'ഹോപ്'കുതിച്ചുയർന്നിട്ട് ഒരുവർഷം
text_fieldsദുബൈ: അറബ് ലോകത്തെ ആദ്യ ചൊവ്വ പര്യവേക്ഷണ പേടകമായ യു.എ.ഇയുടെ 'ഹോപ് പ്രോബ്' (അൽ അമൽ) കുതിച്ചുയർന്നിട്ട് ഒരു വർഷം. 2020 ജൂലൈ 20നായിരുന്നു ഇമാറാത്തിനെ ലോകത്തിെൻറ ശ്രദ്ധാകേന്ദ്രമാക്കിയ വിക്ഷേപണം.
ജപ്പാനിലെ തനെഗാഷിമ ദ്വീപിൽനിന്നാണ് ഹോപ്പിനെയും വഹിച്ച് മിത്സുബിഷിയുടെ എം.എച്ച്.െഎ എച്ച്.ടു.എ റോക്കറ്റ് ചൊവ്വയിലേക്ക് യാത്ര തുടങ്ങിയത്. ഏഴുമാസത്തിന് ശേഷം, 493 ദശലക്ഷം കിലോമീറ്ററുകൾ സഞ്ചരിച്ച് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിയത് ഫെബ്രുവരി ഒമ്പതിനാണ്. ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 15ന് ചൊവ്വയുടെ ചിത്രം പകർത്തി ഭൂമിലേക്കയച്ചു. പിന്നീട് ശാസ്ത്രലോകത്തിന് വിസ്മയം പകർന്ന നിരവധി ചിത്രങ്ങൾ അയച്ച് ഹോപ് ലോകത്തിെൻറ മുഴുവൻ പ്രതീക്ഷയായി വളർന്നു.
735 ദശലക്ഷം ദിർഹം ചെലവുവന്ന ദൗത്യം ഇമാറാത്തിെൻറ ആറ് വർഷ പ്രയത്നഫലമാണ്. യു.എ.ഇയിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻററിൽ ഇമറാത്തി എൻജിനീയർമാരുടെ നേതൃത്വത്തിലാണ് പേടകം നിർമിച്ചത്. രണ്ട് മാസം മുമ്പാണ് ഇത് ജപ്പാനിൽ എത്തിച്ചത്. ചൊവ്വയുടെ താഴ്ന്ന അന്തരീക്ഷം ചിത്രീകരിക്കുകവഴി കാലാവസ്ഥമാറ്റങ്ങൾ നിരീക്ഷിക്കാനും ആഗോള കാലാവസ്ഥാ ഭൂപടം മനസ്സിലാക്കാനും ലക്ഷ്യമിട്ടാണ് ഹോപ് സഞ്ചരിച്ചത്. പ്രതീക്ഷ തെറ്റിക്കാതെ ഗ്രഹത്തിെൻറ രാത്രികാല അന്തരീക്ഷത്തിലെ വ്യത്യസ്തമായ അറോറ (ധ്രുവദീപ്തി) യുടെ ചിത്രം പകർത്തി ലോകത്തെ അമ്പരപ്പിക്കാൻ ദൗത്യത്തിനായി. സൂര്യനും ചൊവ്വയും തമ്മിലെ പഠനത്തിെൻറ മേഖലയിൽ ശാസ്ത്രത്തിന് വലിയ സാധ്യതകൾ തുറക്കുന്ന കണ്ടെത്തലായിരുന്നു ഇത്.
മോശം കാലാവസ്ഥയെ തുടർന്ന് രണ്ട് തവണ മാറ്റിവെച്ച, ശാസ്ത്രജ്ഞർ 50 ശതമാനം വിജയസാധ്യത കൽപിച്ച പേടകമായിരുന്നു ഹോപ്. എന്നാൽ, എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കി ചൊവ്വയിൽ പേടകം എത്തിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇയെ ഹോപ് മാറ്റി. ആദ്യ ശ്രമത്തിൽതന്നെ ദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ രാജ്യെമന്ന പകിട്ടോടെയാണ് അറബ് ലോകത്തിെൻറ വിജയപ്രതീകമായി ഹോപ് ഭ്രമണപഥത്തിലെത്തിയത്.
അസാധ്യമായതെന്തും യാഥാർഥ്യമാക്കുന്ന യു.എ.ഇയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുന്ന നേട്ടമായാണ് ഹോപ് അടയാളപ്പെടുത്തപ്പെടുന്നത്. ഹോപ്പിന് ഒരുവർഷം പൂർത്തിയാകുന്ന ദിവസത്തെ ഓർമപ്പെടുത്തി യു.എ.ഇ അഡ്വാൻസ്ഡ് ടെക്നോളജി സഹമന്ത്രി സാറ അൽ അമീരി ട്വീറ്റ് ചെയ്തു. കഴിഞ്ഞത് വെല്ലുവിളികളുടെയും നേട്ടങ്ങളുടെയും പ്രതീക്ഷയുടെയും ഒരു വർഷമാണെന്ന് അവർ പറഞ്ഞു.
ഹോപ്പിെൻറ ഭാവി
ഹോപ് ശേഖരിച്ച ചൊവ്വയുടെ എല്ലാ വിവരങ്ങളും ഒക്ടോബറിൽ പുറത്തുവിടും.
ചൊവ്വയുടെ അന്തരീക്ഷ ഡൈനാമിക്സും ഗ്രഹത്തിൽ ജീവെൻറ സാന്നിധ്യമില്ലാത്തതിെൻറ കാരണങ്ങളും പഠിക്കാൻ ഗവേഷകർക്ക് ഈ ഡാറ്റ ഉപയോഗിക്കാൻ കഴിയും. 2023 വരെ ഹോപ് ഗ്രഹത്തിെൻറ മുകളിലും താഴെയുമുള്ള അന്തരീക്ഷം നിരീക്ഷിക്കുന്നത് തുടരും. ഓരോ ഘട്ടത്തിലും ലഭ്യമാകുന്ന വിവരങ്ങൾ ലോകത്തിന് പങ്കുവെച്ച് ഹോപ് ദൗത്യം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.