ഹൈവേകളിൽ അതിവേഗ ഇ.വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും
text_fieldsദുബൈ: യു.എ.ഇയിലെ ഹൈവേകളിൽ അതിവേഗ ഇലക്ട്രിക് വാഹന (ഇ.വി) ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതു സംബന്ധിച്ച് യു.എ.ഇ ഊർജ-അടിസ്ഥാന സൗകര്യ മന്ത്രാലയം 'സീമൻസ്'ടെക്നോളജിയുമായി കരാറിൽ ഒപ്പുവെച്ചു. സുസ്ഥിര ഗതാഗത സംവിധാനത്തിന് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് മന്ത്രാലയം പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇലക്ട്രിക് വാഹന ഉപയോഗം വർധിക്കുന്നത് കാർബൺ പുറന്തള്ളൽ കുറക്കുകയും പരിസ്ഥിതി ആഘാതങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.
പദ്ധതിയിൽ റാസൽഖൈമ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിലെ ഹൈവേകളിലാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക.
വളരെ വേഗത്തിൽ ചാർജ് ചെയ്യാനാവുന്ന സീമെൻസ് സിചാർജ് ഡി 160 കെ.വി അൾട്രാ ഫാസ്റ്റ് സംവിധാനമാണ് സ്ഥാപിക്കുക. വിപണിയിൽ ഇ.വി വാഹനങ്ങൾക്ക് ഉപയോക്താക്കളുടെ എണ്ണം വർധിച്ചതോടെയാണ് പുതിയ സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
നിലവിൽ ദുബൈയിൽ മാത്രം 560 ചാർജിങ് സ്റ്റേഷനുകൾ നിലവിലുണ്ട്. ദുബൈ വൈദ്യുതി-ജല അതോറിറ്റി (ദീവ) നിയന്ത്രിക്കുന്ന ഇവിടങ്ങളിൽനിന്ന് രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും ചാർജ് ചെയ്യാൻ സൗകര്യമുണ്ട്.
രാജ്യവ്യാപകമായി പരിസ്ഥിതി സൗഹൃദ സംവിധാനങ്ങൾ രൂപപ്പെടുത്താൻ യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് ഊർജ മന്ത്രാലയം അണ്ടർ സെക്രട്ടറി ശരീഫ് സാലിം അൽ ഉലമ പറഞ്ഞു. കാർബൺ പുറന്തള്ളൽ കുറക്കുന്നതിന് വ്യത്യസ്ത ഊർജ സംവിധാനങ്ങളും ഭാവി സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നു. ആവശ്യത്തിനും ലഭ്യതക്കും അനുസരിച്ചാണ് നടപടികൾ സ്വീകരിച്ചുവരുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
ജർമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീമെൻസ് കമ്പനി ചാർജിങ് ഇൻഫ്രാസ്ട്രക്ചർ ഉപകരണങ്ങൾ, കൺട്രോൾ ആൻഡ് മോണിറ്ററിങ് സോഫ്റ്റ്വെയർ, പുതിയ നെറ്റ്വർക്കിന് പരിശീലനവും കമീഷൻ ചെയ്യുന്നതിന് പിന്തുണയും എന്നിവ കരാറിന്റെ ഭാഗമായി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.