ആഡംബരത്തിെൻറ അബൂദബിക്കൊട്ടാരം
text_fieldsലോകത്തിലെ എണ്ണംപറഞ്ഞ സപ്ത നക്ഷത്ര ഹോട്ടലുകളിലൊന്നാണ് അബൂദബി സർക്കാർ ഉടമസ്ഥതയിലുള്ള അത്യാഡംബരമായ അബൂദബി എമിറേറ്റ്സ് പാലസ്. ബെൽജിയം കമ്പനിയായ ബെസിക്സ് 2001 ഡിസംബർ ഒന്നിനാണ് ഈ ഹോട്ടൽ മന്ദിരത്തിെൻറ നിർമാണം ആരംഭിച്ചത്. 2005 നവംബറിൽ തുറന്നു. ലാഭമുണ്ടാക്കുക എന്നതിനേക്കാൾ അബൂദബിയിലെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഹോട്ടൽ മന്ദിരം അബൂദബി സർക്കാരിെൻറ ഔദ്യോഗിക അതിഥി കൊട്ടാരം കൂടിയാണ്.
ബ്രിട്ടീഷ് ആർക്കിടെക്റ്റ് ജോൺ എലിയറ്റും എച്ച്.ഡി.സി ആർക്കിടെക്റ്റ് റെസ റഹ്മാനിയനുമായി സഹകരിച്ചാണ് ഈ ആഡംബര കെട്ടിടം രൂപകൽപ്പന ചെയ്തത്. 114 ചെറിയ താഴികക്കുടങ്ങൾ ഈ കെട്ടിടത്തിലുണ്ട്.
ഏറ്റവും ചെലവേറിയ ആഡംബര ഹോട്ടൽ
അറേബ്യൻ മരുഭൂമിയിൽ കണ്ടെത്തിയ വിവിധതരം മണലുകളിൽ നിന്നാണ് എമിറേറ്റ്സ് പാലസിന് പ്രത്യേക നിറംതന്നെ തിരഞ്ഞെടുത്തത്. മരുഭൂമിയിലെ റസെറ്റ്, ഓറഞ്ച്, മഞ്ഞ ഷേഡുകൾ പ്രതിഫലിപ്പിക്കുന്നതാണ് ഈ നിറം. മൂന്നു ബില്ല്യൺ യു.എസ് ഡോളർ (11.02 ബില്യൺ ദിർഹം) മുതൽ മുടക്കിൽ നിർമിച്ച എമിറേറ്റ്സ് പാലസ് ലോകത്ത് ഇതുവരെ ഏറ്റവും കൂടുതൽ ചെലവിൽ നിർമ്മിച്ച മൂന്നാമത്തെ ആഡംബര ഹോട്ടലാണ്. സിംഗപ്പൂരിലെ മറീന ബേ സാൻഡ്സ് (5.5 ബില്യൺ ഡോളർ), ലാസ് വെഗാസിലെ കോസ്മോപൊളിറ്റൻ (3.9 ബില്യൺ ഡോളർ) എന്നിവയാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. രാജ്യത്തിെൻറ അന്തസും പ്രൗഢിയും വിളംബരം ചെയ്യുന്ന കെട്ടിടമാണ് ഈ ഹോട്ടൽ.
സവിശേഷതകൾ
എമിറേറ്റ്സ് പാലസ് ഹോട്ടൽ 1,000 ഹെക്ടറിൽ മനോഹരമായി ലാൻഡ്സ്കേപ്പ് ചെയ്ത പാർക്കും ഈന്തപ്പനകളും ജലധാരകളും ഉൾക്കൊള്ളുന്നു. പാർക്കിലെ പുൽത്തകിടികൾക്കിടയിൽ 200 ജലധാരകളും 8,000 മരങ്ങളും. മരുഭൂമിയുടെ വ്യത്യസ്ത പ്രകൃതിദൃശ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന വാസ്തുവിദ്യ. 1.3 കിലോമീറ്റർ നീളത്തിലുള്ള മനോഹരമായ കടൽത്തീരം. ബാഹ്യ വാസ്തുവിദ്യയിൽ ശ്രദ്ധേയമായ 114 താഴികക്കുടങ്ങൾ. സ്വർണ്ണാലങ്കാരത്തിൽ നിർമിച്ചിരിക്കുന്ന 60 മീറ്റർ വരെ ഉയരമുള്ള പ്രധാന താഴികക്കുടം സൂര്യതേജസിൽ മിന്നി തിളങ്ങുന്നത് അത്യപൂർവ കാഴ്ച.
