൽ തന്നെ ശ്രമം ആരംഭിച്ചെങ്കിലും സ്പോൺസർ സഹകരിക്കാൻ തയാറായില്ല. താനുമായി അനിൽകുമാറിനുള്ള സാമ്പത്തിക ഇടപാട് തീർക്കാതെ സഹകരിക്കില്ലെന്ന പിടിവാശിയിലായിരുന്നു സ്പോൺസർ. തുടർന്ന് നാട്ടിൽനിന്നും ബന്ധുക്കൾ നോർക്കയിൽ പരാതിപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ നോർക്ക റൂട്ട്സ് തയാറായതിനെ തുടർന്ന് ഇന്ത്യൻ എംബസി വിഷയത്തിൽ ഗൗരവമായി ഇടപെടുകയും അൽഖർജ് പൊലീസ് ഓഫിസറുടെ സഹായത്തോടെ സ്പോൺസറെ വിളിച്ചുവരുത്തി പാസ്പോർട്ടും മറ്റു അനുബന്ധ രേഖകളും സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. രണ്ട് മാസങ്ങൾക്ക് ശേഷം രേഖകൾ എംബസിയിൽ എത്തിക്കാൻ സ്പോൺസർ തയാറായെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടാനുള്ള കാലതാമസം മൂലം ഒരുമാസത്തോളം വീണ്ടും തടസ്സം നേരിട്ടു.
രേഖകൾ എല്ലാം ശരിയാക്കി നാട്ടിൽ എത്തിക്കുന്നതിെൻറ ഭാഗമായി അൽഖർജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം റിയാദിലെ ശുമൈസി ആശുപത്രിയിലേക്ക് മാറ്റുന്നതിനായി കൊണ്ടുവന്ന വാഹനം വഴിമധ്യേ അപകടത്തിൽപെട്ടത് നിയമക്കുരുക്ക് പിന്നെയും നീളാൻ ഇടയാക്കി. എല്ലാ തടസ്സങ്ങളും നീക്കി കഴിഞ്ഞദിവസം എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു. ഇരുമ്പലത്ത് വീട്ടിൽ കൃഷ്ണപിള്ള-ഓമനയമ്മ ദമ്പതികളുടെ മകനാണ് അനിൽകുമാർ. ഭാര്യ ലതാകുമാരിയും ഒരു മകനും മകളും അടങ്ങുന്നതാണ് കുടുംബം.
തിരുവനന്തപുരം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതശരീരം സ്വവസതിക്കടുത്ത് സംസ്കരിച്ചു. കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനി, ജോയിൻറ് കൺവീനർ ഷാജഹാൻ കൊല്ലം, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, ട്രഷറർ ലിപിൻ, മുഹമ്മദ് സിയാദ് എന്നിവരുടെ മൂന്നു മാസത്തെ നിരന്തര പ്രയത്നത്തിനൊടുവിലാണ് മൃതദേഹം നാട്ടിലെത്തിക്കാൻ സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.