ഓണ്‍ലൈന്‍ തട്ടിപ്പ്: നഷ്ടപ്പെട്ട 21 ദശലക്ഷം ദിര്‍ഹം തിരികെ നല്കി പൊലീസ്
text_fieldsഅബൂദബി: ഏഴുമാസത്തിനിടെ ഫോണ്‍, ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെവര്ക്കായി അബൂദബി പൊലീസ് 21 ദശലക്ഷം ദിര്‍ഹം തിരികെ നല്കി. 1740 തട്ടിപ്പുകേസുകളിലൂടെയാണ് ഇത്രയധികം പണം തിരികെ നൽകിയതെന്ന് അബൂദബി പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റിലെ തട്ടിപ്പുവിരുദ്ധ മേധാവി മേജര്‍ മുഹമ്മദ് അല്‍ അര്യാനി പറഞ്ഞു.
സൈബര്‍ ക്രിമിനലുകള്‍ പുതിയതരം തട്ടിപ്പുരീതികളിലൂടെയാണ് ഇരകളെ വീഴ്ത്തുന്നതെന്നും ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ അബൂദബി പൊലീസ് ബാങ്കുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2021 ആഗസ്റ്റില്‍ ആരംഭിച്ച പദ്ധതിയിലൂടെ 80 മുതല്‍ 90 ശതമാനം വരെ തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സാധിച്ചു. തട്ടിപ്പുകളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുകയാണ് ആവശ്യം. ബോധവത്കരണത്തിന്റെ അഭാവം മൂലമാണ് ആഗോളതലത്തില്‍ ഇത്തരം തട്ടിപ്പുകള്‍ വര്‍ധിക്കുന്നതെന്നും മുഹമ്മദ് അല്‍ അര്യാനി പറയുന്നു.
ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ആരോടെങ്കിലും പങ്കുെവച്ചാല് ഉടന്‍ ബാങ്കില്‍ വിവരം അറിയിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് തടയാന്‍ ശ്രമിക്കണം. അമന് സര്‍വിസിലൂടെ അബൂദബി പൊലീസിനെയും വിവരം അറിയിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന രീതിയില്‍ ഫോണ്‍ വിളിച്ച് വിവരങ്ങള്‍ തിരക്കുന്നതാണ് യു.എ.ഇയിലെ തട്ടിപ്പുകളില്‍ കൂടുതലായും നടന്നുവരുന്ന രീതി. അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച ശേഷം ഫോണിലേക്ക് വന്ന ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി.) ചോദിക്കുകയും ഇതു നല്‍കുന്നതോടെ ഇരയുടെ അക്കൗണ്ടില്‍ കിടക്കുന്ന പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയുമാണ് ഉണ്ടാവുന്നത്. ഔദ്യോഗിക വെബ്സൈറ്റുകളുടേതിന് സമാനമായ രീതിയില്‍ സൈറ്റ് നിര്‍മിച്ച് രഹസ്യവിവരങ്ങള്‍ ഉപയോക്താവിനെകൊണ്ട് നല്‍കിപ്പിച്ച് പണം തട്ടുന്നതാണ് മറ്റൊരു രീതി.
തട്ടിപ്പിന് ഇരയാവാതിരിക്കാനുള്ള മുന്‍കരുതൽ:
ഒ.ടി.പി ആരുമായും പങ്കുവയ്ക്കാതിരിക്കുക
അബദ്ധത്തില്‍ ഇത്തരം വിവരം പങ്കുെവച്ചുവെങ്കില് ഉടന്‍ വിവരം ബാങ്ക് അധികൃതരെ അറിയിക്കുക.
അബൂദബി പൊലീസിനെയും ബന്ധപ്പെടണം.
ഇതിനായി അമന് ഹോട്ട്ലൈന്‍ നമ്പറായ 8002626ല്‍ വിളിക്കുകയോ 2828 എന്ന നമ്പരില്‍ എസ്.എം.എസ് അയക്കുകയോ ചെയ്യാം.
അപരിചിതരില്‍നിന്നുള്ള വീഡിയോ കാളുകള്‍ സ്വീകരിക്കാതിരിക്കുക.
സമൂഹ മാധ്യമങ്ങളില്‍ അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കരുത്.
വ്യക്തിഗത വിവരങ്ങൾ, ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ എന്നിവ പങ്കുവെക്കാതിരിക്കുക
ബ്ലാക്ക്മെയിലിന് വഴങ്ങാതിരിക്കുക.
വ്യാജ മത്സരങ്ങളില്‍ ജേതാവായെന്നു ചൂണ്ടിക്കാട്ടി ലഭിക്കുന്ന എസ്.എം.എസുകളിലും ഇ-മെയിലുകളിലും വഞ്ചിതരാവാതിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.