ഇന്ത്യയിൽനിന്ന് പ്രത്യേക വിമാനത്തിൽ 95 ആരോഗ്യ പ്രവർത്തകരെത്തി
text_fieldsദുബൈ: യാത്രാവിലക്കിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ 95 ആരോഗ്യ പ്രവർത്തകർ പ്രത്യേക വിമാനത്തിൽ ദുബൈയിൽ തിരിച്ചെത്തി.
ദുബൈ ആരോഗ്യ വിഭാഗത്തിെൻറ പ്രത്യേക അനുമതിയോടെ സുലേഖ ആശുപത്രി ജീവനക്കാരാണ് തിരിച്ചെത്തിയത്. കഴിഞ്ഞ മൂന്നുമാസമായി ഇന്ത്യയിൽ കുടുങ്ങിയ ഡോക്ടർമാർ, നഴ്സുമാർ, മറ്റു ആശുപത്രി ജീവനക്കാർ എന്നിവരടങ്ങുന്ന സംഘമാണ് തിരിച്ചെത്തിയതെന്ന് ആശുപത്രി അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളും വിമാനങ്ങളിലുണ്ടായിരുന്നു.
ജൂലൈ 9, 10, 12 തീയതികളിലാണ് കൊച്ചി, ബംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നായി വിമാനങ്ങൾ പറന്നത്. സ്ഥാപനത്തിെൻറ ഫലപ്രദമായ ആശയവിനിമയവും ആരോഗ്യ അധികാരികൾ, എയർലൈൻസ്, ജീവനക്കാർ എന്നിവരുമായുള്ള ഏകോപനവും വഴിയാണ് യാത്ര സുഗമമായതെന്ന് ആശുപത്രി എച്ച്.ആർ വിഭാഗം സീനിയർ ഡയറക്ടർ വിജയ സെൻ പറഞ്ഞു. ഇന്ത്യയിൽ നിന്ന് എത്തിയവർക്ക് ആശുപത്രി ഹോം ക്വാറൻറീൻ സംവിധാനവും ഒരുക്കി.
ഏപ്രിൽ അവസാനം ആരംഭിച്ച യാത്രാവിലക്കിനെ തുടർന്ന് നിരവധി പേരാണ് ഇന്ത്യയിൽ നിന്ന് തിരിച്ചുവരാനാകാതെ നാട്ടിൽ കുടുങ്ങിയത്. ഗോൾഡൻ, സിൽവർ, ബിസിനസ്, ഇൻവെസ്റ്റർ വിസയുള്ളവർക്ക് മാത്രമാണ് നിലവിൽ തിരിച്ചുവരാൻ കഴിയുന്നത്. അതിനിടെയാണ് ആരോഗ്യ ജീവനക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക അനുമതി നൽകിയത്.
തിരിച്ചെത്താൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അനിവാര്യ സാഹചര്യത്തിൽ സേവനം ചെയ്യാൻ സാഹചര്യമൊരുക്കിയ സ്ഥാപനത്തോടും അധികൃതരോടും നന്ദിയുണ്ടെന്നും മടങ്ങിയെത്തിയവർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.