ഓഫ്റോഡ് ലിവ ഫെസ്റ്റിവൽ ഇന്ന്; സുരക്ഷ ശക്തമാക്കി പൊലീസ്
text_fieldsഅബൂദബി: ഞായറാഴ്ച ആരംഭിക്കുന്ന ഓഫ്റോഡ് ലിവ ഫെസ്റ്റിവലിന് സുരക്ഷ ശക്തമാക്കി അബൂദബി പൊലീസ്. ഫെസ്റ്റിവൽ ഗ്രൗണ്ടിൽ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളും സുരക്ഷാനിർദേശങ്ങളും പൊലീസ് പുറത്തിറക്കി. പരിപാടിയിൽ പങ്കെടുക്കുന്നവരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പുവരുത്തി വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിൽ പൊലീസ് സേനയുടെ പങ്കിനെക്കുറിച്ച് അൽ ദഫ്ര പൊലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഹംദാൻ അൽ മൻസൂരി ഓർമിപ്പിച്ചു.
ഫെസ്റ്റിവൽ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പുതന്നെ മേഖലയിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിരുന്നു. ഏറ്റവും ആധുനികമായ ഉപകരണങ്ങളും അത് പ്രവർത്തിപ്പിക്കാനുള്ള സംവിധാനങ്ങളോടുംകൂടിയ സംയോജിത പൊലീസ് സ്റ്റേഷനുകളാണ് മത്സരപ്രദേശങ്ങൾ നിയന്ത്രിക്കുന്നത്. മരുഭൂമികളിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ, സ്പെഷൽ മോട്ടോർ ബൈക്കുകൾ എന്നിവയും പൊലീസ് സജ്ജമാക്കി.
അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പുമായി സഹകരിച്ച് ലിവ സ്പോർട്സ് ക്ലബാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. വലിയ മണൽകൂനകളിലൊന്നായ മൊരീബ് മണൽകൂനയുടെ മുകളിലൂടെയുള്ള കാറോട്ട മത്സരമാണ് മേളയിലെ പ്രധാന ആകർഷണം. 300 മീറ്റർ ഉയരമുള്ള മൊരീബ് മണൽ കൂനയിലൂടെയുള്ള വാഹനങ്ങളുടെ മത്സരം കാണാൻ വൻ ജനപങ്കാളിത്തമുണ്ടാവാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. അബൂദബിയിലെ ടൂറിസം വികസനം ലക്ഷ്യമിട്ടാണ് ലിവ ഓഫ് റോഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.