ഹോട്ടലിെൻറ എല്ലാ നിലകളും ചേർത്താൽ 8,50,000 ചതുരശ്ര മീറ്ററുണ്ട്. മൊത്തം ഒരു കിലോമീറ്റർ നീളം. പടിഞ്ഞാറും കിഴക്കും ഭാഗത്തെ പാർശ്വ ഭാഗങ്ങളിലാണ് അതിഥി മുറികൾ. അത്യാധുനിക സാങ്കേതികവിദ്യയോടെ സ്വർണ്ണവും മാർബിളും ആധിപത്യം പുലർത്തുന്ന ഹോട്ടൽ മുറികളിൽ കയറുമ്പോൾ തന്നെ എമിറേറ്റ്സ് കൊട്ടാരത്തിെൻറ വിസ്മയം ആസ്വദിക്കാം. 40 ലധികം മീറ്റിങ് റൂമുകളുണ്ട്. 1.3 കിലോമീറ്റർ നീളമുള്ള കടൽത്തീരം, ഒരു മറീന, രണ്ടു ഹെലികോപ്റ്റർ ലാൻഡിങ് പാഡുകൾ, 2500 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ബോൾറൂം, വിവിധ ആഡംബര ഷോപ്പുകൾ, അന്താരാഷ്ട്ര റെസ്റ്റാറൻറുകൾ, നാല് റസ്റ്റാറൻറുകൾ, മൂന്ന് ബാറുകൾ, ലോഞ്ചുകൾ, കഫേകൾ. 2,500 വാഹനങ്ങൾക്ക് അണ്ടർഗ്രൗണ്ട് പാർക്കിങ് സൗകര്യവും ഹോട്ടൽ സമുച്ചയത്തിലുണ്ട്.
കൊട്ടാരത്തിലെ താമസം
92 സ്യൂട്ടുകളും 22 റെസിഡൻഷ്യൽ സ്യൂട്ടുകളും ഉൾപ്പെടെ 394 വസതികളാണ് എമിറേറ്റ്സ് പാലസിൽ. അതിഥി മുറികളിൽ 110 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള 20 ഖലീജ് സ്യൂട്ടുകൾ. 165 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള 20 ഖലീജ് ഡീലക്സ് സ്യൂട്ടുകൾ. 110 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നാല് റോയൽ ഖലീജ് സ്യൂട്ടുകൾ. 680ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള 16 മൂന്ന് ബെഡ്റൂം പാലസ് സ്യൂട്ടുകളും ഉൾപ്പെടുന്നു.
മൂന്നു തരത്തിലുള്ള പാലസ് സ്യൂട്ടുകളിൽ 110 ചതുരശ്ര മീറ്ററുള്ള കോറൽ, 140 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പേൾ, 220 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഡയമണ്ട് എന്നിവയാണവ. 48 സിംഗിൾ ബെഡ്റൂം പാലസ് സ്യൂട്ടുകളുമുണ്ട്. വിശാലവും ഗംഭീരവുമായ മുറികളെല്ലാം ഉയർന്ന നിലവാരത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ഹോട്ടൽ മുറികൾ അതിഥികൾക്ക് ഊഷ്മള സ്വരമാധുരികൾ പകരുംവിധം അലങ്കരിച്ചിരിക്കുന്നു. 50 ഓളം രാജ്യങ്ങളിൽ നിന്നുള്ള 2500ഓളം ജീവനക്കാരുണ്ട്. അബൂദബി സർക്കാരിെൻറ അതിഥികൾക്കായി 22 ബെഡ്റൂം സ്യൂട്ടുകളുണ്ട്. ഏറ്റവും മുകൾ നിലയിലെ പെൻറ് ഹൗസിൽ ആറ് ഭരണാധികാരികളുടെ പ്രത്യേക സ്യൂട്ടുകളുണ്ട്. രാജ കുടുംബാംഗങ്ങളും രാഷ്ട്ര നായകരും ഉൾപ്പെടുന്ന റോയൽ വിശിഷ്ടാതിഥികൾക്കു മാത്രമായി ഇവ നീക്കിവച്ചിരിക്കുന്നു. കോൺഫറൻസുകൾക്കായി 7,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഇടമുണ്ട്. 1,100 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം. 2,400 പേർക്ക് ഇരിക്കാനുള്ള ഒരു വലിയ ബോൾറൂം. വിവിധ സൗകര്യങ്ങളുള്ള 40 മീറ്റിങ് റൂമുകൾ.
വിസ്മയിപ്പിക്കുന്ന താഴികകുടം
പരമ്പരാഗത അറേബ്യൻ ഘടകങ്ങളായ 60 മീറ്റർ ഉയരവും 42 മീറ്റർ വ്യാസമുള്ള ഗ്രാൻഡ് ആട്രിയം താഴികക്കുടം വെള്ളി, സ്വർണ്ണ ഗ്ലാസ് മൊസൈക് ടൈലുകൾ എന്നിവയിലുള്ളതാണ്. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടവുമായി എമിറേറ്റ്സ് പാലസ് ആട്രിയം ലോകത്ത് ഒന്നാമതാണ്. മരുഭൂമിയുടെ വിവിധ നിറങ്ങൾ പ്രതിഫലിപ്പിക്കുന്നതിന് 13 നിറങ്ങളിലുള്ള മാർബിൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ 22 കാരറ്റ് സ്വർണ്ണ തകിടുകളിൽ തീർത്ത താഴികക്കുടത്തിെൻറ ഉള്ളിൽ വ്യത്യസ്തമായ വർണങ്ങളാൽ ശോഭിക്കുന്നു. ലോകത്ത് ഒരു കെട്ടിടത്തിൽ ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ ഗിൽഡഡ് വിശാലതയും പ്രത്യേകത. ഹോട്ടലിെൻറ മുഴുവൻ ഇൻറീരിയറും 22 കാരറ്റ് സ്വർണ്ണ തകിടിൽ 6,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലും അലങ്കരിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.