തടസ്സങ്ങളുടെ പെരുമഴക്കൊടുവിൽ 29ാം ദിവസം ഫ്രഡിക്ക് അന്ത്യനിദ്ര
text_fieldsദുബൈ: ജീവിതവഴിയിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഗോവൻ സ്വദേശിയുടെ അന്ത്യനിദ്രക്ക് ആറടി മണ്ണൊരുക്കാൻ മൃതദേഹവുമായി നെട്ടോട്ടമോടുകയായിരുന്നു കുറച്ച് യുവാക്കൾ. ഒന്നിന് പിറകെ ഒന്നായി തടസ്സങ്ങളുടെ പെരുമഴ പെയ്തിട്ടും പതറാതെ പൊരുതിയ അവരുടെ മുന്നിൽ നിയമവും നിബന്ധനകളുമെല്ലാം വിട്ടുവീഴ്ച ചെയ്തപ്പോൾ, 29 ദിവസത്തിനുശേഷം ഫ്രഡി അൽഫോൺസോയുടെ മൃതദേഹം സോനാപൂരിലെ ആറടി മണ്ണ് ഏറ്റുവാങ്ങി.
ഹംപാസ് വളൻറിയേഴ്സ് ഏറ്റെടുത്ത ദൗത്യത്തിന് ദുബൈ പൊലീസും ഇന്ത്യൻ കോൺസുലേറ്റും എമിഗ്രേഷൻ വിഭാഗവും ദുബൈ മുനിസിപ്പാലിറ്റിയുമെല്ലാം സഹായം ചൊരിഞ്ഞതോടെയാണ് ഫ്രഡിയുടെ സംസ്കാരത്തിന് സെമിത്തേരിയൊരുങ്ങിയത്.
കഴിഞ്ഞ 13ന് ആണ് ഹംപാസ് വളൻറിയർ നിഷാജിന് ഇന്ത്യൻ കോൺസുലേറ്റിൽനിന്ന് ഫോൺ കാൾ വന്നത്. 23 ദിവസമായി ആരും ഏറ്റെടുക്കാനില്ലാതെ ഗോവൻ സ്വദേശിയുടെ മൃതദേഹം റാഷിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും കേസും പിഴയുമുള്ളതിനാൽ ഇവിടെ സംസ്കരിക്കാൻ കഴിയുന്നില്ലെന്നും എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നുമായിരുന്നു ചോദ്യം.
പാസ്പോർട്ടും വിസയും മറ്റു രേഖകളുമൊന്നുമില്ല. അന്നു തുടങ്ങിയ ഓട്ടമാണ്. നാട്ടിലെ ബന്ധുക്കളെ വിളിച്ചപ്പോൾ മൃതദേഹം ഏറ്റെടുക്കാൻ അവർ തയാറായില്ല. ഏഴു വർഷമായി മക്കളെയും ഭാര്യയെയും തിരിഞ്ഞുനോക്കാത്തയാളുടെ മൃതദേഹം വേണ്ടെന്നായിരുന്നു അവരുടെ മറുപടി. ദുബൈയിലുള്ള ബന്ധുവും കൈയൊഴിഞ്ഞു.
മരണ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കലായിരുന്നു ആദ്യദൗത്യം. ഇതുമായി ദുബൈയിലെയും ഷാർജയിലെയും സെമിത്തേരികളിലെത്തിയെങ്കിലും വിസയില്ലാത്തയാളെ അടക്കാൻ കഴിയില്ലെന്ന് ഇവർ അറിയിച്ചു. ദഹിപ്പിക്കാൻ കഴിയുമെന്ന് അവർ അറിയിച്ചെങ്കിലും ക്രിസ്ത്യാനിയായ ഫ്രെഡിയെ സെമിത്തേരിയിൽ അടക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ തുടർന്നു.
വിസയുമായി ബന്ധപ്പെട്ട് എമിഗ്രേഷനെ സമീപിച്ചപ്പോഴാണ് ഫ്രെഡിയുടെ പിഴ തുകയുെട ആഴം അറിഞ്ഞത്. 1.92 ലക്ഷം ദിർഹം. യു.എ.ഇയിലെ വലിയൊരു കമ്പനിയുടെ ഉയർന്ന സ്ഥാനത്ത് ജോലി ചെയ്തിരുന്ന ഫ്രെഡി 2014ൽ സ്ഥാപനത്തിൽനിന്ന് ചാടിപ്പോയതാണ്. വിസ റദ്ദാക്കാതെയായിരുന്നു ഇയാളുടെ ഒളിച്ചോട്ടം. ഈ വകയിലാണ് 1.92 ലക്ഷം ദിർഹം പിഴ വന്നത്. ഇത് അടക്കാതെ വിസ റദ്ദാക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു.
ഒടുവിൽ, എമിഗ്രേഷനിലെ ഗഫൂർ എന്ന സുഹൃത്ത് വഴി മുദീറിനെ പറഞ്ഞ് മനസ്സിലാക്കി. രണ്ടു ദിവസമെടുത്തെങ്കിലും പിഴ എഴുതിത്തള്ളി വിസ റദ്ദാക്കി നൽകി. ഇവിടെയും തീർന്നില്ല പ്രശ്നം. കാലാവധിയുള്ള വിസയില്ലാത്തതിനാൽ ഇവിടെ മറവ് ചെയ്യാൻ കഴിയില്ലെന്ന് ദുബൈ പൊലീസ് അറിയിച്ചു. മൃതദേഹം നാട്ടിേലക്കയക്കാനായിരുന്നു അവരുടെ നിർദേശം. ഇന്ത്യൻ കോൺസുലേറ്റിൽനിന്ന് ദുബൈ ഹെഡ് ക്വാർട്ടേഴ്സിേലക്ക് കത്തയച്ചതോടെ പൊലീസും സഹായത്തിനെത്തി. പൊലീസിെൻറ പ്രേത്യക അനുമതിപത്രവുമായി സോനപൂരിലെ സെമിത്തേരിയിലെത്തി.
എന്നാൽ, ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സംസ്കരിക്കാനാവില്ലെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
ഉദ്യോഗസ്ഥരുടെതന്നെ സഹായത്തോടെ ഈ അനുമതിയും നേടിയാണ് െഫ്രഡിക്ക് അന്ത്യയാത്രയൊരുക്കിയത്. ക്രിസ്ത്യൻ രീതിയിലെ വിശ്വാസങ്ങളും രീതിയും അറിയാത്തതിനാൽ സെമിത്തേരിയിലെ സാങ്കേതിക പ്രവർത്തകരോട് ചോദിച്ചാണ് മുസ്ലിം യുവാക്കളായ നിഷാജ് ഷാഹുലും അലി മുഹമ്മദും സുഹൈലും ചേർന്ന് സംസ്കാരം നടത്തിയത്.
മരിച്ചതിെൻറ 29ാം ദിവസം ആറടി മണ്ണിലേക്ക് അലിഞ്ഞുചേർന്ന ഫ്രെഡിയുടെ സംസ്കാര ചെലവുകൾ കമ്പനിയാണ് വഹിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.