എമിറേറ്റ്സ് ഐ.ഡി വിവരങ്ങൾ ഇനി ഓണ്‍ലൈനായി തിരുത്താം
text_fieldsഅബൂദബി: എമിറേറ്റ്സ് ഐ.ഡിയിലെ വ്യക്തിവിവരങ്ങളിലെ മാറ്റങ്ങള്‍ ഓണ്‍ലൈനായി വരുത്താന്‍ സൗകര്യവുമായി ഫെഡറല്‍, സിറ്റിസന്‍ഷിപ് അതോറിറ്റി. അതോറിറ്റിയുടെ വെബ്സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തി താമസവിവരങ്ങൾ മാറ്റിനല്‍കാം. വ്യക്തിവിവരങ്ങളിലെ തെറ്റുകള്‍ തിരുത്തുന്നതിനും പ്രഫഷനല്‍ മാറ്റങ്ങള്‍ ചേര്‍ക്കുന്നതിനും പാസ്പോര്‍ട്ട് വിവരങ്ങളിലെ മാറ്റങ്ങള്‍ക്കും പുതിയ പൗരത്വം ലഭിച്ചാല്‍ അക്കാര്യം ചേര്‍ക്കുന്നതിനും ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്താം. ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനായി പ്രത്യേക സര്‍വിസ് ഫീസ് ഇടാക്കും.
കസ്റ്റമര്‍ ഹാപിനസ് സെന്ററുകള്‍ മുഖേനയും അതോറിറ്റിയുടെ അംഗീകാരമുള്ള ടൈപ്പിങ് ഓഫിസുകള്‍ മുഖേനയും സേവനം പ്രയോജനപ്പെടുത്താം. കളര്‍ഫോട്ടോ, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, സ്പോണ്‍സറുടെ ഒപ്പോടുകൂടിയ അപേക്ഷ, എമിറേറ്റ്സ് ഐ.ഡി കാര്‍ഡിന്റെ ഇരുവശങ്ങളുടെയും പകര്‍പ്പ് എന്നിവയാണ് മാറ്റം വരുത്തുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമായുള്ള രേഖകള്‍.
200 ദിര്‍ഹമാണ് അപേക്ഷാഫീസ്. സ്മാര്‍ട്ട് സര്‍വിസിനുള്ള ഫീസായ 100 ദിര്‍ഹവും ഇ-സര്‍വിസിനുള്ള 50 ദിര്‍ഹവും ഫെഡറല്‍ അതോറിറ്റിയുടെ ഫീസായ 50 ദിര്‍ഹവും ഉള്‍പ്പെടെയാണ് ഈ തുക. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടും.
ഒരേകാരണംകൊണ്ട് അപേക്ഷ മൂന്നു തവണ നിരസിച്ചിട്ടുണ്ടെങ്കിലും അപേക്ഷ വീണ്ടും തള്ളപ്പെടും. അപേക്ഷ നിരസിക്കപ്പെട്ടാല്‍ ഇഷ്യൂ ഫീസ് മാത്രമേ റീഫണ്ട് ചെയ്യുകയുള്ളൂ. അപേക്ഷ സമര്‍പ്പിച്ച് ആറുമാസത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേനയോ അല്ലെങ്കില്‍ അഞ്ചുവര്‍ഷ കാലാവധിക്കുള്ളിലായി രാജ്യത്തെ ബാങ്ക് ട്രാന്‍സ്ഫര്‍ മുഖേനയോ ചെക്ക് മുഖേനയോ ആയിരിക്കും ഇഷ്യൂ ഫീസ് റീഫണ്ട് ചെയ്യുകയെന്ന് അധികൃതര്‍ അറിയിച്ചു.
മുന്‍കൂട്ടി അറിയിക്കാതെ ഈ നിയമം മാറ്റം വരുത്താവുന്നതാണെന്നും അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.