ഒളിമ്പിക്സ് താരങ്ങളും എത്തുന്നു : രാജ്യാന്തര കായിക പരിശീലന കേന്ദ്രമായി ദുബൈ
text_fieldsദുബൈ: കോവിഡ് കാലത്ത് സുരക്ഷിത പരിശീലന ഇടങ്ങൾ തേടി അന്താരാഷ്ട്ര ടീമുകൾ യു.എ.ഇയിലേക്ക്.ഐ.പി.എൽ നടത്തി വിജയിച്ചതിെൻറ പശ്ചാത്തലത്തിലാണ് ഒളിമ്പിക്സ് ടീമുകളും താരങ്ങളുമുൾപ്പെടെ യു.എ.ഇയെ പരിശീലനത്തിനായി തിരഞ്ഞെടുത്തത്. ആഗോള സ്പോർട്സ് ഹബായി മാറുന്ന ദുബൈയാണ് ഇവരുടെ പ്രധാന ലക്ഷ്യം. സ്റ്റേഡിയത്തിലേക്ക് കാണികളെ അനുവദിക്കാൻ തീരുമാനിച്ചതോടെ രാജ്യത്തെ കായിക മേഖല വൈകാതെ പഴയ പ്രഭാവം തിരിച്ചുപിടിക്കുമെന്നാണ് കരുതുന്നത്.
2022 ഫുട്ബാൾ ലോകകപ്പിൽ പങ്കെടുക്കുന്ന ഏഴു ടീമുകൾ അടുത്ത ദിവസങ്ങളിൽ യു.എ.ഇയിൽ എത്തി പരിശീലനം തുടങ്ങും. 2023 ഏഷ്യൻ കപ്പിനുള്ള ടീമും എത്തും. ഇതിന് പുറമെ ഇംഗ്ലണ്ട്, ജർമനി, ചൈന ഫുട്ബാൾ ടീമുകളുടെ ശൈത്യകാല ക്യാമ്പുകളും ദുബൈയിലായിരിക്കും. ഇസ്രായേലി-അമേരിക്കൻ സൈക്ലിങ് സംഘവും പരിശീലനത്തിന് യു.എ.ഇയിൽ എത്തുന്നുണ്ട്. രാജ്യാന്തര ടീമുകൾക്ക് പുറമെ ക്ലബുകളും പരിശീലനത്തിന് ദുബൈയെ സമീപിച്ചു.കോവിഡ് മൂലം അടുത്ത വർഷത്തേക്ക് മാറ്റിവെച്ച ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കേണ്ട ടീമുകളിൽ പലതും പരിശീലനത്തിന് ദുബൈയാണ് തിരഞ്ഞെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വിവിധ സ്പോർട്സ് ഫെഡറേഷനുകളും ദേശീയ ഒളിമ്പിക്സ് കമ്മിറ്റികളും ദുബൈ സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ടിട്ടുണ്ട്.
എല്ലാ പിന്തുണയും സ്പോർട്സ് കൗൺസിൽ ഉറപ്പുനൽകി. ഇവരുടെ വിസ നടപടികൾ എളുപ്പമാക്കുമെന്നും കായിക സൗകര്യങ്ങളൊരുക്കുമെന്നും സ്പോർട്സ് കൗൺസിൽ അറിയിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ താരങ്ങളാണ് പ്രധാനമായും ദുബൈയെ ആശ്രയിക്കാനൊരുങ്ങുന്നത്. യാത്രസൗകര്യവും സുരക്ഷയുമാണ് ഇവരെ കൂടുതൽ ആകർഷിക്കുന്നത്. രാജ്യം തണുപ്പുകാലത്തിലേക്ക് പ്രവേശിക്കുന്നതും ചൂട് കുറഞ്ഞതും താരങ്ങൾക്ക് ഗുണം ചെയ്യും. ഹംദാൻ സ്പോർട്സ് കോംപ്ലക്സ്, നാദ അൽഷെബ സ്പോർട്സ് കോംപ്ലക്സ് എന്നിവക്ക് പുറമെ മറ്റ് സ്റ്റേഡിയങ്ങളും ക്ലബുകളും കായിക ചികിത്സ കേന്ദ്രങ്ങളും സൈക്ലിങ് ട്രാക്കുകളും ഇവർക്ക് വിട്ടുനൽകും.
സ്റ്റേഡിയത്തിൽ 30 ശതമാനം കാണികളെ അനുവദിക്കാൻ കഴിഞ്ഞദിവസം ദുബൈ സ്പോർട്സ് കൗൺസിൽ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ നടന്ന ചില പരിപാടികൾക്ക് കാണികളെ നിശ്ചിത അളവിൽ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാദേശിക ടീമുകളുടെ ക്രിക്കറ്റ്, ബാസ്കറ്റ്ബാൾ, ഗോൾഫ്, പോളോ തുടങ്ങിയ മത്സരങ്ങളിലാണ് കാണികളെ പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.