പ്രവൃത്തിദിന മാറ്റത്തിന് ഒരു വർഷം; നേട്ടമുണ്ടാക്കി കമ്പനികൾ
text_fieldsദുബൈ: ഗൾഫ് രാജ്യങ്ങളിൽ ആദ്യമായി വാരാന്ത്യ അവധി വെള്ളിയാഴ്ചയിൽനിന്ന് ഞായറാഴ്ചയിലേക്ക് മാറ്റിയ യു.എ.ഇയുടെ നടപടിക്ക് ഒരുവർഷം. കഴിഞ്ഞ വർഷം ജനുവരി മുതലാണ് തിങ്കൾ മുതൽ വെള്ളി വരെ പ്രവൃത്തിദിനമാക്കിയ നടപടി നടപ്പിലാക്കിയത്. ഷാർജ ഒഴികെയുള്ള എമിറേറ്റുകളിൽ വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനമാക്കിയപ്പോൾ ഷാർജയിൽ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചിരുന്നു. ആദ്യം സർക്കാർ സ്ഥാപനങ്ങളിൽ നടപ്പാക്കിയ പ്രവൃത്തിദിനങ്ങളിലെ മാറ്റം അതിവേഗം സ്വകാര്യ സ്ഥാപനങ്ങളും ഏറ്റെടുത്തു. മറ്റു രാജ്യങ്ങളിലെ ബാങ്കിങ് ഉൾപ്പെടെയുള്ള ഇടപാടുകളും ബിസിനസും ലക്ഷ്യമിട്ടായിരുന്നു അവധി മാറ്റം. ഇത് ബിസിനസ് മേഖലക്ക് ഏറെ ഗുണം ചെയ്തതായാണ് ഒരു വർഷം തികയുമ്പോഴുള്ള ചിത്രം.
വിദേശങ്ങളിലെ കുടുംബവുമായി ജീവനക്കാർക്ക് ഷെഡ്യൂളുകൾ പൊരുത്തപ്പെടുത്താൻ കഴിഞ്ഞതോടെ യു.എ.ഇയിലെ കമ്പനികളിലെ ജീവനക്കാരിൽ സന്തോഷവും ഉൽപാദനക്ഷമതയും വർധിച്ചതായി ചിലർ വിലയിരുത്തുന്നു. പഴയ പ്രവൃത്തിദിന സംവിധാനത്തിൽ നഷ്ടമായിരുന്ന ബിസിനസ് നേടിയെടുക്കാൻ പുതിയ ഷെഡ്യൂൾ വഴി സാധിച്ചതായും പല കമ്പനികളും വിലയിരുത്തുന്നു.
എന്നാൽ, മറ്റു ഗൾഫ് രാജ്യങ്ങൾ പഴയ രൂപത്തിൽതന്നെ മുന്നോട്ടുപോകുന്നതിനാൽ ഞായറാഴ്ചകൂടി ജോലി ചെയ്യേണ്ടിവന്ന സാഹചര്യമുണ്ടെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. മറ്റു ഗൾഫ് രാജ്യങ്ങൾ വെള്ളി, ശനി അവധിദിനങ്ങൾ എന്ന രീതിയാണ് പിന്തുടരുന്നത്. യു.എ.ഇ മാത്രം ഈ രീതിയിലേക്ക് മാറിയത് യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റും ബിസിനസ് ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഗൾഫ് രാജ്യങ്ങളുമായുള്ള ബിസിനസിൽ ചെറിയ പ്രയാസം സൃഷ്ടിക്കുകയും ചെയ്തതതായി ഇത്തരക്കാർ അഭിപ്രായപ്പെടുന്നു.
അതേസമയം, വാരാന്ത്യ അവധികളിലെ മാറ്റം ജീവനക്കാരുടെ കുടുംബജീവിതത്തിന് കൂടുതൽ ഗുണകരമായതായി വിവിധ തലങ്ങളിൽനിന്ന് നേരത്തെതന്നെ അഭിപ്രായമുയർന്നിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ നാട്ടിൽ പോയി കുടുംബത്തോടൊപ്പം പ്രവൃത്തിദിനം നഷ്ടപ്പെടുത്താതെ തിരിച്ചുവരാൻ പലർക്കും ഇപ്പോൾ സാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.