വൺ ബില്യൺ മീൽസ്: രണ്ട് കോടി ദിർഹം നൽകി എം.ബി.ആർ.സി.എച്ച്
text_fieldsദുബൈ: റമദാനിൽ പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുന്ന വൺ ബില്യൺ മീൽസ് പദ്ധതിയിലേക്ക് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹുമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ് (എം.ബി.ആർ.സി.എച്ച്) രണ്ട് കോടി ദിർഹം സംഭാവന നൽകി. 50 രാജ്യങ്ങളിലേക്ക് സഹായമെത്തുന്ന പദ്ധതിയിലെ ആദ്യത്തെ ഏറ്റവും വലിയ സംഭാവനയാണിത്. തുടർന്നുള്ള ദിവസങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഈ പാത പിന്തുടരുമെന്ന് കരുതുന്നു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച പദ്ധതി റമദാൻ ഒന്ന് മുതൽ തുടങ്ങി. ഭക്ഷണപ്പൊതികളായും വൗച്ചറുകളായുമാണ് ആളുകളിലേക്ക് സഹായം എത്തുക. ഫലസ്തീൻ, ലെബനൻ, ജോർഡൻ, സുഡാൻ, യമൻ, തുനീഷ്യ, ഇറാഖ്, ഈജിപ്ത്, കൊസോവോ, ബ്രസീൽ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, കെനിയ, സെനഗാൾ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഭക്ഷണപ്പൊതികൾ എത്തും. ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹായത്തോടെയാണ് വിതരണം. 2020ൽ 10 മില്യൺ മീൽസ് പദ്ധതിയും കഴിഞ്ഞ വർഷം 100 മില്യൺ മീൽസ് കാമ്പയിനും നടപ്പാക്കിയിരുന്നു. ജനങ്ങൾ ഏറ്റെടുത്തതോടെയാണ് ഇക്കുറി ഒരു ശതകോടി ഭക്ഷണപ്പൊതികളായി ഉയർത്തിയത്.
എങ്ങനെ സംഭാവന നൽകാം
30 ദിർഹമാണ് ഏറ്റവും കുറഞ്ഞ സംഭാവന. 1billionmeals.ae എന്ന വെബ്സൈറ്റ് വഴി തുക കൈമാറാം. അല്ലെങ്കിൽ എമിറേറ്റ്സ് എൻ.ബി.ഡിയുടെ AE300260001015333439802 എന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാം. മൊബൈൽ ഫോണിലെ ബാലൻസിൽ നിന്ന് തുക അടക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി Meal എന്ന് ടൈപ്പ് ചെയ്ത ശേഷം മെസേജ് അയച്ചാൽ മതി. ഇത്തിസലാത്ത് ഉപഭോക്താക്കൾ 1110 എന്ന നമ്പറിലേക്കും ഡു ഉപയോഗിക്കുന്നവർ 1020ലേക്കുമാണ് മെസേജ് അയക്കേണ്ടത്. ദിവസം ഒരു ദിർഹം വീതം മാസം 30 ദിർഹം നൽകാനുള്ള സൗകര്യവും ഇതിലുണ്ട്. കാമ്പയിനിന്റെ കോൾസെന്ററായ 8009999 ലേക്ക് വിളിച്ചാലും കാമ്പയിന്റെ ഭാഗമാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.