വൺ ബില്യൺ മീൽസ്;ഇതുവരെ സ്വരൂപിച്ചത് 25 കോടി ദിർഹം
text_fieldsദുബൈ: അർഹതപ്പെട്ടവരിലേക്ക് ഭക്ഷണമെത്തിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഹ്വാനംചെയ്ത വൺ ബില്യൺ മീൽസിന് ആദ്യ ആഴ്ചയിൽതന്നെ മികച്ച പ്രതികരണം. ഇതുവരെ 24.7 കോടി ദിർഹമാണ് ഇതുവഴി സ്വരൂപിച്ചത്. നൂറുകോടി ഭക്ഷണപ്പൊതികൾ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
13,220 പേരാണ് ഇതുവരെ സംഭാവന നൽകിയത്. വ്യക്തികളും ബിസിനസുകാരും സംഘടനകളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. 10 ദിർഹം മുതൽ കോടിക്കണക്കിന് ദിർഹം വരെ സംഭാവന നൽകിയവരുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സംഭാവന എത്തുമെന്നാണ് കരുതുന്നത്. 10 ലക്ഷം ദിർഹമിനു മുകളിൽ സംഭാവന നൽകുന്നവരുടെ പേര് ഇഫ്താർ പീരങ്കി വിഭാഗം ഒരുക്കുന്ന പ്രതിദിന തത്സമയ സംപ്രേഷണത്തിനിടെ പ്രഖ്യാപിക്കാനും ദുബൈ പൊലീസിന് പദ്ധതിയുണ്ട്. 1billionmeals.ae എന്ന വെബ്സൈറ്റ് വഴിയാണ് തുക കൈമാറേണ്ടത്. അല്ലെങ്കിൽ എമിറേറ്റ്സ് എൻ.ബി.ഡിയുടെ പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചും സംഭാവന ചെയ്യാം. മൊബൈൽ ഫോണിലെ ബാലൻസിൽനിന്ന് തുക അടക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തിസാലാത്ത്, ഡു ഉപഭോക്താക്കൾ Meal എന്ന് ടൈപ് ചെയ്തശേഷം മെസേജ് അയക്കാം. 10 ദിർഹം 1034 എന്ന നമ്പറിലേക്കും 50 ദിർഹമാണെങ്കിൽ 1035ലേക്കും 100 ദിർഹമാണെങ്കിൽ 1036ലേക്കും 500 ആണെങ്കിൽ 1038 എന്ന നമ്പറിലേക്കും എസ്.എം.എസ് അയച്ചാൽ മതി. മാസത്തിൽ സംഭാവന ചെയ്യാനുള്ള ഒാപ്ഷനിൽ കുറഞ്ഞ തുക 30 ദിർഹമാണ്. 8009999 നമ്പറിൽ വിളിച്ച് സഹായം തേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.