ഒമാൻ-യു.എ.ഇ റെയിൽ; ടെൻഡറിന്‍റെ പ്രാരംഭ നടപടികൾ തുടങ്ങി
text_fieldsഅബൂദബി: ഒമാനെയും യു.എ.ഇയിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ ടെൻഡർ നടപടിക്രമങ്ങൾ ‘ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി’ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി, സിവിൽ വർക്കുകളുടെ ടെൻഡറിൽ പങ്കെടുക്കാനുള്ള യോഗ്യതക്ക് അപേക്ഷ ക്ഷണിച്ചു. ഈ പട്ടികയിൽനിന്ന് യോഗ്യത നേടുന്ന സ്ഥാപനങ്ങൾക്കായിരിക്കും അന്തിമ ടെൻഡർ സമർപ്പിക്കാൻ അനുമതി നൽകുക.
ഒമാനിലോ യു.എ.ഇയിലോ രജിസ്റ്റർ ചെയ്ത കമ്പനികളോ മുമ്പ് ഇത്തരം പ്രവൃത്തികൾ ചെയ്ത അനുഭവ പരിചയമുള്ളവരോ ആയിരിക്കണം ടെൻഡർ സമർപ്പിക്കേണ്ടത്. യു.എ.ഇ-ഒമാൻ റെയിൽവേ പദ്ധതിക്കായി ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ ഇ.പി.സി കാരാർ (എൻജിനീയറിങ്, നിർവഹണം, നിർമാണം) നൽകുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മാവാലി നേരത്തേ പറഞ്ഞിരുന്നു.
റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കൻ ബാത്തിനയിലും ബുറൈമിയിലെയും 521 കേസുകൾക്ക് സർക്കാർ അംഗീകരിച്ച സംവിധാനങ്ങൾ അനുസരിച്ച് ആറു മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുമെന്ന് ഭവന, നഗര വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
റെയിൽ പദ്ധതിയുടെ നടത്തിപ്പിന് ഫെബ്രുവരിയിൽ സുപ്രധാന ചുവടുവെപ്പ് അധികൃതർ നടത്തിയിരുന്നു. 303 കിലോമീറ്റർ പാതയുടെ വികസനത്തിനായി മേല്‍നോട്ടം വഹിക്കുന്ന ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി അബൂദബിയിലെ മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുമായാണ് കരാർ ഒപ്പിട്ടത്. മൂന്നു ശതകോടി ഡോളറിന്റെ നിക്ഷേപ കരാറിലാണ് എത്തിയിരിക്കുന്നത്. ഇതോടെ നിർമാണം അതിവേഗം ആരംഭിക്കുമെന്ന പ്രതീക്ഷക്ക് ശക്തിയേറി.
കഴിഞ്ഞ സെപ്റ്റംബറിൽ യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദിന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മിൽ റെയിൽവേ ശൃംഖല സ്ഥാപിക്കാൻ ധാരണയിലെത്തിയിത്. പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വിനോദസഞ്ചാരവും ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമാനിലെ തുറമുഖ നഗരമായ സുഹാറിനെയും യു.എ.ഇ തലസ്ഥാനമായ അബൂദബിയെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 303 കിലോമീറ്റര്‍ പാത എപ്പോള്‍ പൂർത്തിയാക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല. ഏകദേശം 1.160 ശതകോടി റിയാൽ ചെലവിലായിരിക്കും പദ്ധതി ഒരുക്കുക. റെയിൽവേ ശൃംഖല നടപ്പിലാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഒമാൻ റെയിലും ഇത്തിഹാദ് റെയിലും ചേർന്ന് ‘ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ’ എന്ന കമ്പനി സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.