എണ്ണ ഉൽപാദനം; ഒപെക് തീരുമാനം ഇന്ധനവിലയിലും പ്രതിഫലിക്കും
text_fieldsദുബൈ: പ്രതിദിന എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനം രാജ്യത്തെ ഇന്ധനവിലയിലും പ്രതിഫലിച്ചേക്കുമെന്ന് വിലയിരുത്തൽ. ഈ വർഷം അവസാനം വരെ പ്രതിദിന എണ്ണ ഉൽപാദനത്തിൽ 40.46 ദശലക്ഷം ബാരലിന്റെ കുറവ് വരുത്തുമെന്നാണ് യു.എ.ഇ ഉൾപ്പെടെയുള്ള ഒപെക് രാജ്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ഒന്നു മുതൽ ഇത് നടപ്പാവും.
രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കുന്നത്. ഏപ്രിൽ രണ്ടിന് പ്രതിദിന ഉൽപാദനത്തിൽ 1.64 ദശലക്ഷം ബാരൽ കുറച്ചിരുന്നു. അതേസമയം, 2015ൽ യു.എ.ഇ എണ്ണവില നിയന്ത്രണം നീക്കിയതിനുശേഷം ആഗോള നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ച് പ്രാദേശിക വിപണിയിലും ഇന്ധനവിലയിൽ മാറ്റം വരുത്താറുണ്ട്. ഇന്ധനവില ഫോളോഅപ് കമ്മിറ്റിയാണ് ആഗോള വിപണിയിലെ എണ്ണവില വിലയിരുത്തിയശേഷം എല്ലാ മാസവും രാജ്യത്തെ ഇന്ധനവില പരിഷ്കരിക്കാറുള്ളത്.
ഇതനുസരിച്ച് ജൂൺ മാസത്തിൽ പെട്രോൾ വിലയിൽ 21 ഫിൽസിന്റെ കുറവ് വരുത്തിയിരുന്നു. സൂപ്പർ 98, സെപ്ഷയൽ 95, ഇ പ്ലസ് എന്നീ വകഭേദങ്ങൾക്കാണ് വിലകുറച്ചത്. കഴിഞ്ഞ നാലു മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് ജൂണിൽ അനുഭവപ്പെടുന്നത്. നിലവിൽ സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 2.95 ദിർഹമാണ്.
സ്പെഷൽ 95ന് 2.84ലും ഇ പ്ലസ് 91ന് 2.76 ദിർഹവുമാണ് വില. ഇക്കഴിഞ്ഞ ഏപ്രിലിൽ ഒപെക് എണ്ണ ഉൽപാദനം വെട്ടിക്കുറച്ചപ്പോൾ മേയിൽ യു.എ.ഇയിൽ ഇന്ധനവില ലിറ്ററിന് 15 ഫിൽസ് കൂടിയിരുന്നു. ജൂലൈ മുതൽ വീണ്ടും എണ്ണ ഉൽപാദനം കുറക്കാനുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനം രാജ്യത്തെ ചെറുകിട വിൽപനയിലും പ്രതിഫലിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.