ഒരുവർഷത്തിന് ശേഷം ടെർമിനൽ-1 തുറക്കുന്നു
text_fieldsദുബൈ: വരും ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ദുബൈ വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനൽ വീണ്ടും തുറക്കുന്നു. 15 മാസത്തിന് ശേഷമാണ് ടെർമിനൽ വൺ തുറക്കുന്നത്. 24 മുതൽ ടെർമിനലിൽ യാത്രക്കാരെ അനുവദിക്കുമെന്ന് എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫിത്സ് പറഞ്ഞു. 3500ഓളം പേർക്ക് ഇതുവഴി ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.
സ്കൂൾ അവധി, പെരുന്നാൾ എന്നിവ പ്രമാണിച്ച് വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. എക്സ്പോ ഉൾപ്പെടെ രാജ്യാന്തര മേളകളും തുടങ്ങാനിരിക്കുകയാണ്. അടുത്തമാസങ്ങളിലെ തിരക്ക് കണക്കിലെടുത്താണ് ടെർമിനൽ വൺ തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
24 മുതൽ ഇന്ത്യൻ യാത്രികർക്കും അനുമതി ലഭിക്കുന്നതോടെ വിമാനത്താവളത്തിൽ തിരക്കേറും. ദുബൈ വിമാനത്താവളത്തിലെത്തുന്നവരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. കോവിഡിനെ തുടർന്ന് വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം കുറഞ്ഞതോടെ 15 മാസം മുമ്പാണ് ടെർമിനൽ അടച്ചത്.
ലോകത്ത് ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്ന വിമാനത്താവളമാണ് ദുബൈ. എന്നാൽ, കോവിഡ് എത്തിയതോടെ 2019നെ അപേക്ഷിച്ച് 70 ശതമാനം യാത്രക്കാരാണ് കഴിഞ്ഞ വർഷം കുറഞ്ഞത്.
മഹാമാരിക്ക് മുമ്പുള്ള യാത്രക്കാരിൽ 90 ശതമാനവും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ജൂലൈ അവസാനത്തോടെ 90 ശതമാനം യാത്രക്കാർ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് അറിയിച്ചിരുന്നു. ജൂൺ 23 മുതൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിലേക്ക് സർവിസ് പുനരാരംഭിക്കുമെന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്.
അതേസമയം, ടെർമിനൽ 1 തുറക്കുന്നതോടെ 3500 പുതിയ ജോലികൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. 66 എയർലൈനുകളാണ് ടെർമിനൽ 1ൽനിന്ന് ഓപറേറ്റ് ചെയ്യുക.
ഇതോടെ കൂടുതൽ ജീവനക്കാരെ വേണ്ടിവരും. നേരത്തെ നിർത്തിവെച്ചിരുന്ന ചില ജോലികൾ പുനരാരംഭിക്കുന്നതിനൊപ്പം കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.