മായാത്ത പൂക്കളം മനസ്സിലേറ്റി ഇവർ...
text_fieldsലോകത്തെ ഏത് കോണിലായാലും മലയാളിയുടെ മനസില്‍ ആഹ്ളാദാരവങ്ങളുടെ മത്താപ്പൂ തെളിയുന്നതാണ് ഓണ നാളുകള്‍. കേരളത്തില്‍ അത്തം നാള് തുടങ്ങി പത്താം ദിനത്തില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീഴുമ്പോള്‍ മാസങ്ങളോളം നീണ്ടു നീല്ക്കുന്നതാ(യിരുന്നു)ണ് പ്രവാസ നാടുകളിലെ ആഘോഷം.
കഥകളി, മോഹിനിയാട്ടം, തുള്ളല്‍, തെയ്യം, കൂത്ത്, കൃഷ്ണനാട്ടം, കൂട്ടിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, വേലക്കളി, തിരുവാതിരക്കളി തുടങ്ങിയ മലയാണ്മകള് ജീവസുറ്റതാകുന്ന നാളുകളാണ് പ്രവാസ ലോകത്തെ ഓണവേദികള്. ലോകം അനുഭവിക്കുന്ന അസാധാരണ സാഹചര്യങ്ങളുടെ തീഷ്ണതയുടെ വേപതുവില് ഈ കലാവിരുന്നുകളെല്ലാം മാറ്റിവെച്ചാകും യു.എ.ഇയിലെ പ്രവാസി മലയാളികളും ഓണത്തെ വരവേല്‍ക്കുക.
മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചുള്ള ആഘോഷ പരിപാടികളോട് സമരസപ്പെടുകയാണ് പ്രവാസ ലോകത്തെയും കലാ പ്രതിഭകള്‍. വ്യത്യസ്ത മേഖലകളില്‍ തൊഴിലെടുക്കുമ്പോഴും തങ്ങളിലെ പ്രതിഭകളെ ചിതലരിക്കാതെ നിലനിര്‍ത്തുന്നവരില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നവരാണ് റാസല്‍ഖൈമയിലെ അനുപമ വി. പിള്ള, സിന്ധു ബാലകൃഷ്ണന്, ദീപ പുന്നയൂര്‍ക്കുളം എന്നിവര്‍, മൂവരും കുടുംബിനികള്‍-സംരംഭകര്‍-നര്‍ത്തകിമാര്‍.
അനുപമ വി. പിള്ള
കേരളത്തിെൻറ തനത് കലകളുടെ നേര്‍ച്ചക്കാഴ്ച്ചകള്‍ സമ്മാനിക്കുന്നതായിരുന്നു കോവിഡിന് മുമ്പത്തെ യു.എ.ഇയിലെ ഓണാഘോഷ നാളുകളെന്ന് റാസല്‍ഖൈമയില്‍ പഠിച്ചു വളര്‍ന്ന വർക്കല സ്വദേശിനി അനുപമ വി. പിള്ള പറയുന്നു. മൂന്ന് വയസുള്ളപ്പോള്‍ നൃത്തചുവട് വെച്ച് തുടങ്ങിയ തനിക്ക് രക്ഷിതാക്കള്‍ നല്കിയ പ്രോല്‍സാഹനമാണ് ഈ വഴി സുഗമമാക്കിയത്.
സ്കൂള്‍ തലങ്ങളിലെ പ്രകടനങ്ങളില്‍ ലഭിച്ച് തുടങ്ങിയ ഉപഹാരങ്ങള്‍ ഇന്ന് ലയന്‍സ് ക്ളബ് ഓഫ് ചെന്നൈ അമുദുര് അസോസിയേഷെൻറ 2021ലെ ലൈഫ്ടൈം അച്ചീവ്മെൻറ് അന്താരാഷ്ട്ര പുരസ്കാരത്തില്‍ വരെ എത്തി നില്ക്കുന്നു. പഠനത്തോടൊപ്പം ശാസ്ത്രീയ സംഗീതത്തെയും ജീവവായു പോലെ നൃത്തച്ചുവടുകളെയും ഒപ്പം നിര്‍ത്തി. കുരുന്നുകള്‍ക്ക് സംഗീത-നൃത്തങ്ങള്‍ അഭ്യസിപ്പിക്കല് വിനോദം. റാക് ലജൻറ്സ് പെര്‍ഫോമിംഗ് ആർട്സ് സെൻറര്‍ ഡയറക്ടറായ അനുപമയുടെ ഭര്‍ത്താവ് എഞ്ചിനീയര്‍ ഗോപകുമാര്‍.
