സംഘടിത ഭിക്ഷാടനത്തിന് ഒരുലക്ഷം ദിർഹം പിഴ
text_fieldsഅബൂദബി: റമദാൻ മാസം ആഗതമാവാനിരിക്കെ സമൂഹ മാധ്യമങ്ങളിലൂടെയും വാട്സ്ആപ്പിലൂടെയും ഇ-മെയിലുകൾ മുഖേനയുമായുള്ള സഹായാഭ്യർഥനകൾക്കെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഇത്തരം നടപടികൾ കുറ്റകരമാണെന്നും പൊലീസ് വ്യക്തമാക്കി. മറ്റു രാജ്യങ്ങളിൽ പള്ളി നിർമിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിക്കാനും അനാഥരെ സംരക്ഷിക്കാനും രോഗികളെ ചികിത്സിക്കാനുമെന്നൊക്കെയുള്ള വ്യാജ ആവശ്യങ്ങളുയർത്തി സഹതാപം പിടിച്ചുപറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. യു.എ.ഇയിൽനിന്നും രാജ്യത്തിന് പുറത്തുനിന്നുമാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞിരിക്കുകയും തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. തട്ടിപ്പ് ശ്രദ്ധയിൽപെട്ടാൽ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. യാചകർക്ക് മൂന്നുമാസം തടവും 5000 റിയാലിൽ കുറയാത്ത പിഴയുമോ അല്ലെങ്കിൽ, ഇവ രണ്ടും ഒരുമിച്ചോ ലഭിക്കുന്നതാണ്.
സംഘടിതമായ ഭിക്ഷാടനത്തിന് ആറുമാസം തടവും ഒരുലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ. റമദാൻ മാസത്തിൽ യാചകരുടെ എണ്ണം വർധിക്കാറുണ്ട്. എന്നാൽ, ഇത് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തുന്നതാണ് യാചകരുടെ എണ്ണം കൂടാൻ കാരണമാവുന്നതെന്നും പൊലീസ് പറഞ്ഞു. റിപ്പോർട്ട് ചെയ്യപ്പെടില്ല എന്നതിനാൽ വ്യാജ യാചകർ ഇത് മുതലെടുക്കുകയുമാണ് ചെയ്യുന്നത്. അനുകമ്പ നേടാനായി കെട്ടുകഥകൾ പറഞ്ഞാണ് ഇത്തരം തട്ടിപ്പുകാർ സാമ്പത്തികനേട്ടം കൊയ്യുന്നതെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.