‘വൺ ബില്യൺ മീൽസ്’; 10 ദിവസം 40 കോടി ദിർഹം
text_fieldsദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദരിദ്രരെ സഹായിക്കുന്നതിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് റമദാനിലെ ആദ്യ പത്തുദിവസം ഒഴുകിയത് 40.4 കോടി ദിർഹം. പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവയുൾപ്പെടെ 70,000ത്തിലധികം ദാതാക്കളിൽനിന്നാണ് ഇത്രയും സംഭാവനകൾ ലഭിച്ചത്. കാമ്പയിനോടുള്ള ശ്രദ്ധേയമായ പ്രതികരണം യു.എ.ഇ സമൂഹത്തിന്റെ ഉദാരതയുടെ യഥാർഥ പ്രതിഫലനമാണെന്ന് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു. എല്ലാ വർഷവും യു.എ.ഇ ലോകമെമ്പാടുമുള്ള അധഃസ്ഥിത ജനവിഭാഗങ്ങളെ പിന്തുണക്കുന്നതിനും പട്ടിണിക്കെതിരെ പോരാടുന്നതിനുമുള്ള ആഗോള പ്രതിബദ്ധത പ്രകടമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ചുനീക്കാനുള്ള യു.എന്നിന്റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികൾക്കും പദ്ധതിയിലേക്ക് സംഭാവനകൾ നൽകാനാവും. ഭക്ഷണപ്പൊതികളായും വൗച്ചറുകളായുമാണ് ആളുകളിലേക്ക് എത്തുക. 2020ൽ 10 മില്യൺ മീൽസ് പദ്ധതിയും 2021ൽ 100 മില്യൺ മീൽസ് കാമ്പയിനും നടപ്പാക്കിയിരുന്നു. ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ് കഴിഞ്ഞ വർഷം മുതൽ ശതകോടി ഭക്ഷണപ്പൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.
10 ദിർഹമാണ് ഏറ്റവും കുറഞ്ഞ സംഭാവന തുക. 1billionmeals.ae എന്ന വെബ്സൈറ്റ് വഴി തുക കൈമാറാം. അല്ലെങ്കിൽ എമിറേറ്റ്സ് എൻ.ബി.ഡിയുടെ പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചും സംഭാവന ചെയ്യാം. മൊബൈൽ ഫോണിലെ ബാലൻസിൽനിന്ന് തുക അടക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഇത്തിസാലാത്ത്, ഡു ഉപഭോക്താക്കൾ Meal എന്ന് ടൈപ്പ് ചെയ്ത ശേഷം മെസേജ് അയച്ചാൽ മതി. 10 ദിർഹം 1034 എന്ന നമ്പറിലേക്കും 50 ദിർഹമാണെങ്കിൽ 1035ലേക്കും 100 ദിർഹമാണെങ്കിൽ 1036ലേക്കും 500 ആണെങ്കിൽ 1038 എന്ന നമ്പറിലേക്കും എസ്.എം.എസ് അയച്ചാൽ മതി. മാസത്തിൽ സംഭാവന ചെയ്യാനുള്ള ഒപ്ഷനിൽ കുറഞ്ഞ തുക 30 ദിർഹമാണ്. വലിയ സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് കാമ്പയിന്റെ കാൾസെന്ററായ 8009999ലേക്ക് വിളിച്ചാൽ ശരിയായ രൂപം പറഞ്ഞുതരുന്നതുമാണ്.
50 ലക്ഷം ദിർഹം സംഭാവന ചെയ്ത് ആർ.ടി.എ
ദുബൈ: ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് 50 ലക്ഷം ദിർഹം സംഭാവന ചെയ്ത് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഏറ്റവും വലിയ സുസ്ഥിര ഭക്ഷ്യസഹായ സംവിധാനമായ പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു.
ഐക്യത്തിന്റെയും അനുകമ്പയുടെയും സന്ദേശമാണ് പദ്ധതിയിലൂടെ യു.എ.ഇ ലോകത്തിന് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.