സിന്ധു ബാലകൃഷ്ണന്
സംഗീത കച്ചേരി ഉള്‍പ്പെടെ ഇന്ത്യയുടെ പരമ്പരാഗത കലാ പ്രകടനങ്ങള്‍ നാട്ടിലും അമേരിക്കയും യു.എ.ഇയും ഉള്‍പ്പെടെയുള്ള മറു നാടുകളിലുമായ വേദികളില്‍ അവതരിപ്പിച്ച സന്തോഷ നിര്‍വൃതിയിലാണ് സിന്ധു ബാലകൃഷ്ണന്. സംഗീതവും നൃത്തച്ചുവടുകളുമായി കാണികള്‍ക്ക് ആസ്വാദ്യകരമായ വിരുന്നൊരുക്കുന്നതില്‍ ആഹ്ളാദം. ഓണ നാളിലെ ആഘോഷ പരിപാടികള്‍ ഓണ്ലൈനിലായതില് തെല്ല് പരിഭവമുണ്ടെങ്കിലും മഹാമാരി നാളില്‍ ഇങ്ങനെയെങ്കിലും ചെയ്യാന്‍ കഴിയുന്നതില്‍ ആശ്വാസം.
ഭര്‍ത്താവ് അഡ്വ. ബാലൃഷ്ണന്‍ നല്കുന്ന പ്രോല്‍സാഹനം വലുത്. സ്കൂള്‍-സര്‍വകലാശാല കലോത്സവങ്ങളിൽ കലാതിലക പട്ടം ചൂടിയിട്ടുള്ള സിന്ധു ആറു വര്‍ഷത്തോളം എറണാകുളം സെൻറ് തെരേസസ് കോളജില്‍ അധ്യാപനം നടത്തിയിരുന്നു. സംഗീതത്തില്‍ ബിരുദം ബിരുദാനന്തര ബിരുദം, ഭരതനാട്യത്തിലും മാസ്റ്റര്‍ ഡിഗ്രി. യു.ജി.സി - നെറ്റ്, പതിറ്റാണ്ട് പിന്നിടുന്ന യു.എ.ഇ പ്രവാസം. റാക് മാത്ര ആർട്സ് ഇൻസ്റ്റിറ്യൂട്ട് ഡയറക്ടറായ സിന്ധു ബാലകൃഷ്ണന് സംഗീത ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
ദീപ പുന്നയൂര്‍ക്കുളം
നൃത്തത്തിനൊപ്പം അഭിനയവും ഒന്നിച്ചു കൊണ്ട് പോകുന്ന കലാകാരിയാണ് ദീപ പുന്നയൂര്‍ക്കുളം. യു.എ.ഇയിലെ വേദികള്‍ക്ക് പുറമെ സുഹൃദ് കുടുംബ സംഗമങ്ങളിലും കലാ വിരുന്നുമായി കൂട്ടുകൂടാറുണ്ട്. റാക് സര്‍ക്കാറിെൻറ വേദികളില്‍ അവതരിപ്പിച്ച കഥകളി പ്രകടനത്തിന് അംഗീകരം ലഭിച്ചിരുന്നു.
രണ്ടാം വര്‍ഷവും ഓണാഘോഷ പരിപാടികള്‍ വീടുകളില്‍ ഒതുങ്ങുന്നത് താനുള്‍പ്പെടുന്ന കലാകാരികള്‍ക്ക് നഷ്ടപ്പെടുത്തുന്നത് അവസരങ്ങളാണെന്ന് ദീപ പറയുന്നു. ചെറുതും വലുതുമായ കൂട്ടായ്മകള്‍ ഒരുക്കുന്ന സൗജന്യമായ കലാവിരുന്നുകള്‍, നാട്ടില്‍ നിന്നുള്ള പ്രശസ്തരെ അതിഥികളായി സ്വീകരിച്ച് ഒരുക്കുന്ന വമ്പന്‍ പ്രകടനങ്ങള്‍. തുടങ്ങിയവ കോവിഡിന് മുമ്പത്തെ യു.എ.ഇയിലെ ഓണ പരിപാടികള്‍. ഇതിെൻറ ഭാഗമാകാന്‍ തന്നെ പോലുള്ള ചെറിയ കലാകാരികള്‍ക്കും കഴിഞ്ഞിരുന്നത് ഓണഘോഷത്തിലെ നല്ലോര്മകള്. സ്കൈ ആർട്സ് സ്ഥാപന ഉടമയാണ് ദീപ. സുരേന്ദ്രനാണ് ഭര്‍ത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.