വില കേട്ടാൽ കണ്ണ് നിറയും; ഫിലിപ്പൈൻസിലേക്ക് സവാള ‘കടത്ത്’
text_fieldsദുബൈ: സവാള അരിയുമ്പോൾ മാത്രമല്ല, വില കാണുമ്പോഴും ഫിലിപ്പിനോകളുടെ കണ്ണ് നിറയും. ഫിലിപ്പൈൻകാരുടെ ഭക്ഷണത്തിലെ മുഖ്യ ഇനമായ സവാളയുടെ വില നാട്ടിൽ കുതിച്ചുയർന്നതോടെ യു.എ.ഇയിൽ നിന്ന് വിമാനമാർഗം സവാള ‘കടത്തു’കയാണിവർ. ഇത് വർധിച്ചതോടെ കർശന നിയന്ത്രണങ്ങളുമായി അധികൃതരും രംഗത്തെത്തി.
ഫിലിപ്പൈൻസിൽ ഒരു കിലോ സവാള ലഭിക്കണമെങ്കിൽ 800 ഇന്ത്യൻ രൂപ നൽകണം. യു.എ.ഇയിൽ ഒന്നര ദിർഹം (30 രൂപ) നൽകിയാൽ ഒരു കിലോ സവാള ലഭിക്കും. ഇതോടെ, നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുടെ ബാഗിൽ ചോക്ലേറ്റിനും പെർഫ്യൂമിനുമൊപ്പം സവാളയും ഇടംപിടിച്ചു. മാസങ്ങൾക്കുള്ളിൽ സവാള വില മൂന്നിരട്ടിയാണ് വർധിച്ചത്. ചിക്കൻ, ബീഫ് എന്നിവയേക്കാൾ വില കൂടുതലാണ് സവാളക്ക്. ഉൽപാദനത്തിലെ കുറവും പണപ്പെരുപ്പവുമാണ് വില കുതിച്ചുയരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാധാരണ വിമാനങ്ങളിൽ 30 കിലോ വരെ ലഗേജ് കൊണ്ടുപോകാൻ കഴിയും. 30 കിലോ സവാള നാട്ടിലെത്തിച്ചാൽ വിമാന ടിക്കറ്റിന് മുടക്കിയ തുകയേക്കാൾ കൂടുതൽ പണം കിട്ടും. സ്യൂട്ട്കേസ് നിറയെ സവാളയുമായി വിമാനത്താവളത്തിൽ നിൽക്കുന്ന ഫിലിപ്പിനോകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അതേസമയം, വിമാനത്താവളം വഴി സവാള വ്യാപകമായി കൊണ്ടുപോകുന്നതിനെതിരെ ഫിലിപ്പൈൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സവാള വ്യക്തിപരമായ ആവശ്യങ്ങൾക്ക് മിതമായ അളവിൽ കൊണ്ടുപോകുന്നതിന് കുഴപ്പമില്ല. എന്നാൽ, ലഗേജ് നിറയെ സവാള എത്തിക്കുന്നത് ഇറക്കുമതിയുടെ പരിധിയിൽ വരുമെന്നും യു.എ.ഇയിലെ ഫിലിപ്പൈൻ കോൺസുലേറ്റ് അറിയിച്ചു. ഇങ്ങനെ സവാള കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് പ്ലാൻഡ് ഇൻഡസ്ട്രിയിൽ നിന്ന് പ്ലാൻഡ് ക്വാറൈന്റൻ സർട്ടിഫിക്കറ്റ് വാങ്ങണം. ഇതിന് നടപടിക്രമങ്ങൾ ഏറെയുണ്ട്.
ഉൽപന്നത്തിൽ കീടനാശിനിയോ മറ്റ് വിഷാംശമോ ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമേ ഈ സർട്ടിഫിക്കറ്റ് നൽകൂ. ഈ സർട്ടിഫിക്കറ്റില്ലാതെ സവാള കൂട്ടമായി കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്. ഫിലിപ്പൈനിലേക്ക് നേരിട്ട് സവാള എത്തിക്കാനുള്ള അനുമതി ആറ് രാജ്യങ്ങൾക്കേയുള്ളൂ. ഇന്ത്യ, ചൈന, ആസ്ട്രേലിയ, കൊറിയ, നെതർലാൻഡ്സ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നൊഴികെ നേരിട്ട് സവാള വ്യാപാരത്തിന് അനുമതിയില്ല. യു.എ.ഇയും ഫിലിപ്പൈനും തമ്മിൽ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് കരാറുണ്ടാക്കിയിട്ടില്ല. എന്നാൽ, യു.എ.ഇയിൽ നിന്ന് വാങ്ങിയ ഇന്ത്യൻ സവാളയാണെന്ന് പറഞ്ഞ് ചിലർ വിമാനത്താവളത്തിൽ വാദിക്കുന്നുണ്ട്. ഈ വാദം അധികൃതർ അംഗീകരിക്കാറില്ല. അനുമതിയില്ലാതെ എത്തുന്ന സവാള പിടിച്ചെടുക്കുകയും കൊണ്ടുപോകുന്നവർ നിയമ നടപടിക്ക് വിധേയരാകേണ്ടി വരുകയും ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.