ദുബൈയിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ആരംഭിച്ചു
text_fieldsദുബൈ: മെഡിക്കൽ വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും തുടർവിദ്യാഭ്യാസം ഉറപ്പുവരുത്താൻ ദുബൈ ഹെൽത്ത് അതോറിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ആരംഭിച്ചു. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന സാങ്കേതിക വാരാഘോഷമായ ജൈടെക്സ് പ്രദർശന നഗരിയിലാണ് ഓൺലൈൻ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചത്. ഡാർബ് എന്ന പേരിൽ ആരംഭിച്ച ഓൺലൈൻ പ്ലാറ്റ്ഫോം ഹെൽത്ത് കെയർ പ്രഫഷനലുകൾക്ക് ഡിജിറ്റൽ മെഡിക്കൽ പഠന വിഭവങ്ങളും പിന്തുണയും ഉറപ്പുവരുത്തും.
ആദ്യത്തെ ഓൺലൈൻ പ്രോഗ്രാം സംവേദനാത്മകമാണെന്നും റെസിഡൻറ് ഡോക്ടർമാർക്ക് അക്കാദമിക് പിന്തുണ നൽകുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഇൻസ്ട്രക്ടർമാരുമായും പ്രോഗ്രാം ഡയറക്ടർമാരുമായും ആശയവിനിമയം നടത്താനും ചോദ്യങ്ങൾ ഉന്നയിക്കാനും കഴിയുമെന്നും ദുബൈ ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.പ്ലാറ്റ്‌ഫോമിൽ യു.എ.ഇയിലെ എല്ലാ ആരോഗ്യ സംരക്ഷണദാതാക്കൾക്കും ലോഗിൻ ചെയ്ത് സംവേദനാത്മക പഠന സമ്പ്രദായത്തിൽനിന്ന് പ്രയോജനം നേടാൻ കഴിയും. ദുബൈയിൽ നടത്തുന്ന നിരവധി അംഗീകൃത പരിശീലന പരിപാടികളിലും പങ്കെടുക്കാം.നിലവിലുള്ള മെഡിക്കൽ വിദ്യാഭ്യാസരീതി പ്രയോജനപ്രദമാണ്. എങ്കിലും മെഡിക്കൽ വിദ്യാർഥികൾക്കും തുടർവിദ്യാഭ്യാസത്തിൽ താൽപര്യമുള്ള പരിശീലകർക്കും ഡിജിറ്റൽ പഠനവേദി സഹായമായി മാറുമെന്ന് ഡി.എച്ച്.എയിലെ മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ വകുപ്പ് ഡയറക്ടർ ഡോ. വാഡിയ മുഹമ്മദ് ഷരീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.