‘വൺ ബില്യൺ മീൽസ്’; വർഷം മുഴുവൻ സംഭാവന നൽകാം
text_fieldsദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദരിദ്ര ജനങ്ങളിലേക്ക് സഹായമെത്തിക്കുന്ന ‘വൺ ബില്യൻ മീൽസ്’പദ്ധതി വർഷം മുഴുവൻ തുടരും. റമദാന് തൊട്ടുമുമ്പ് ആരംഭിച്ച കാമ്പയിനിൽ ലക്ഷ്യംവെച്ച തുക ലഭിച്ചുവെങ്കിലും സംഭാവന സ്വീകരിക്കുന്നത് തുടരുമെന്ന് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് (എം.ബി.ആർ.ജി.ഐ) സി.ഇ.ഒ ഡോ. അബ്ദുൽ കരീം അൽ ഉലമ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സുസ്ഥിരമായ ഭക്ഷ്യസഹായ സംവിധാനമായി പദ്ധതിയെ പരിവർത്തിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലെ സംഭാവന 107.5 കോടി ദിർഹം പിന്നിട്ടിട്ടുണ്ട്. തുടർന്ന് 25 കോടി ദിർഹം ശൈഖ് മുഹമ്മദ് സ്വന്തം ഫണ്ടായും അനുവദിച്ചിരുന്നു. പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവയുൾപ്പെടെ 1.8 ലക്ഷത്തിലധികം ദാതാക്കളിൽനിന്നാണ് റമദാനിൽ സംഭാവനകൾ ലഭിച്ചത്. റമദാനിന് ശേഷവും സംഭാവന സ്വീകരിക്കുന്നതിലൂടെ വർഷം മുഴുവൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഹായമെത്തിക്കാൻ സാധിക്കും.
കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ചുനീക്കാനുള്ള യു.എന്നിന്റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്. സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പദ്ധതിയിലേക്ക് സംഭാവനകൾ നൽകാനാവും. ഭക്ഷണപ്പൊതികളായും വൗച്ചറുകളായുമാണ് ആളുകളിലേക്ക് എത്തുക.
2020ൽ 10 മില്യൺ മീൽസ് പദ്ധതിയും 2021ൽ 100 മില്യൺ മീൽസ് കാമ്പയിനും നടപ്പാക്കിയിരുന്നു. ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ് കഴിഞ്ഞ വർഷം മുതൽ ശതകോടി ഭക്ഷണപ്പൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.
10 ദിർഹമാണ് ഏറ്റവും കുറഞ്ഞ സംഭാവന തുക. 1 billionmeals.ae എന്ന വെബ്സൈറ്റ് വഴി തുക കൈമാറാം. അല്ലെങ്കിൽ എമിറേറ്റ്സ് എൻ.ബി.ഡിയുടെ പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചും സംഭാവന ചെയ്യാം. മൊബൈൽ ഫോണിലെ ബാലൻസിൽനിന്ന് തുക അടക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് കാൾസെന്ററിലെ 8009999 നമ്പറിലേക്ക് വിളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.