പ്ലാസ്റ്റിക് നിരോധനത്തിന് ഒരു വര്‍ഷം; ഉപയോഗം കുത്തനെ കുറഞ്ഞു
text_fieldsഅബൂദബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ തീരുമാനം വന്‍ വിജയമാക്കിയിരിക്കുകയാണ് അബൂദബിയിലെ താമസക്കാര്‍. ജനങ്ങളിലധികവും പ്രതീക്ഷിച്ചതിലും വേഗം പുനരുപയോഗിക്കാവുന്ന ബാഗുകളിലേക്കു മാറിയെന്നത് പദ്ധതിയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. തുണികൊണ്ടുള്ളതോ ഒന്നിലധികം തവണ ഉപയോഗിക്കാവുന്നതോ ആയ ബാഗുകള്‍ ഷോപ്പിങ്ങിനായി വരുമ്പോള്‍ ആളുകള്‍ കൈയില്‍ കരുതുന്നുണ്ട്.
ഒപ്പം, മറ്റ് ഡിസ്പോസിബിള്‍ പ്ലാസ്റ്റിക് ഉൽപന്നങ്ങള് ഉപയോഗിക്കുന്നതിലും ജാഗ്രത കൂടിയിട്ടുണ്ട്. അബൂദബി പരിസ്ഥിതി ഏജന്‍സിയുടെ തീരുമാനത്തോട് കച്ചവട സ്ഥാപനങ്ങള്‍ ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ വലിയതോതിലുള്ള മാറ്റമാണ് സാധ്യമായത്. ഏജന്‍സി പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കഴിഞ്ഞ 12 മാസത്തിനിടെ അബൂദബി എമിറേറ്റില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ദൈനംദിന ഉപയോഗം അഞ്ചു ലക്ഷത്തിലധികം കുറക്കാന്‍ കഴിഞ്ഞു. അബൂദബി സിംഗ്ള്‍ യൂസ് പ്ലാസ്റ്റിക് പോളിസിയുടെ ഭാഗമായി 2024 ജനുവരിയില്‍ പ്രാബല്യത്തില്‍ വരുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ മേലുള്ള അധിക നിയന്ത്രണം ഗുണകരമാകാന്‍ ഇത് സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
പ്ലാസ്റ്റിക് ബാഗുകള്‍ക്കു പുറമേ, പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകളുടെ പുനരുപയോഗം കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും എമിറേറ്റ് ശ്രമിക്കുന്നുണ്ട്. ദുബൈ, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിലവില്‍ നിയന്ത്രണങ്ങളുണ്ട്.12 മാസത്തിനിടെ പുനരുൽപാദനത്തിനായി 30 ദശലക്ഷം പ്ലാസ്റ്റിക് കുപ്പികളും ശേഖരിച്ചിട്ടുണ്ട്.
2022ല്‍ അബൂദബി പരിസ്ഥിതി ഏജന്‍സി ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് എമിറേറ്റിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. യു.എ.ഇയുടെ സുസ്ഥിര വികസനമെന്ന കാഴ്ചപ്പാടിലൂന്നി ഒട്ടേറെ പരിസ്ഥിതി സംരക്ഷണ പദ്ധതികളാണ് നടപ്പാക്കിയത്. 2021ല്‍ 7.25 ദശലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകളായിരുന്നു ശേഖരിച്ചതെങ്കില്‍ 2022ല്‍ ഇത് 30 ദശലക്ഷമായി ഉയര്‍ന്നുവെന്നതും ശ്രദ്ധേയമായി.
ആഗോള ശരാശരിയെക്കാള്‍ നാലിരട്ടി കൂടുതലായിരുന്ന പ്ലാസ്റ്റിക് ഉപയോഗമാണ് റെക്കോഡ് സമയത്തിനുള്ളില്‍ കുറച്ചത്. 2019ലെ കണക്കുപ്രകാരം എമിറേറ്റ്സില്‍ വര്‍ഷത്തില്‍ 1100 കോടി പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലാണ് നിരോധനം നടപ്പാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
പ്ലാസ്റ്റിക് നിരോധനത്തോടെ ചണച്ചാക്കുകള്‍, ബയോ ഡീഗ്രേഡബിള്‍ ബാഗുകള്‍, പുതിയ പേപ്പര്‍ ബാഗുകള്‍, റീസൈക്കിള്‍ ചെയ്ത പേപ്പര്‍ ബാഗുകള്‍, തുണിസഞ്ചികള്‍, അന്നജം അടിസ്ഥാനമാക്കിയുള്ള ബാഗുകള്‍ തുടങ്ങിയവയാണ് എമിറേറ്റില്‍ ബദല്‍ സംവിധാനമായി ഉപയോഗിച്ചുവരുന്നത്.
കൂടുതൽ നിയന്ത്രണം വരും
2024 ജനുവരി ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയും ഉൽപാദനവും വിതരണവും നിരോധിക്കുമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, കണ്ടെയ്നര്‍, പെട്ടികള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, കത്തികള്‍, സ്ട്രോ തുടങ്ങിയ മറ്റ് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം 2026 മുതല്‍ ഏര്‍പ്പെടുത്തും.പ്ലാസ്റ്റിക്കിനു പകരം തുണിബാഗുകളോ അല്ലെങ്കില്‍ പേപ്പര്ബാഗുകളോ ഉപയോഗിക്കുക, പ്ലാസ്റ്റിക് ബാഗുകള്‍ കൂടുതല്‍ തവണ ഉപയോഗിക്കുക, പ്ലാസ്റ്റിക് കപ്പിനു പകരം ചില്ല് ഗ്ലാസുകള്‍ ഉപയോഗിക്കുക, കഴുകി ഉപയോഗിക്കാവുന്ന സ്റ്റീല്‍ സ്ട്രോ ഉപയോഗിക്കുക, വീണ്ടും വീണ്ടും വെള്ളം നിറച്ചുപയോഗിക്കാവുന്ന കുപ്പികള്‍ ഉപയോഗിക്കുക, സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയ പരിഹാരമാര്‍ഗങ്ങളും അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ട്.
ഓരോ വര്‍ഷവും ഏകദേശം 13 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് ലോകത്തെ സമുദ്രങ്ങളില്‍ വന്നടിയുന്നതായാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. അബൂദബിയില്‍ ചത്ത ഹോക്സ്ബില്‍ ആമകളില്‍ 80 ശതമാനത്തിലും പ്ലാസ്റ്റിക് കണ്ടെത്തിയതായി പരിസ്ഥിതി ഏജന്‍സി അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.2008 മുതല്‍ നൂറുകണക്കിന് ഒട്ടകങ്ങളുടെ മരണത്തിനും പ്ലാസ്റ്റിക് കാരണമായതായി പഠനം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.