ഓണവും പൂരവും ഒരുമിക്കുന്നു; ആഘോഷം സൂക് അൽ മർഫയിൽ
text_fieldsദുബൈ: കേരളത്തിലെ പ്രധാന ആഘോഷങ്ങളായ ഓണവും പൂരവും ഒരേവേദിയിൽ ഒരുമിക്കുന്നു. ദുബൈ ഐലൻഡിലെ സൂഖ് അൽ മർഫയിലാണ് 'ഓണപ്പൂരം' അരങ്ങേറുന്നത്. മേക്കർസ് മീഡിയയുടെ ബാനറിൽ എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ് അലുമ്നിയും ഇന്‍റനാഷനൽ പ്രമോട്ടേർസ് അസോസിയേഷനും ചേർന്നാണ് ഓണപ്പൂരമൊരുക്കുന്നത്. ഞായറാഴ്ചയാണ് പരിപാടി. ആഘോഷത്തോടനുബന്ധിച്ചു നടത്തുന്ന ജലഘോഷയാത്ര പരിപാടിയുടെ മുഖ്യ ആകർഷണമാകും. കേരളത്തനിമ വിളിച്ചുണർത്തുന്ന വ്യത്യസ്ത കലാരൂപങ്ങൾക്കൊപ്പം 300ഓളം പേർ ജലഘോഷയാത്രയിൽ അണിചേരുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
താളമേളങ്ങളുടെ സംഗീത വിസ്മയം ഒരുക്കാൻ ആട്ടം കലാസമിതിയും ചെമ്മീൻ ബാൻഡും ചേർന്നൊരുക്കുന്ന 33 കലാകാരന്മാരുടെ ചെണ്ട ഫ്യൂഷൻ കാണികൾക്ക് വിസ്മയാനുഭവം പകരും. സൂക് അൽ മർഫയിലെ അതിമനോഹര വേദി ആഘോഷരാവിന് മാറ്റുകൂട്ടും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഓണാഘോഷത്തിന്‍റെ ഭാഗമായി അത്തപ്പൂക്കളം -പായസ മത്സരങ്ങൾ, ഓണപ്പാട്ട്, വടംവലി, ഉറിയടി തുടങ്ങിയ മത്സരങ്ങൾക്ക് മേമ്പൊടിയായി 2000ത്തോളം പേർക്കുള്ള സദ്യയും ഒരുക്കിയിട്ടുണ്ട്.
5000ത്തോളം ആളുകൾ പങ്കെടുക്കുന്ന ആഘോഷത്തിന് കേരളത്തിന്‍റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന വേദിയൊരുക്കുന്നത് കലാസംവിധായകൻ ബാവയാണ്.
മെഗാ അത്തപ്പൂക്കളം ഓണപ്പൂരത്തിന്‍റെ മറ്റൊരു ആകർഷണമാണ്. മലയാളിക്ക് ഓണവും പൂരവും ഒത്തൊരുമിക്കുന്ന ഈ അപൂർവ ആഘോഷത്തിന്‍റെ പ്രവേശന ടിക്കറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമായ Q Ticketsൽ ഉടൻ ലഭ്യമാകും. വാർത്തസമ്മേളനത്തിൽ സൂഖ് അൽ മർഫ ജനറൽ മാനേജർ മൂവാത് അൽ റഈസ്, ഡയറക്ടർ അനൂപ് ഗോപാൽ, ഐ.പി.എ ഫൗണ്ടർ എ.കെ. ഫൈസൽ, വൈസ് ചെയർമാൻ തങ്കച്ചൻ, എക്സിക്യൂട്ടിവ് മെംബർ ബിബി ജോൺ, എം.ഇ.എസ് എൻജിനീയറിങ് കോളജ് അലുമ്നി പ്രതിനിധികളായ അനീഷ് അൻസാരി, സക്കരിയ, മേകേഴ്സ് മീഡിയയുടെ സവ്വാബ് അലി, ഷീബ ഷിബിൻ സുൽത്താൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.