ഉമ്മുല്‍ ഖുവൈൻ ഇന്ത്യൻ അസോസിയേഷന്‍ ഓണാഘോഷം
text_fieldsഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ ഖുവൈൻ ഇന്ത്യൻ അസോസിയേഷനില്‍ രണ്ടുദിവസമായി നടന്ന ഓണാഘോഷം വിവിധ പരിപാടികളോടെ സമാപിച്ചു. റേഡിയോ അവതാരക ദീപ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ് സജാദ് സഹീർ നാട്ടിക അധ്യക്ഷത വഹിച്ചു.
സാംസ്‌കാരിക പരിപാടിയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്‍റ് ഡോ. ഇ.പി. ജോൺസൺ ഓണസന്ദേശം നൽകി. സാമൂഹിക പ്രവർത്തകൻ ചാക്കോ ഊളക്കാടൻ, റിപ്പോർട്ടർ മിഡിലീസ്റ്റ് പ്രതിനിധി ജോബി വാഴപ്പിള്ളി എന്നിവർ സംസാരിച്ചു. തിരുവാതിരയടക്കം അംഗങ്ങളുടെ വിവിധയിനം കലാപരിപാടികളും ഗാനമേളയും അരങ്ങേറി. രണ്ടാംദിവസം പായസമത്സരത്തോടെ ആരംഭിച്ച പരിപാടിയിൽ ആയിരത്തിലധികം പേർക്ക് ഓണസദ്യ വിളമ്പി.
ശിങ്കാരിമേളം, പൂക്കള മത്സരം, യു.എ.ഇ ഓപൺ തിരുവാതിര മത്സരം, മലയാളി മങ്ക, പുരുഷ കേസരി മത്സരങ്ങൾ അരങ്ങേറി. രണ്ടാം ദിവസത്തെ പരിപാടിയിൽ എഫ്.എന്‍.സി അംഗം റാഷിദ് അൽ കഷഫ് മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ കോൺസൽ അംരീഷ് കുമാർ സംസാരിച്ചു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി, ഇന്ത്യൻ സോഷ്യൽ സെന്റർ അജ്‌മാൻ പ്രസിഡന്‍റ് ജാസിം മുഹമ്മദ്, റാസൽഖൈമ കേരളസമാജം പ്രസിഡന്‍റ് നാസർ അൽദാന, അഡ്വ. നജുമുദ്ദീൻ എന്നിവർ അതിഥികളായിരുന്നു. എന്‍.ടി.വി ചെയർമാൻ മാത്തുക്കുട്ടി കഡോൺ സമ്മാന ദാനം നിർവഹിച്ചു.
ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്‍റുമായ ഷനൂജ് നമ്പ്യാർ, മുൻ പ്രസിഡന്‍റ് സി.എം. ബഷീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ സ്വാഗതവും ജോ. സെക്രട്ടറി വിദ്യാധരൻ എരുത്തിനാട് നന്ദിയും പറഞ്ഞു. രാത്രി നടന്ന ഉറിയടി, വടംവലി മത്സരങ്ങളോടെ പരിപാടികൾ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.