ഫുജൈറയിൽ ഡ്രോൺ രജിസ്ട്രേഷന് ഓൺലൈൻ പ്ലാറ്റ്ഫോം
text_fieldsഫുജൈറ: ഡ്രോണുകളുടെ രജിസ്ട്രേഷനും പെർമിറ്റ് നടപടികളും വേഗത്തിലും ലളിതവുമാക്കുന്നതിനായി ഫുജൈറ എയർ നാവിഗേഷൻ സർവിസസ് പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു. ഉപയോക്താക്കൾക്ക് ഡ്രോൺ രജിസ്ട്രേഷനായുള്ള അപേക്ഷ സമർപ്പിക്കാനും യഥാസമയം പെർമിറ്റ് നേടാനും തടസ്സമില്ലാത്ത സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഫുജൈറയുടെ വ്യോമ മേഖലയിൽ ഡ്രോണുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനായി തുടക്കമിട്ട പ്ലാറ്റ്ഫോം ബിസിനസ് സ്ഥാപനങ്ങളെയും വിവിധ സംഘടനകളെയുമാണ് ലക്ഷ്യമിടുന്നത്.
ഓഫിസ് സന്ദർശനം ഇല്ലാതെ ഉപയോക്താക്കൾക്ക് ഡ്രോണുകളുടെ രജിസ്ട്രേഷനായുള്ള അപേക്ഷ സമർപ്പണം പൂർണമായും ഓൺലൈനായി പൂർത്തീകരിക്കാനും നടപടികൾ ട്രാക്ക് ചെയ്യാനും സാധിക്കും.
വ്യോമയാന സാങ്കേതിക വിദ്യ രംഗത്തെ ധ്രുതഗതിയിലുള്ള മാറ്റങ്ങൾക്കൊപ്പം നൂതനമായ സേവനങ്ങൾ നൽകാനുള്ള ഫുജൈറ എയർ നാവിഗേഷൻ സർവിസസ് അതോറിറ്റിയുടെ പ്രതിബദ്ധതയാണ് പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രതിഫലിക്കുന്നതെന്ന് സി.ഇ.ഒ കരം ജലാൽ അൽ ബൗഷി പറഞ്ഞു.
എമിറേറ്റിൽ ഡ്രോൺ ഉൾപ്പെടെ നൂതന സാങ്കേതിക വിദ്യകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ഒരുക്കിയിട്ടുള്ള വിവിധ സംരംഭങ്ങളുടെ ആദ്യ നടപടിയാണ് പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ദുബൈയിലും അബൂദബിയിലും ഡ്രോൺ ഉപയോക്താക്കൾക്ക് പ്രത്യേക ലൈസൻസും രജിസ്ട്രേഷനും അധികൃതർ ഏർപ്പെടുത്തിയിരുന്നു.
വാണിജ്യാടിസ്ഥാനത്തിൽ ചരക്ക് നീക്കത്തിനായി പല കമ്പനികളും ഡ്രോണുകൾ ഉപയോഗിച്ച് വരുന്നുണ്ട്. ദുബൈ സിലിക്കൺ ഒയാസിസിൽ ഡ്രോൺ ഉപയോഗിച്ച് മരുന്നുകളും മറ്റ് വസ്തുക്കളും എത്തിക്കുന്നതിനുള്ള സംരംഭങ്ങളും ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.