വണ്‍ ബില്യണ്‍ മീല്‍സ്; 11 കോടി രൂപ സംഭാവന പ്രഖ്യാപിച്ച് ഡോ. ആസാദ് മൂപ്പന്‍
text_fieldsദുബൈ: ലോകത്തിന്‍റെ വിശപ്പകറ്റാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച വൺ ബില്യൺ മീൽസ് പദ്ധതിയിലേക്ക് ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ അഞ്ച് ദശലക്ഷം ദിര്‍ഹം (11 കോടി രൂപ) സംഭാവന പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തേക്ക് വിവിധ രാജ്യങ്ങളിലെ ദുര്‍ബലരായ ജനസമൂഹങ്ങളിലേക്ക് സഹായിക്കുന്നതിനാണ് സംഭാവന പ്രഖ്യാപിച്ചത്.
ആഗോള തലത്തില്‍ പട്ടിണി അകറ്റുക എന്ന മഹത്തായ ലക്ഷ്യത്തോടെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം നടപ്പാക്കുന്ന ഉദ്യമമാണ് വണ്‍ ബില്യണ്‍ മീൽസ് പദ്ധതിയെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഈ ദൗത്യത്തിന്‍റെ ഭാഗമാകുന്നതില്‍ ഏറെ അഭിമാനിക്കുന്നു. ദൈവം നമുക്ക് നല്‍കിയ മഹത്തായ അനുഗ്രഹങ്ങള്‍ക്ക് പകരമായി സമൂഹത്തിന് തിരികെ നല്‍കാനുള്ള ഇത്തരം ശ്രമങ്ങളില്‍ പങ്കെടുക്കേണ്ടത് കടമയും ഉത്തരവാദിത്തവുമാണെന്ന് വിശ്വസിക്കുന്നു. മറ്റുവള്ളവരോട് ദയ കാണിക്കുകയെന്നത് ശീലമായി കാണേണ്ടതാണെന്ന സന്ദേശമാണ് ഇത് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൺ ബില്യൺ മീൽസ് വഴി സ്വരൂപിക്കുന്ന തുക ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അർഹരായവരിലേക്ക് ഭക്ഷണമെത്തിക്കാനാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിനകം പകുതിയിലേറെ തുക സമാഹരിച്ച് കഴിഞ്ഞു. കാമ്പെയ്നിന്‍റെ വെബ്സൈറ്റായ www.1billionmeals.ae, ടോള്‍ ഫ്രീ നമ്പറായ 800 9999 എന്നിവ വഴി ആർക്കും സംഭാവന നൽകാം. മൊബൈൽ ഫോണിലൂടെ എസ്.എം.എസ് വഴിയും സംഭാവന നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.