ട്രാഫിക് പൊലീസിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്
text_fieldsദുബൈ: വാഹന ഡ്രൈവർമാരെ ലക്ഷ്യമിട്ട് ട്രാഫിക് പൊലീസിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്. ഗതാഗത നിയമ ലംഘനത്തിന് പിഴ അടക്കണമെന്നാവശ്യപ്പെട്ട് വ്യാജ ഇ-മെയിലുകൾ അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതിനായി ദുബൈ ട്രാഫിക് പൊലീസിന്റെ ഔദ്യോഗിക ലോഗോയും ലേഔട്ടും വ്യാജമായി നിർമിച്ചിരിക്കുകയാണ്.
ഇ-മെയിലിൽ സൂചിപ്പിച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത 24 മണിക്കൂറിനകം പിഴ അടക്കണമെന്നാണ് നിർദേശം. സന്ദേശം ലഭിച്ചയാൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ദുബൈ പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ വെബ്സൈറ്റിലാണ് എത്തിച്ചേരുക. തുടർന്ന് പിഴ അടക്കാനായി ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ എന്റർ ചെയ്യാൻ നിർദേശിക്കും. ആദ്യ സന്ദേശത്തോട് പ്രതികരിച്ചില്ലെങ്കിൽ ഓർമപ്പെടുത്തലായി രണ്ടാമത് മെയിൽ സന്ദേശം വരും.
ഇതിൽ ഏഴുദിവസത്തിനകം പിഴ അടക്കണമെന്നാണ് നിർദേശിക്കുക.എന്നാൽ, ഇത്തരം ഇ-മെയിൽ സന്ദേശങ്ങളോട് പ്രതികരിക്കുന്നതിനുമുമ്പ് അവയുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് ദുബൈ പൊലീസ് ട്വീറ്റ് ചെയ്തു. ഇതോടെ നിരവധി പേരാണ് സമാന മെയിലുകൾ ലഭിച്ചതായി അറിയിച്ച് രംഗത്തെത്തുകയും ചെയ്തത്.
ആശിഷ് റാവൽ എന്ന വ്യക്തി വ്യാജ മെയിലുകളുടെ സ്ക്രീൻ ഷോർട്ടും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. രണ്ട് പിഴത്തുക അടക്കാനാവശ്യപ്പെട്ടായിരുന്നു ഇദ്ദേഹത്തിന് ഇ-മെയിൽ സന്ദേശം ലഭിച്ചത്. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത വ്യക്തിക്കും യു.എ.ഇ നിവാസി അല്ലാത്ത ആൾക്കും സമാനമായ മെയിലുകൾ വന്നിട്ടുണ്ട്.
ഇത്തരം വ്യാജ മെയിലുകൾ ശ്രദ്ധയിൽപ്പെട്ടാൻ ഇ-ക്രൈം പ്ലാറ്റ്ഫോമിൽ റിപ്പോർട്ട് ചെയ്യണമെന്ന് ദുബൈ പൊലീസ് അറിയിച്ചു. ബാങ്ക് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ ഒരു കാരണവശാലും പങ്കുവെക്കരുത്. ഓൺലൈൻ തട്ടിപ്പ് നടത്തുന്നത് രണ്ടര ലക്ഷം മുതൽ പത്തുലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്നും പൊലീസ് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.